
പ്രത്യേക ലേഖകൻ
തിരുവനന്തപുരം
വായ്പയെടുക്കുന്നത് തടഞ്ഞ കേന്ദ്ര നടപടിക്കെതിരേ സംയുക്ത നീക്കത്തിന് കേരളം. സമാനമായ അവസ്ഥ നേരിടുന്ന 23 സംസ്ഥാനങ്ങളിൽ സഹകരിക്കാൻ തയാറുള്ള സർക്കാരുകളെ കൂട്ടുപിടിക്കാനാണ് നീക്കം. കേന്ദ്രത്തിന് എതിരായതിനാൽ ബി.ജെ.പി ഇതര സർക്കാരുകളുടെ പിന്തുണ കേരളത്തിന് ലഭിച്ചേക്കും.
ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗത്തിൽ ധനമന്ത്രി കെ.എൻ ബാലഗോപാൽ വിഷയം അവതരിപ്പിച്ചു. തുടർന്നാണ് മറ്റു സംസ്ഥാനങ്ങളുമായി ചേർന്ന് കേന്ദ്രത്തിനെതിരേ പ്രതിരോധം തീർക്കാർ തീരുമാനിച്ചത്.
കഴിഞ്ഞ മാസം 1,000 കോടിയും ഈ മാസം 3,000 കോടിയുമാണ് വായ്പയെടുക്കാൻ ശ്രമിച്ചത്. കേരളത്തിന് മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ 3.5 ശതമാനം വായ്പയെടുക്കാം. അതായത് 32,425 കോടി രൂപ. മൊത്തം കടബാധ്യത 3,02,620 കോടി രൂപയാണ്. എടുത്ത കടങ്ങളുടെ കണക്കിലെ പൊരുത്തക്കേടുകൾ പരിഹരിച്ചിട്ടാകാം പുതിയ കടം എന്നതാണ് കേന്ദ്രത്തിന്റെ നിലപാട്. കൊവിഡ് കാലത്ത് വാങ്ങിയ കടവും കിഫ്ബിയിലൂടെ വാങ്ങിയതും ട്രഷറിയിലെ വാർഷിക നീക്കിയിരുപ്പ് മാറ്റിയതും തമ്മിൽ പൊരുത്തപ്പെടുന്നില്ലത്രേ. ശമ്പളം, പെൻഷൻ എന്നിവയ്ക്കായി ജൂൺ ആദ്യം സംസ്ഥാനത്തിന് വേണ്ടത് 4,500 കോടി രൂപയാണ്. വായ്പയെടുക്കുന്ന തുക, റവന്യൂ കമ്മി പരിഹരിക്കുന്നതിന് കേന്ദ്രം നൽകുന്ന തുക, നികുതി വരുമാനം എന്നിവയെ ആശ്രയിച്ചാണ് കേരളം മുന്നോട്ടുപോകുന്നത്. ജൂലൈ മുതൽ കേന്ദ്രത്തിൽ നിന്ന് ജി.എസ്.ടി നഷ്ടപരിഹാരം കിട്ടാതെയാകും. വായ്പയെടുക്കുന്നത് കൂടി മുടങ്ങിയാൽ ഈ സാമ്പത്തികവർഷത്തിന്റെ ആദ്യം തന്നെ സംസ്ഥാനത്തിന്റെ സാമ്പത്തികനിലയിൽ കാര്യമായ പ്രതിസന്ധിയുണ്ടാകും.
പൊതുമേഖലാ സ്ഥാപനങ്ങളോ കിഫ്ബിയോ എടുക്കുന്ന വായ്പകളെ സംസ്ഥാന സർക്കാരുകളുടെ വായ്പാ പരിധിയിൽ ഉൾപ്പെടുത്താൻ പാടില്ലെന്നാണ് കേരളത്തിന്റെ നിലപാട്. വായ്പ തടഞ്ഞ് കേന്ദ്രം ഉന്നയിച്ച ചോദ്യങ്ങൾക്ക് കേരളം ഇതിനകം മറുപടി നൽകിയിട്ടുണ്ട്. പ്രശ്നം രണ്ടാഴ്ചയ്ക്കുള്ളിൽ പരിഹരിക്കാമെന്ന പ്രതീക്ഷയിലാണ് ശമ്പളവും പെൻഷനും മുടങ്ങില്ലെന്ന് മന്ത്രി ഉറപ്പിച്ച് പറയുന്നത്.