2023 December 04 Monday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

വസൂരിയില്‍ ജയിച്ചവര്‍  എന്തുകൊണ്ട് പരാജയപ്പെടുന്നു?

നസറുദ്ദീന്‍ മണ്ണാര്‍ക്കാട്

മുന്‍ രാഷ്ട്രപതിയും ഇന്ത്യയുടെ മിസൈല്‍ സാങ്കേതികവിദ്യയുടെ പിതാവുമായ ഡോ. എ.പി.ജെ അബ്ദുല്‍ കലാം ഈ നൂറ്റാണ്ടിന്റെ തുടക്കത്തില്‍ നമ്മുടെ രാജ്യത്തിന് ‘വിഷന്‍ 2020’ എന്നൊരു സ്വപ്ന പദ്ധതി വിഭാവനം ചെയ്തിരുന്നു. ഇന്ത്യയുടെ വളര്‍ച്ചാ നിരക്കും മാനവവിഭവശേഷിയും കണക്കിലെടുത്ത് ഒരു ആക്ഷന്‍ പദ്ധതി വിജയകരമായി പൂര്‍ത്തിയാക്കിയാല്‍ 2020 ഓടെ ഇന്ത്യ ഒരു വികസിത രാജ്യമായി മാറുമെന്നായിരുന്നു അദ്ദേഹത്തിന്റെ കാഴ്ചപ്പാട്. രാഷ്ട്രീയ ഭേദമന്യേ സ്വീകരിക്കപ്പെട്ട ആ വിഷന്‍ പക്ഷേ അന്നത്തെ ഇന്ത്യയുടെ കുതിപ്പ് വെച്ചുനോക്കിയാല്‍ ഒട്ടും അതിശയോക്തി നിറഞ്ഞതോ അസംഭവ്യമായ ഒന്നോ ആയിരുന്നില്ല.
 
ചൈനയോട് ഇഞ്ചോടിഞ്ച് മത്സരിച്ച് വികസ്വര രാജ്യങ്ങളുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്ത് ഇന്ത്യ ഇടംപിടിച്ചിരുന്ന കാലമാണത്. വിദേശ നിക്ഷേപകര്‍ക്ക് ഇന്ത്യന്‍ മാര്‍ക്കറ്റ് പലപ്പോഴും അമേരിക്കയെക്കാളും ചൈനയേക്കാളും പ്രിയങ്കരമായിരുന്നു.അബ്ദുല്‍ കലാമിന്റെ വിഷന്‍ 2020 പ്രവചിച്ച അതേവര്‍ഷം അവസാനിക്കുമ്പോള്‍ ലോകത്ത് തന്നെ ഏതൊരു മൂന്നാംകിട ദരിദ്ര രാജ്യത്തെയും നാണിപ്പിക്കുംവിധം ഓക്‌സിജന്‍ പോലും കിട്ടാതെ തെരുവില്‍ ജനങ്ങള്‍ ഓരോ നിമിഷവും മരിച്ചുവീഴുന്ന രാജ്യമായി മാറിയതെങ്ങനെയാണ്? 2020ല്‍ വികസിതമാവേണ്ടിയിരുന്ന രാജ്യം ഇത്രമേല്‍ ദയനീയ സ്ഥിതിയിലേക്ക് അതിവേഗം കൂപ്പുകുത്തിയതെങ്ങനെയാണ്? പരമദരിദ്ര രാജ്യങ്ങളില്‍ പോലും കാണാത്തവിധം വാക്‌സിന്‍ ദൗര്‍ലഭ്യവും അടിസ്ഥാനചികിത്സ പോലും പൗരന്മാര്‍ക്ക് നിഷേധിക്കപ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഈ കുറിപ്പെഴുതുമ്പോള്‍ ഇന്ത്യയില്‍ പ്രതിദിനം ആയിരങ്ങള്‍ പിടഞ്ഞു മരിച്ചുകൊണ്ടിരിക്കുകയാണ്. അവരുടെ സംസ്‌കാര ക്രിയകള്‍ക്ക് പോലും സൗകര്യങ്ങളില്ലാതെ കൂട്ടിയിട്ട് കത്തിക്കുന്ന കാഴ്ചകളാണെങ്ങുമുള്ളത്.
 
ആദ്യമായിട്ടല്ല ഇന്ത്യയൊരു മഹാമാരിയെ നേരിടുന്നത്. കൊറോണാ വൈറസിനെക്കാളും പതിന്മടങ്ങ് പ്രഹരശേഷിയുണ്ടായിരുന്ന വസൂരിയുള്‍പ്പെടെയുള്ള അനേകം മഹാമാരികളെ ഇത്ര പോലും അടിസ്ഥാന സൗകര്യങ്ങളോ മെച്ചപ്പെട്ട ചികിത്സയോ ലഭ്യമല്ലാതിരുന്ന കാലത്ത് ഭരണാധികാരികളുടെ ഇച്ഛാശക്തിയാലും ഉന്നം പിഴയ്ക്കാത്ത കര്‍മപദ്ധതികളാലും തുടച്ചുനീക്കപ്പെട്ടതായി കാണാന്‍ സാധിക്കും. സ്വതന്ത്ര ഇന്ത്യയില്‍ നാളിതുവരെ ഒരു പൗരനും വാക്‌സിന്‍ കുത്തിവയ്‌പ്പെടുക്കാന്‍ അങ്ങോട്ട് പണം നല്‍കേണ്ടി വന്നിട്ടുമില്ല. മാനവരാശിയുടെ ചരിത്രത്തില്‍ തന്നെ ഏറ്റവും ഭീകരമായ മഹാമാരിയായി അറിയപ്പെട്ടിരുന്ന വസൂരി ഇന്ത്യയില്‍നിന്ന് നിര്‍മാര്‍ജനം ചെയ്യപ്പെട്ടതിന്റെ പുറകിലെ ചരിത്രം പരിശോധിച്ച് നോക്കിയാല്‍ ഏതൊരു പൗരനും അഭിമാനിക്കാന്‍ വകയേറെയുണ്ട്.
 
അറിയപ്പെട്ട ചരിത്രമനുസരിച്ച് 3000 വര്‍ഷമാണ് വസൂരി ഭൂമുഖത്തെ വിറപ്പിച്ചത്. വസൂരിയെ കൊറോണ വൈറസുമായി താരതമ്യം ചെയ്യാന്‍ കഴിയില്ല എന്ന് പറയുന്നവരുണ്ട്. വസൂരിയുമായി തട്ടിച്ച് നോക്കുമ്പോള്‍ കൊറോണ ഒട്ടും മാരകമല്ലാത്ത വൈറസാണ്. മുപ്പത് ശതമാനമായിരുന്നു വസൂരിയുടെ മരണ നിരക്ക്. കൊറോണയുടെ മരണ നിരക്ക് വെറും നാല് ശതമാനത്തില്‍ താഴെയാണെന്നോര്‍ക്കണം! പരസ്പര സമ്പര്‍ക്കത്തിലൂടെ 60 ശതമാനം വരെ പകര്‍ച്ചാ സാധ്യതയുള്ള മഹാമാരിയായിരുന്നു വസൂരി. വായുവിലൂടെയും ഉമിനീരിലൂടെയും അതിവേഗം കൈമാറപ്പെടാവുന്ന ഈ രോഗത്തെ നിര്‍മാര്‍ജനം ചെയ്യുക അത്ര എളുപ്പവുമായിരുന്നില്ല. ശരീരത്തില്‍ വന്നിരിക്കുന്ന ഈച്ചയുടെ കാലില്‍ പോലും രോഗിയുടെ മാംസഭാഗങ്ങള്‍ അടര്‍ന്ന് പറ്റിപ്പിടിച്ചിരുന്നതിനാല്‍ അവരെ വാഴയിലയില്‍ പൊതിഞ്ഞ് ഒരു പ്രത്യേക നെയ്യ് തേച്ച് പരിപാലിച്ചിക്കേണ്ടി വന്നിരുന്നു. ശാസ്ത്രം മരുന്ന് കണ്ടുപിടിക്കുന്നതിനു മുന്‍പ് ചികിത്സിക്കാന്‍ പോലും ആരും തയാറാവാതെ രോഗബാധിതരെ കൂട്ടത്തോടെ ഒരു പുരയില്‍ അടച്ച് തീയിട്ടിരുന്ന സംഭവങ്ങള്‍ സര്‍വസാധാരണമായിരുന്നു. അവരെ പാര്‍പ്പിച്ചിരുന്ന പുരകള്‍ക്ക് ‘പണ്ടാരപ്പുര’ എന്നും അവര്‍ കത്തി തീര്‍ന്നാല്‍ ‘പണ്ടാരമടങ്ങി’ എന്നും സമൂഹം പറഞ്ഞുപോന്നിരുന്നു. പണ്ടാരമടങ്ങുകയെന്നാല്‍ ഇനിയൊരു തിരിച്ചുവരവില്ലെന്ന് മലയാള ഭാഷയില്‍ ഒരു വാമൊഴി പ്രയോഗം തന്നെ വന്നത് ഇങ്ങനെയാണ്. അത്രത്തോളം ഭീകരമുഖമായിരുന്നു വസൂരിയുടേത്.
 
ലോകാരോഗ്യ സംഘടനയുടെ സഹകരണത്തോടെ ഇന്ത്യയില്‍ വസൂരി നിര്‍മാര്‍ജന തീവ്രയജ്ഞത്തിന് തുടക്കം കുറിച്ചത് ഇന്ത്യയുടെ ഉരുക്ക് വനിതയായി അറിയപ്പെടുന്ന മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ കാലത്താണ്. 1972 മുതല്‍ 1977 വരെ നീണ്ട, വസൂരിക്കെതിരേയുള്ള ഇന്ത്യയുടെ അവസാന യുദ്ധം മുന്നില്‍നിന്ന് നയിക്കുകയും ലോകത്തിനുതന്നെ മാതൃകയാകുംവിധം വസൂരിയെന്ന മാരക രോഗത്തെ കെട്ടുകെട്ടിക്കുകയും ചെയ്ത ഇച്ഛാശക്തിയുടെ പേര് കൂടിയാണ് ഇന്ദിര! വാക്‌സിനുകള്‍ ഫ്രീസ് ചെയ്തു സൂക്ഷിക്കാനും.ഇന്ത്യയുടെ മുക്ക് മൂലകളില്‍ എത്തിക്കാനും കേട് കൂടാതെ സംഭരിക്കാനും ഇന്നത്തെ പോലെ സംവിധാനങ്ങള്‍ ഇല്ലാതിരുന്ന കാലമാണെന്ന് കൂടി ഓര്‍ക്കേണ്ടതുണ്ട്. അതിലുപരിയായി സാമൂഹിക ഭ്രഷ്ട് ഭയന്ന് ആളുകള്‍ വസൂരി മൂടിവയ്ക്കുകയും വാക്‌സിന്‍ കുത്തിവയ്പ്പില്‍നിന്ന് ഒഴിഞ്ഞുമാറുകയും ചെയ്തിരുന്ന കാലം കൂടിയാണ്. ഈ യജ്ഞത്തിന് മുന്‍പ് ലോകത്താകമാനമുള്ള വസൂരി കേസുകളുടെ അറുപത് ശതമാനവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നത് ഇന്ത്യയിലായിരുന്നു. അറുപത് കോടിയോളം വരുന്ന ജനങ്ങളിലേക്ക് വാക്‌സിന്‍ എത്തിക്കുക എന്ന ഭഗീരഥപ്രയത്‌നം എത്ര കടുത്ത വെല്ലുവിളിയായിരുന്നു എന്ന് മനസിലാക്കാന്‍ മുകളില്‍ വിവരിച്ച അന്നത്തെ ഇന്ത്യന്‍ പശ്ചാത്തലം കൂടി മനസില്‍ കാണണം. പ്രതിവര്‍ഷം 25 മില്യണ്‍ നവജാത ശിശുക്കള്‍ ജനിക്കുന്ന ഇന്ത്യയില്‍ അഞ്ചുവര്‍ഷങ്ങള്‍ കൊണ്ട് വസൂരിയെ പിടിച്ചുകെട്ടാന്‍ കഴിയുമോ എന്ന ചോദ്യം അക്കാലത്ത് അന്തരീക്ഷത്തില്‍ അലയടിച്ചു.
 
എന്നാല്‍, കൃത്യമായ പദ്ധതികള്‍ ആവിഷ്‌കരിച്ചും ജനങ്ങളെ ബോധവല്‍ക്കരിച്ചും ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നിതാന്തമായ ജാഗ്രതാ നിര്‍ദേശം നല്‍കിയും ഇന്ത്യ മുന്നോട്ടുപോയി. ‘നിരീക്ഷണവും നിയന്ത്രണവുമായിരുന്നു’ അതിനായി ആവിഷ്‌കരിച്ച നവീനരീതി. രാജ്യമൊട്ടാകെയുള്ള ആരോഗ്യപ്രവര്‍ത്തകര്‍ പുതിയ വസൂരി ബാധിതരെ കണ്ടെത്തി കണ്ടെയ്ന്‍മെന്റ് ചെയ്യാന്‍ ആരംഭിച്ചു. കൂടുതല്‍ പേരിലേക്ക് രോഗം പകരുന്നത് തടയുകയായിരുന്നു ഇതിന്റെ ലക്ഷ്യം. പാരിതോഷികങ്ങള്‍ വാരിക്കോരി നല്‍കി പൊതുജനങ്ങളെയും സര്‍ക്കാര്‍ ഈ പദ്ധതിയുടെ ഭാഗമാക്കി. വസൂരി ബാധിതരെ കുറിച്ച് വിവരം നല്‍കിയാല്‍ 10 രൂപ മുതല്‍ക്കുള്ള പ്രതിഫലം പ്രഖ്യാപിച്ചതോടെ പൊതുജനം ഈ ദൗത്യം ഏറ്റെടുത്തു. 1975 ആയപ്പോഴേക്ക് ഈ തുക 1000 രൂപ വരെ ഉയര്‍ത്തി. ആരോഗ്യപ്രവര്‍ത്തകരില്‍ നിന്നും പൊതുജനങ്ങളില്‍നിന്നും ശേഖരിച്ച ഡാറ്റ കൃത്യമായ വിശകലനത്തിന് വിധേയമാക്കി. മാസത്തില്‍ നിശ്ചയിക്കപ്പെട്ട ആറു ദിവസങ്ങളില്‍ ആരോഗ്യപ്രവര്‍ത്തകര്‍ ഓരോ വീടുകളിലും സന്ദര്‍ശനം നടത്തി പോന്നു. ഇന്ത്യയിലെ പത്തു കോടി വീടുകളില്‍ ഓരോ മാസവും ആരോഗ്യപ്രവര്‍ത്തകര്‍ ജാഗ്രതയോടെ കയറിയിറങ്ങേണ്ടി വന്നു എന്ന് പറയുമ്പോള്‍ തന്നെ ആ ദൗത്യം എത്ര വലുതായിരുന്നു എന്ന് ഊഹിക്കാവുന്നതേയുള്ളൂ. അഞ്ചേമുക്കാല്‍ ലക്ഷം ഗ്രാമങ്ങളും മൂവ്വായിരത്തോളം നഗരങ്ങളും ആരോഗ്യപ്രവര്‍ത്തകരുടെ നിരീക്ഷണത്തിലായി. ഓരോ തവണയും ദേശീയതലത്തില്‍ അവര്‍ ശേഖരിക്കുന്ന വിവരങ്ങള്‍ അടങ്ങിയ ഫോമുകള്‍ക്ക് എട്ട് ടണ്‍ ഭാരമുണ്ടായിരുന്നു എന്ന് കണക്കുകള്‍ പറയുന്നു. ഈ ഡാറ്റകള്‍ ഇഴകീറി പരിശോധിച്ച് അടുത്തഘട്ടത്തിലേക്ക് കടക്കാന്‍ ഇന്നത്തെ പോലെ സാങ്കേതികവിദ്യ വികസിച്ചിട്ടില്ലാത്ത കാലത്ത് ഉദ്യോഗസ്ഥര്‍ നന്നേ ക്ലേശിച്ചു. രോഗികളുടെ എണ്ണം കുറയുന്നതിനുസരിച്ച് പ്രോത്സാഹന തുക കൂട്ടി അവസാനത്തെ വസൂരി രോഗിയേയും കണ്ടെത്താനുള്ള പരിശ്രമം തുടര്‍ന്നു. ഒടുവില്‍ 1975 ല്‍ അവസാനത്തെ വസൂരിക്കേസും ഇന്ത്യയില്‍ നിന്ന് ഇല്ലാതായി. 1977 വരെ വീണ്ടും ജാഗ്രത തുടര്‍ന്നു. ഒടുവില്‍ ഇന്ത്യ വസൂരിയില്‍ നിന്ന് മുക്തി നേടിയതായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചു.
 
1972ല്‍ നിന്ന് 2021 ലേക്ക് എത്തുമ്പോള്‍ ഇന്ത്യ സാങ്കേതികമായി ഒരുപാട് മുന്നേറിയിട്ടുണ്ട്. ചന്ദ്രനില്‍ വരെ സാന്നിധ്യം അറിയിച്ച ബഹിരാകാശ ദൗത്യങ്ങളുടെ നേട്ടങ്ങളുടെ സുവര്‍ണ പതക്കങ്ങള്‍ ഇന്ത്യക്ക് സ്വന്തമാണിന്ന്. പക്ഷേ കൊവിഡ് 19 എന്ന മഹാമാരിയെ കേവലം പ്രകടനപരതയാലും അശാസ്ത്രീയമായ നടപടികളാലും അന്ധവിശ്വാസത്താലും നേരിടാമെന്നു കരുതുന്ന ഭരണകൂടം സ്വന്തംജനതയെ മരണത്തിലേക്ക് എറിഞ്ഞുകൊടുക്കുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുന്നത്. ഒരു മുന്നറിയിപ്പും നല്‍കാതെ പ്രഖ്യാപിച്ച 21 ദിവസത്തെ ലോക്ക്ഡൗണ്‍ യുദ്ധത്തിന്റെ പൊരുള്‍ ഇനിയുമറിയാതെ പൊള്ളിയടര്‍ന്ന കാലുകളുമായി കിലോമീറ്ററുകള്‍ കാല്‍നടയായി സഞ്ചരിക്കേണ്ടി വന്ന ജനങ്ങള്‍! ശാസ്ത്രീയത തെല്ലുമില്ലാതെ പാത്രം മുട്ടിയും മെഴുകുതിരി കത്തിച്ചും കൊറോണയെ ഓടിക്കാന്‍ മുദ്രാവാക്യം വിളിച്ചും ഭരണാധികാരികള്‍ തന്നെ പ്രാകൃതരാകുന്ന കെട്ടുകാഴ്ചകള്‍! ലക്ഷങ്ങള്‍ ഒഴുകിയെത്തിയ കുംഭ മേളകളും തെരഞ്ഞെടുപ്പ് കാംപയിനുകളും പൂരക്കാഴ്ചകളും പൊടി പൊടിക്കുന്നു! ഇന്ത്യയുടെ ചരിത്രത്തില്‍ കേട്ട് കേള്‍വി പോലുമില്ലാത്തവിധം വാക്‌സിനുകള്‍ക്ക് പണം നല്‍കേണ്ടിവരുന്ന നിസഹായരായ കോടാനു കോടി മനുഷ്യര്‍! വെന്റിലേറ്ററില്‍ ഓക്‌സിജന്‍ ദൗര്‍ലഭ്യമുണ്ടായാല്‍ ജനാലകള്‍ തുറന്നിടാനും മരങ്ങള്‍വച്ച് പിടിപ്പിക്കാനും ഓക്‌സിജന്‍ ശ്വസിച്ച് ഓക്‌സിജന്‍ പുറത്തുവിടുന്ന ഗോമാതാവിനെ ആശ്രയിക്കാനും ആവശ്യപ്പെടുന്ന സെലിബ്രിറ്റികള്‍! കോടികള്‍ പൊടിച്ച് ഗോമൂത്രത്തില്‍ കൊവിഡ് പ്രതിരോധ മരുന്നുണ്ടോ എന്നന്വേഷിക്കുന്ന ശാസ്ത്രജ്ഞര്‍! എല്ലാറ്റിനും മൂകസാക്ഷിയായി മൂവ്വായിരം കോടി മുടക്കി നിര്‍മിച്ച പട്ടേല്‍ പ്രതിമ! 2021 ലെ ഇന്ത്യയിലെ കാഴ്ചകള്‍ ഇതൊക്കെയാണ്.
 
ഓക്‌സിജന്‍ പോലുമില്ലാത്ത അവസ്ഥയില്‍ ഈ രാജ്യം എത്തിപ്പെട്ടതിന്റെ കാരണങ്ങള്‍ തേടി കൂടുതല്‍ അലയേണ്ടിവരില്ല. ഇന്ത്യയെ വികസിത രാജ്യമാക്കുക എന്ന ‘വിഷന്‍ 2020’ല്‍നിന്ന് യഥാര്‍ഥ 2020ലേക്ക് എത്തിയപ്പോള്‍ ദിശയറിയാത്ത ഒരു ജനതയും വര്‍ഗീയത മാത്രം കൈമുതലാക്കിയ ഒരു ഭരണകൂടവുമാണ് നാമെന്ന് ലോകം തിരിച്ചറിയുന്നു.

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.