
തിരുവനന്തപുരം: വാണിജ്യനികുതി കുടിശ്ശിക ഈടാക്കാന്‍ ശക്തമായ നടപടി സ്വീകരിക്കാത്തതിനെ തുടര്‍ന്ന് സംസ്ഥാന ഖജനാവിന് നഷ്ടമായത് 744.99 കോടി രൂപ. കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ 2016 ലെ റിപ്പോര്‍ട്ട് പ്രകാരമാണിത്. ഓണ്‍ലൈന്‍ വ്യാപാരികളില്‍ നിന്ന് നികുതി ഈടാക്കാത്തതിനാല്‍ മാത്രം 174 കോടി രൂപയുടെ നഷ്ടം സംഭവിച്ചു. അടുത്ത കാലത്ത് ഏറെ വളര്‍ന്ന ഓണ്‍ലൈന്‍ വ്യാപാരശൃംഖലകളെ നികുതി സംവിധാനത്തില്‍ ഉള്‍പ്പെടുത്താന്‍ പോലും കഴിയാത്തത് ഗുരുതരമായ വീഴ്ചയായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
നികുതി പിരിവില്‍ വേണ്ട വിവരങ്ങള്‍ ക്രോഡീകരിക്കാത്തതിനാല്‍ 128 കോടിയും വകുപ്പുകള്‍ തമ്മില്‍ ഏകോപനമില്ലാത്തതിനാല്‍ 117 കോടിയും നഷ്ടം വന്നുവെന്ന് സി.എ.ജി റിപ്പോര്‍ട്ടില്‍ പറയുന്നു. നികുതി അടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍ പ്രതിമാസം ഒരു ശതമാനം പലിശ കണക്കാക്കണം. ഇതു കൂടാതെ നികുതി നിരക്കിന്റെ ഇരട്ടി പിഴയായും ഈടാക്കണം. നികുതി പിരിവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ഇതില്‍ അലംഭാവം കാട്ടിയതിനാലാണ് ഖജനാവിന് 744 കോടിയുടെ നഷ്ടമുണ്ടായത്. നികുതി പിരിവില്‍ ഏറെ വീഴ്ച വന്നത് എറണാകുളം സര്‍ക്കിളിലാണ്.
രജിസ്ട്രേഷന് നടത്തി ഭൂരിഭാഗം വ്യാപാരികളേയും നികുതി സംവിധാനത്തിന് കീഴില്‍ കൊണ്ടുവരുന്നതില്‍ പരാജയപ്പെട്ടു. ഏകദേശം 13.41 ലക്ഷം സ്ഥിരമായ വ്യാപാര സ്ഥാപനങ്ങള്‍ സംസ്ഥാനത്തുണ്ട്. എന്നാല്‍ 2013-2014 ല്‍ 2.20 ലക്ഷം വ്യാപാരികള്‍ മാത്രമേ സംസ്ഥാനത്ത് മൂല്യവര്‍ദ്ധിത നികുതി രജിസ്ട്രേഷന് നടത്തിയിട്ടുള്ളൂ. രജിസ്റ്റര്‍ ചെയ്യാത്ത വ്യാപാരികളില്‍ നിന്ന് പിഴയും പലിശയുമുള്‍പ്പെടെ 200.94 കോടി രൂപയുടെ നികുതി ഈടാക്കാനായില്ലെന്ന് പരിശോധനയില്‍ വെളിപ്പെട്ടു.
വിവിധ ചെക്ക് പോസ്റ്റുകള്‍ വഴി അയയ്ക്കുന്ന സാധനങ്ങളുടെ അന്തര്‍ സംസ്ഥാന വിനിമയം സംബന്ധിച്ച രേഖകള്‍ പരിശോധിച്ചതില്‍ 156.82 കോടി രൂപയുടെ സാധനങ്ങള്‍ രജിസ്ട്രേഷനില്ലാതെ സംസ്ഥാനത്തിന് പുറത്തേയ്ക്ക് പോയതായി കണ്ടെത്തി. 140 വ്യാപാരികളാണ് ഇത്തരത്തില്‍ നിയമലംഘനം നടത്തിയത്. ഇവരെ കണ്ടെത്തി രജിസ്ട്രേഷന് ചെയ്യിക്കാനോ നികുതിയും പിഴയും ഈടാക്കാനോ കഴിഞ്ഞില്ല. ഇതിലൂടെ 26.61 കോടിയുടെ നഷ്ടം സംഭവിച്ചു.
നികുതി കണക്കാക്കുന്നതും പിരിക്കുന്നതുമായി ബന്ധപ്പെട്ട പ്രധാന രജിസ്റ്ററുകള്‍, സൂക്ഷ്മപരിശോധനാ രജിസ്റ്റര്‍,നികുതി നിര്‍ണയ രജിസ്റ്റര്‍,ഓഡിറ്റ് സന്ദര്‍ശന രജിസ്റ്റര്‍,നോട്ടീസ് നല്കിയ രജിസ്റ്റര്‍, തീര്‍ച്ചപ്പെടുത്താത്ത ഹരജി രജിസ്റ്റര്‍ തുടങ്ങിയവ ബന്ധപ്പെട്ട ഓഫിസുകളില്‍ സൂക്ഷിക്കുന്നില്ലെന്ന് പരിശോധനയില്‍ കണ്ടെത്തി. നികുതി പിരിവിന്റെ സുതാര്യതയേയും കാര്യക്ഷമമതയേയും ഇത ദോഷകരമായി ബാധിച്ചതായി സി.എ.ജി റിപ്പോര്‍ട്ടില്‍ പറയുന്നു.