സ്വന്തം ലേഖകന്‍
തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത ദലിത് സഹോദരിമാര്‍ വാളയാറില്‍ പീഡനത്തിനിരയാകുകയും ദുരൂഹസാഹചര്യത്തില്‍ മരിക്കുകയും ചെയ്ത കേസ് അന്വേഷിക്കാന്‍ സി.ബി.ഐ വരുന്നു.
കേസ് സി.ബി.ഐക്ക് വിടാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. കേസ് സി.ബി.ഐക്ക് വിടണമെന്ന് മരിച്ച പെണ്‍കുട്ടികളുടെ മാതാവ് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. ഇതില്‍ സര്‍ക്കാര്‍ പ്രോസിക്യൂഷന്‍ ഡയരക്ടര്‍ ജനറലിന്റെ നിയമോപദേശം തേടിയിരുന്നു.
നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ വിജ്ഞാപനം ഇറക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കുകയായിരുന്നു. അന്വേഷണം മുതല്‍ വിചാരണ വരെ സര്‍ക്കാര്‍ ഏറെ പഴികേട്ട കേസാണ് ഒടുവില്‍ സി.ബി.ഐക്ക് വിടാന്‍ തീരുമാനമായിരിക്കുന്നത്. മൂന്നു പ്രതികളെ വിട്ടയച്ച പാലക്കാട് പോക്‌സോ കോടതി വിധി റദ്ദാക്കി പുനര്‍വിചാരണ നടത്താന്‍ ഹൈക്കോടതി കഴിഞ്ഞദിവസം ഉത്തരവിട്ടിരുന്നു. അന്വേഷണസംഘത്തിനെതിരേയും വിചാരണക്കോടതിക്കെതിരേയും രൂക്ഷ വിമര്‍ശനം നടത്തിയാണ് പ്രതികളെ വെറുതേവിട്ട കോടതി ഉത്തരവ് ഹൈക്കോടതി റദ്ദാക്കിയത്. ഉത്തരവില്‍ പൊലിസിനെതിരേ രൂക്ഷ വിമര്‍ശനമായിരുന്നു ഹൈക്കോടതി നടത്തിയത്.
വാളയാര്‍ മുന്‍ എസ്.ഐ പൊലിസ് സേനയ്ക്ക് നാണക്കേടാണെന്ന് വ്യക്തമാക്കിയ ഹൈക്കോടതി പോക്‌സോ കേസുകള്‍ കൈകാര്യംചെയ്യാന്‍ ഉദ്യോഗസ്ഥര്‍ക്ക് കൃത്യമായ പരിശിലനം നല്‍കണമെന്ന് സര്‍ക്കാരിന് നിര്‍ദേശവും നല്‍കിയിരുന്നു.
ആദ്യം പതിമൂന്നുകാരി ചേച്ചിയും രണ്ടുമാസത്തിനുശേഷം ഒന്‍പതുകാരി അനിയത്തിയുമാണ് മരിച്ചത്. ദുരൂഹസാഹചര്യത്തില്‍ മൂത്ത സഹോദരിയെ മരിച്ചനിലയില്‍ കണ്ടെത്തിയത് 2017 ജനുവരി 13നാണ്. പതിമൂന്നുകാരിയായ മൂത്തസഹോദരിയെ അട്ടപ്പള്ളത്ത് കുടുംബം താമസിക്കുന്ന ഷെഡിലാണ് തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തുന്നത്. മൂത്ത സഹോദരിയുടെ മരണം നടന്ന് മൂന്നുമാസം തികയുമ്പോഴേക്കും രണ്ടാമത്തെയാളും അതേവഴിയില്‍ നീങ്ങി. 2017 മാര്‍ച്ച് നാലിനാണ് നാലാം ക്ലാസുകാരിയായ രണ്ടാമത്തെ പെണ്‍കുട്ടിയെ ഇതേ ഷെഡില്‍ സമാന സാഹചര്യത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മൂത്തകുട്ടിയുടെ മരണത്തിലെ ഏക സാക്ഷികൂടിയായിരുന്നു രണ്ടാമത്തെ പെണ്‍കുട്ടി. ഇതോടെയാണ് മരണത്തിലെ അസ്വാഭാവികത ചൂണ്ടിക്കാട്ടി മാതാപിതാക്കളും പിന്നാലെ വിവിധ സംഘടനകളും രാഷ്ട്രിയപാര്‍ട്ടികളും രംഗത്തെത്തിയത്. പ്രതിഷേധം ശക്തമായതോടെ എ.എസ്.പി ജി. പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചു. ദുരൂഹമരണം ചര്‍ച്ചയായതോടെ മനുഷ്യാവകാശ കമ്മിഷനും കേസെടുത്തു.
കേസില്‍ പ്രായപൂര്‍ത്തിയാവാത്ത ഒരാളടക്കം അഞ്ചുപേരായിരുന്നു പ്രതികള്‍. പാമ്പാംപള്ളം കല്ലങ്കാട് വി. മധു, ഇടുക്കി രാജാക്കാട്ട് നാലു തെക്കന്‍വീട്ടില്‍ ഷിബു, എം. മധു, ആലപ്പുഴ ചേര്‍ത്തല സ്വദേശി പ്രദീപ്കുമാര്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇതില്‍ പ്രദീപ് കുമാര്‍ പിന്നീട് ആത്മഹത്യ ചെയ്തിരുന്നു.
Comments are closed for this post.