2022 May 29 Sunday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

Editorial

വാക്കുകളില്‍ പ്രധാനമന്ത്രി മിതത്വം പാലിക്കണം


മുന്‍ പ്രധാനമന്ത്രി എ.ബി വാജ്‌പേയില്‍നിന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയിലേക്കുള്ള ദൂരം ദിവസംകഴിയുംതോറും കൂടിവരികയാണ്. രണ്ടുപേരും ഒരേ പ്രസ്ഥാനത്തിന്റെ വക്താക്കളായിരുന്നിട്ടുപോലും അവര്‍ തമ്മിലുള്ള അന്തരം വാക്കുകള്‍ കൊണ്ടും ശരീരഭാഷകള്‍ കൊണ്ടും ഏറെ പ്രകടമായിക്കൊണ്ടിരിക്കുന്നു. പ്രതിയോഗികള്‍ ആവേശത്തോടെ കേട്ടതായിരുന്നു വാജ്‌പേയുടെ വാക്കുകളെങ്കില്‍ അനുയായികളെപ്പോലും അകറ്റിക്കൊണ്ടിരിക്കുന്നതാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാക്കുകളും ശരീരഭാഷയും.

എപ്പോഴും പ്രധാനമന്ത്രിസ്ഥാനത്തിന് ചേരാത്ത വാക്കുകളാണ് നരേന്ദ്രമോദിയില്‍നിന്നു വരുന്നത്. മഹത്തായ ഒരു പാരമ്പര്യവും മൂല്യങ്ങളുടെ ശേഷിപ്പുകളും അവകാശപ്പെടുന്ന ഒരു രാജ്യത്തിന്റെ പ്രധാനമന്ത്രിയില്‍നിന്നു ജനം പ്രതീക്ഷിക്കുന്നത് പക്വതയാര്‍ന്ന പെരുമാറ്റവും വാക്കുകളുമാണ്. മറ്റുള്ളവരെ പരിഹസിച്ച് മുറിവേല്‍പ്പിക്കുന്നത് പ്രധാനമന്ത്രിക്ക് ചേരുന്നതല്ല. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങിനെ കുറിച്ച് കഴിഞ്ഞദിവസം അദ്ദേഹം പാര്‍ലമെന്റില്‍ നടത്തിയ മഴക്കോട്ടു പരാമര്‍ശം തീര്‍ത്തും അനുചിതമായിപ്പോയി. ഈ പദപ്രയോഗം ഇതിനകം തന്നെ ഒട്ടേറെ വിവാദങ്ങള്‍ക്കിടവരുത്തുകയും ചെയ്തു. മഴക്കോട്ടു ധരിച്ച് കുളിമുറിയില്‍ കുളിക്കുന്നയാള്‍ എന്ന് മന്‍മോഹന്‍സിങിനെ വിശേഷിപ്പിച്ചതിലൂടെ തന്റെ ചുറ്റിനുമുള്ളവര്‍ അഴിമതിയില്‍ മുങ്ങിക്കുളിക്കുമ്പോള്‍ താന്‍ മഴക്കോട്ടു പ്രതിരോധം തീര്‍ത്ത് അനങ്ങാതിരിക്കുകയായിരുന്നുവെന്ന പരോക്ഷപരിഹാസമാണതില്‍ അടങ്ങിയിരിക്കുന്നത്.

ഇത്തരമൊരു സന്ദര്‍ഭം എ.ബി വാജ്‌പേയ്ക്കായിരുന്നു കിട്ടിയിരുന്നതെങ്കില്‍ ആര്‍ക്കും അലോസരമുണ്ടാക്കാത്തവിധം മനോഹരമായ കവിതാശൈലിയില്‍ അദ്ദേഹം അവതരിപ്പിക്കുമായിരുന്നു. അതാണ് പ്രതിഭാവിലാസം. ഇതുമാത്രമല്ല പ്രധാനമന്ത്രിയുടെ നാവില്‍നിന്ന് എതിരാളികള്‍ക്ക് നേരെ മോശം പരാമര്‍ശങ്ങളും പരിഹാസങ്ങളും ഉണ്ടാകുന്നത്. നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ രാജ്യത്തെ പ്രമുഖ വ്യവസായസ്ഥാപനങ്ങളായ സഹാറ, ബിര്‍ള ഗ്രൂപ്പുകളില്‍നിന്നു കോടികള്‍ കൈപ്പറ്റിയെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി ആരോപിച്ചപ്പോള്‍ മറുപടി പറയാതെ രാഹുല്‍ഗാന്ധി പ്രസംഗിക്കുവാന്‍ പഠിച്ചുവെന്നാക്ഷേപിക്കുകയായിരുന്നു പ്രധാനമന്ത്രി. പരിഹാസ വാക്കുകള്‍ കേട്ടു ശ്രോതാക്കള്‍ ചിരിച്ചേക്കാം. അതുകൊണ്ട് യാഥാര്‍ഥ്യം ഇല്ലാതാകുന്നില്ല. രാഹുല്‍ഗാന്ധിയുടെ ആരോപണങ്ങള്‍ക്ക് ഇതുവരെ വ്യക്തമായ മറുപടി പ്രധാനമന്ത്രിയില്‍ നിന്നുണ്ടായിട്ടില്ല. രാഹുല്‍ഗാന്ധിയുടെ ആരോപണം അടിസ്ഥാനരഹിതമാണെങ്കില്‍ എന്തുകൊണ്ട് അദ്ദേഹത്തിനെതിരേ നിയമനടപടികള്‍ സ്വീകരിച്ചില്ല.

പരിഹസിക്കുന്നവരേക്കാള്‍ ഉല്‍കൃഷ്ടരായേക്കാം പരിഹസിക്കപ്പെടുന്നവര്‍ എന്ന പരിശുദ്ധ ഖുര്‍ആന്‍ വചനം ഇവിടെ ഏറെ പ്രസക്തമാണ്. കല്‍ക്കരി കുംഭകോണത്തിലും ടുജി സ്‌പെക്ട്രം അഴിമതിയിലും മുന്‍ യു.പി.എ സര്‍ക്കാരിന്റെ കാലത്ത് ഡി.എം.കെ മന്ത്രിമാര്‍ അഴിമതി നടത്തിയപ്പോള്‍ മന്‍മോഹന്‍സിങ് അതില്‍ ഇടപെടാതെ മാറിനിന്നു എന്ന് തോന്നിപ്പിക്കുന്നതായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാക്കുകള്‍. മന്‍മോഹന്‍സിങിന്റെ വ്യക്തി വൈശിഷ്ട്യത്തെ ചെറുതാക്കിക്കാണിക്കുവാനും നോട്ടുമരവിപ്പിക്കലിനെതിരേ അദ്ദേഹം സഭയില്‍ നടത്തിയ അതിനിശിതമായ വിമര്‍ശനത്തിനുള്ള വിരോധം തീര്‍ക്കലുമായിരുന്നു നരേന്ദ്രമോദിയില്‍ നിന്നുണ്ടായ ഇത്തരം പദപ്രയോഗങ്ങള്‍. നന്ദി പ്രമേയ ചര്‍ച്ചയ്ക്കുള്ള മറുപടിയിലാണ് പ്രധാനമന്ത്രി ഇത്തരമൊരു പദപ്രയോഗം നടത്തിയത്. ഇതിന് മറുപടി നല്‍കാനുള്ള അവസര നിഷേധത്തില്‍ പ്രതിഷേധിച്ച് രാജ്യസഭയില്‍ സഭാ അധ്യക്ഷന്‍ ഹാമിദ് അന്‍സാരി സഭയില്‍നിന്നു വിട്ടുനില്‍ക്കുകയും ചെയ്തു.

പ്രധാനമന്ത്രിമാരുടെ പരാമര്‍ശങ്ങളില്‍ പ്രതിഷേധിച്ച് സഭ ബഹളങ്ങളില്‍ മുങ്ങുന്ന സന്ദര്‍ഭങ്ങള്‍ വിരളമാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതിനിധാനം ചെയ്യുന്ന പ്രസ്ഥാനം തന്നെയായിരുന്നു എ.ബി വാജ്‌പേയിയും പ്രതിനിധീകരിച്ചിരുന്നത്. പക്ഷേ, പൊതുസമൂഹത്തെയും പാര്‍ലമെന്റിനെയും അദ്ദേഹം അഭിമുഖീകരിച്ചിരുന്നത് കുലീനമായിട്ടായിരുന്നു. ബി.ജെ.പിയുടെ മുഖംമൂടിയാണ് എ.ബി വാജ്‌പേയിയെന്ന് ആര്‍.എസ്.എസ് ദാര്‍ശനികനായിരുന്ന ഗോവിന്ദാചാര്യ എ.ബി വാജ്‌പേയിയെ വിമര്‍ശിച്ചതിന് ശേഷം ഏറെനാള്‍ അദ്ദേഹം ബി.ജെ.പിയില്‍ തുടര്‍ന്നില്ല. തന്റെ പ്രസ്ഥാനം എന്തായാലും രാജ്യത്തിന്റെ മര്‍മപ്രധാനമായ സ്ഥാനത്തു വരുമ്പോള്‍ പാലിക്കേണ്ട വാക്കുകളും ചിട്ടകളും ഉണ്ട്. മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ അഭിനന്ദനം പോലും ഏറ്റുവാങ്ങിയ വാജ്‌പേയി അത് നേടിയെടുത്തത് പത്രമാധ്യമങ്ങളെ വിലക്കെടുത്തിട്ടോ വിദേശത്തുനിന്നുള്ള പബ്ലിക് റിലേഷന്‍ കമ്പനികളുടെ സേവനം ഉപയോഗപ്പെടുത്തിയോ ആയിരുന്നില്ല.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.