2021 December 05 Sunday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

വാക്കേറ്‌

പുരോഗമന ശക്തികള്‍ക്ക് ശരിയായ രാമനെ സൃഷ്ടിക്കാന്‍ കഴിയാത്തതിനാല്‍ പള്ളി പൊളിക്കുന്ന രാമനാണ് ഇന്നുള്ളത്. പാകിസ്താന് കൊടുക്കേണ്ട 55 കോടി കൊടുക്കണമെന്ന് പറയുന്ന രാമനാണ് ഗാന്ധിജിയുടെ രാമന്‍. എല്ലാം ഉള്‍കൊള്ളുന്ന ഗാന്ധിജിയുടെ പാരമ്പര്യത്തെ വിപ്ലവവത്കരിച്ച് മുന്നോട്ടുപോകാന്‍ കോണ്‍ഗ്രസുകാര്‍ ഉള്‍പ്പെടെ പലര്‍ക്കും സാധിച്ചില്ല.
കെ.പി രാമനുണ്ണി

നരേന്ദ്ര മോദിയില്‍ നന്മ കണ്ടെത്താന്‍ ശ്രമിക്കുന്നത് വൈകൃതമാണ്. കേടായ ക്ലോക്ക് രണ്ട് നേരം ശരിയായ സമയം കാണിക്കും. ഇത് കണ്ട് ക്ലോക്കിന് തകരാറില്ലെന്ന് ആരും പറയില്ല. ഇതിന് സമാനമാണ് മോദിയുടെ കാര്യവും. ചില പ്രമുഖര്‍ തന്നെ മോദിയെ മഹത്വവത്കരിക്കാന്‍ ഇറങ്ങിയിരിക്കുകയാണ്. ഫാസിസത്തിന്റെ പ്രകടമായ എല്ലാ വൈകൃതങ്ങളും പേറുന്ന ഭരണത്തിനെതിരേ പ്രതികരിക്കുകയും ശബ്ദമുയര്‍ത്തുകയും ചെയ്യേണ്ട സമയത്താണിത്.
ഇ.ടി മുഹമ്മദ് ബഷീര്‍

ജനങ്ങളുടെ അവകാശങ്ങളുറപ്പാക്കാമെന്ന ആഗ്രഹത്തോടെയാണ് സിവില്‍ സര്‍വിസ് തിരഞ്ഞെടുത്തത്. അത് എന്നെക്കൊണ്ട് ചെയ്യാന്‍ കഴിയുന്നില്ലെന്ന് വ്യക്തമായി. ഇത്തരമൊരു അനീതി നടക്കുമ്പോള്‍ നിങ്ങളെന്ത് ചെയ്തുവെന്ന് ചോദിക്കുമ്പോള്‍, ലീവെടുത്ത് വിദേശത്ത് ഉപരി പഠനത്തിന് പോയിരിക്കുകയായിരുന്നു എന്നു പറയാന്‍ താല്‍പര്യമില്ല. അതുകൊണ്ടാണ് രാജി.
കണ്ണന്‍ ഗോപിനാഥന്‍

വൈരുധ്യങ്ങള്‍ നിറഞ്ഞതാണ് സുനന്ദയുടെ ജീവിതം. അവര്‍ സ്‌നേഹവും വിനയവും ദയാശീലവുമുള്ള സ്ത്രീയായിരുന്നു. ഒപ്പം ക്ഷിപ്രകോപിയും ക്രൂരമായി പെരുമാറുന്നവളും. ശശിതരൂരിന്റെ കാര്യത്തില്‍ അവര്‍ ഉള്ളിലുള്ളത് അതുപോലെ പ്രകടിപ്പിച്ചുവെന്നാണ് ഞാന്‍ കരുതുന്നത്. ഒരു സ്ത്രീ എത്ര പുരോഗമന ചിന്താഗതിക്കാരിയായിരുന്നാലും സ്വന്തം ഭര്‍ത്താവിന് മറ്റു സ്ത്രീകളോടുള്ള അടുപ്പം കണ്ടില്ലെന്ന് നടിക്കുമെന്ന് തോന്നുന്നില്ല.ഭര്‍ത്താവ് ലോകം അറിയപ്പെടുന്ന ആളാണെങ്കില്‍ അനുഭവിക്കേണ്ടിവരുന്ന അരക്ഷിതാവസ്ഥയുടെ ആഴം കൂടും. എല്ലാവരെയും പോലെ സുനന്ദയും ഒരു മനുഷ്യസ്ത്രീയാണ്.
സുനന്ദ മേത്ത
(സുനന്ദ പുഷ്‌കറിന്റെ ജീവചരിത്രകാരി)

കേരളത്തിലെ കലാലയ രാഷ്ട്രീയം കലുഷിതമായിട്ടുണ്ടെങ്കില്‍ അതിനുകാരണം ഇവിടത്തെ കലാലയ അന്തരീക്ഷം തന്നെയാണ്. കലാലയങ്ങളില്‍ പൊതുവായി നടക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ഒന്നുമാത്രമാണ് കലാലയ രാഷ്ട്രീയം. അതുമാത്രമായി മോശമാകുന്നുവെന്ന് പറയാനാകില്ല. കലാലയങ്ങളിലെ അക്കാദമിക പ്രവര്‍ത്തനങ്ങള്‍ നല്ല രീതിയില്‍ നടന്നാല്‍ അവിടത്തെ കലാലയ രാഷ്ട്രീയവും നന്നാകും.
കെ.ജയകുമാര്‍


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.