2022 May 21 Saturday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

വികസനം, കാരുണ്യം = ശൈഖ് ഖലീഫ ബിൻ സായിദ്

ദുബൈ
വികസനം, മാനവികത, കാരുണ്യം… മൂന്നു പദങ്ങളും ജീവിതത്തോട് ചേർത്തുവായിക്കാൻ സാധിക്കുന്ന ഭരണാധികാരി. ഒരേസമയം പരിസ്ഥിതിക്കും തലമുറകൾക്കും ദോഷം ചെയ്യാത്ത തരത്തിലുള്ള വികസനം, ഒപ്പം ദരിദ്രരുടെയും പീഡിതരുടെയും കണ്ണീരൊപ്പുക… ഇതായിരുന്നു ഒറ്റവാചകത്തിൽ ശൈഖ് ഖലീഫ ബിൻ സായിദ് ബിൻ അൽ നഹ്‌യാൻ. എഴുപതോളം രാജ്യങ്ങളിലെ ദരിദ്രജനവിഭാഗത്തിന് യു.എ.ഇ ഇപ്പോഴും ഒരു കൈത്താങ്ങാണ്. വികസനത്തിന്റെ പേരിൽ ജനങ്ങളെ മറക്കുന്ന പതിവ് ഭരണാധികാരികളിൽനിന്നും വ്യത്യസ്തനായിനിന്നു അദ്ദേഹം.

ശൈഖ് ഖലീഫ ബിൻ സായിദിന്റെ ഉറവവറ്റാത്ത നന്മ കേരളം ഉൾപ്പെടെ അനുഭവിച്ചറിഞ്ഞു. മലയാളികളടക്കമുള്ള പ്രവാസി സമൂഹത്തെ എന്നും ചേർത്തുപിടിച്ചു.

ഇതുതന്നെയാണ് അദ്ദേഹത്തെ വേറിട്ടുനിർത്തുന്നതും. കാലാവസ്ഥയും ശുദ്ധജലവുമെല്ലാം വെല്ലുവിളിയായ വരണ്ടുകിടന്ന ഒരു പ്രദേശത്തെ സുസ്ഥിരമായ അവസ്ഥയിലേക്ക് നയിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. പ്രകൃതിവിഭവശേഷി കുറഞ്ഞ ഒരു പ്രദേശത്ത് അസൂയാവഹമായ നേട്ടം സാധ്യമാക്കി. ശാസ്ത്ര, സാങ്കേതിക, സാമ്പത്തിക, കാർഷിക, ടൂറിസം രംഗങ്ങളിൽ രാജ്യമിന്ന് ലോകത്തിന്റെ മുൻനിരയിൽ എത്തിനിൽക്കുന്നത് ശൈഖ് ഖലീഫയുടെ ദീർഘവീക്ഷണംകൊണ്ട് മാത്രമാണ്.

അന്താരാഷ്ട്ര സന്ദർശനങ്ങൾ നടത്തിയും ലോകനേതാക്കൾക്ക് യു.എ.ഇയിൽ ആതിഥ്യമരുളിയും രാഷ്ട്രവികസനത്തിന്റെ പുതിയ അധ്യായം അദ്ദേഹം തുറന്നു. അറബ് വൃത്തത്തിനു പുറത്തെ ഏഷ്യൻ, യൂറോപ്യൻ, ആഫ്രിക്കൻ രാജ്യങ്ങളുമായും അടുത്ത ബന്ധമുണ്ടാക്കി.
വിവിധ മേഖലകളിലെ മികവിന് അംഗീകാരങ്ങൾ ലഭ്യമാക്കുകവഴി കൂടുതൽ പ്രതിഭകളെ വാർത്തെടുക്കാൻ കഴിയുമെന്ന ആശയത്തിൽ അദ്ദേഹം ഉറച്ചുനിന്നു. ശൈഖ് ഖലീഫ അവാർഡും ഗോൾഡൻ വിസയും എല്ലാം ഈ ആശയത്തിന്റെ ബാക്കിയാണ്. വായനാവർഷവും ദാനവർഷവും സഹിഷ്ണുതാവർഷവുമെല്ലാം കൃത്യമായി നടപ്പാക്കി യു.എ.ഇയെ ലോകത്തിനു മുന്നിൽ ശ്രദ്ധേയമാക്കിയാണ് അദ്ദേഹം വിടവാങ്ങിയത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News