2021 February 28 Sunday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

വലിച്ചെറിയുന്ന മനുഷ്യരും വലിച്ചെറിയപ്പെടുന്ന മനുഷ്യരും

ഡോ. ഗിന്നസ് മാടസാമി

ഇന്ന് കേരളത്തില്‍ പ്രഭാതസവാരി നടത്തുന്ന ആളുകളുടെ എണ്ണം വര്‍ധിച്ചുവരികയാണ്. പ്രത്യേകിച്ച് നഗരപ്രദേശങ്ങളില്‍ താമസിക്കുന്ന ഉദ്യോഗസ്ഥ, മറ്റു വി.ഐ.പി ജീവിതം നയിക്കുന്ന വ്യക്തികളാണ് ഇക്കൂട്ടത്തില്‍പ്പെടുന്നത്. സ്വന്തം ശരീരം മെച്ചപ്പെടുത്താനും പ്രമേഹം, കൊളസ്‌ട്രോള്‍ പോലുള്ള രോഗങ്ങള്‍ പ്രതിരോധിക്കുവാനും വേണ്ടിയാണ് ഈ നടത്തമെന്നാണു നമ്മള്‍ കരുതുക. ശരിക്കും അതല്ല കാരണം. വീടുകളില്‍ സൂക്ഷിച്ചിരിക്കുന്ന മാലിന്യങ്ങള്‍ അയല്‍ക്കാരന്റെ പറമ്പിലോ, മറ്റു പൊതുസ്ഥലങ്ങളിലോ നിക്ഷേപിക്കുവാന്‍ വേണ്ടിയാണ് ഈ പ്രഭാതസവാരി. മാലിന്യക്കൂമ്പാരങ്ങള്‍ ഒഴിവാക്കാന്‍ വേണ്ടി മറ്റു ജനങ്ങളുടെ ജീവിത, ആവാസവ്യവസ്ഥയെ ഇല്ലായ്മ ചെയ്യാന്‍ വേണ്ടി പരിസ്ഥിതി നശീകരണത്തിനു മാലിന്യങ്ങള്‍ വലിച്ചെറിയുന്ന മനുഷ്യരുടെ കൂട്ടം പൊതുസമൂഹത്തില്‍ വര്‍ധിച്ചുവരികയാണ്.

പ്ലാസ്റ്റിക് മാലിന്യങ്ങളുടെ കൂമ്പാരം പ്ലാസ്റ്റിക് ക്യാരി ബാഗുകളിലാക്കി റോഡരികില്‍ നിക്ഷേപിക്കുന്നു. ലോകത്തില്‍ തന്നെ ഒരു വര്‍ഷം 500 ബില്യണ്‍ മുതല്‍ ഒരു ട്രില്യണ്‍ വരെ പ്ലാസ്റ്റിക് ക്യാരി ബാഗുകളാണ് ഉല്‍പ്പാദിപ്പിക്കുന്നത്. പരിസ്ഥിതിക്ക് നാശം വരുത്തുന്ന വില്ലനാണ് ഈ പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍. പ്ലാസ്റ്റിക് ക്യാരി ബാഗുകളുടെ ഉപയോഗം കുറയ്ക്കുമ്പോള്‍ തന്നെ ഒരു പരിധി വരെ പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കാന്‍ സാധിക്കും. ഇന്ത്യയില്‍ 10 മില്യണ്‍ പ്ലാസ്റ്റിക് ക്യാരി ബാഗുകളാണ് ഓരോ വര്‍ഷവും ഉല്‍പ്പാദിപ്പിക്കുന്നത്. നമ്മുടെ രാജ്യത്ത് ആളോഹരി 250 പ്ലാസ്റ്റിക് ക്യാരി ബാഗുകളാണ് ഒരു വര്‍ഷം ഉപയോഗിക്കുന്നത്. അഞ്ചു പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ കത്തിക്കുമ്പോള്‍ ഒരു കിലോ കാര്‍ബണ്‍ ഡൈ ഓക്‌സൈഡാണ് അന്തരീക്ഷത്തിലെത്തുന്നത്. ഹരിതഗൃഹ വാതകത്തില്‍പ്പെട്ട കാര്‍ബണ്‍ഡൈ ഓക്‌സൈഡിന്റെ അമിതമായ പുറംതള്ളല്‍ കാരണം ഓസോണ്‍ പാളിക്ക് കടുത്ത അപകടമാണ് സംഭവിക്കുന്നത്. രാജ്യത്ത് പല സംസ്ഥാനങ്ങളിലും പ്ലാസ്റ്റിക് ക്യാരിബാഗുകളുടെ ഉപയോഗം കുറയ്ക്കുവാന്‍ വേണ്ടി പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സിക്കിം, ഹിമാചല്‍പ്രദേശ് സംസ്ഥാനങ്ങളിലും പൂര്‍ണമായും ഈ ബാഗുകള്‍ നിരോധിച്ചിട്ടുണ്ട്. ഏറ്റവും ഒടുവില്‍ കര്‍ണാടകയില്‍ നിരോധനം ഏര്‍പ്പെടുത്തുകയുണ്ടായി.

ഡല്‍ഹിയിലെ യൂനിവേഴ്‌സിറ്റി കോളജില്‍ പ്ലാസ്റ്റിക് ബോട്ടിലുകളുടെ ഉപയോഗത്തിന് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. മഹാരാഷ്ട്രയില്‍ കഴിഞ്ഞ ഏപ്രില്‍ ഒന്നു മുതല്‍ പ്ലാസ്റ്റിക് മദ്യക്കുപ്പികളുടെ വില്‍പ്പന തടഞ്ഞു. കേരളത്തിലും ഇതിനോടനുബന്ധിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായുള്ള സൂചനകള്‍ പുറത്തുവരുന്നുണ്ട്. ഏറ്റവും കൂടുതല്‍ അയ്യപ്പഭക്തര്‍ സന്ദര്‍ശിക്കുന്ന ശബരിമലയിലും കഴിഞ്ഞവര്‍ഷം ഹൈക്കോടതി പ്ലാസ്റ്റക് കുപ്പികളുടെ ഉപയോഗത്തിനു നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ആഴ്ച കേരള ഹൈക്കോടതി സംസ്ഥാനത്ത് പ്ലാസ്റ്റിക് ബാഗുകളും റബറുകളും കത്തിക്കുന്നതിനെതിരേ വിധി പുറപ്പെടുവിച്ചു. കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും പ്ലാസ്റ്റിക് ഉപയോഗം സമൂഹത്തില്‍ കുറയുന്നതായി കാണുന്നില്ല. റോഡരുകില്‍ മാലിന്യങ്ങള്‍ നിക്ഷേപിക്കാന്‍ വേണ്ടി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വിവിധതരത്തില്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും നമ്മുടെ ജനം അത് ഉപയോഗിക്കാന്‍ കൂട്ടാക്കുന്നില്ല. എവിടെയെങ്കിലും വലിച്ചെറിയുക. സ്വന്തം വീട്ടില്‍ നിന്നു മാലിന്യങ്ങള്‍ ഒന്നു മാറിക്കിട്ടിയാല്‍ മതി എന്ന ചിന്തയുള്ള മനുഷ്യര്‍ ഉള്ളിടത്തോളം പരിസ്ഥിതിസംരക്ഷണം എന്ന വാക്കിന് അര്‍ഥപൂര്‍ണമുണ്ടാവില്ല, ഓരോ വര്‍ഷവും പരിസ്ഥിതിദിനം കേരളത്തില്‍ ആഗോളത്തോടെ ആചരിക്കുന്നു. കേരളത്തിലെമ്പാടും റോഡരുകിലും സര്‍ക്കാര്‍, പൊതുമേഖല, സ്‌കൂളുകളിലും മരങ്ങള്‍ നടുകയാണു പതിവ്.

എന്നാല്‍ നട്ട മരങ്ങള്‍ പിന്നീട് എന്ത് അവസ്ഥയിലാണ് ഉള്ളത് എന്ന ചിന്ത നമ്മുടെ ഇടയില്‍ ഉണ്ടാകുന്നുണ്ടോ? നട്ട മരങ്ങളുടെ സംരക്ഷണവും പരിപാലനവും നടക്കുന്നുണ്ടോ എന്ന് വൃക്ഷത്തൈകള്‍ വിതരണം ചെയ്യുന്ന സ്ഥാപനങ്ങളും സംഘടനകളും നിരീക്ഷിക്കാറുണ്ടോ? വാനോളം പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് പ്രസംഗിക്കുന്ന വ്യക്തികള്‍ സ്വന്തം വീട്ടില്‍ നിന്നു തൊട്ടടുത്ത കടയിലേക്ക് പാക്കറ്റ്പാല്‍ വാങ്ങാന്‍ പോകുന്നതു സ്വന്തം വാഹനത്തിലാണ്. വാഹന ഉപയോഗം കുറയ്ക്കുന്നതാണ് പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനത്തിന്റെ ആദ്യത്തെ കടമ്പ. കവറുപാല്‍ വാങ്ങിക്കുന്നതും പ്ലാസ്റ്റിക് ക്യാരി ബാഗുകളിലാണെന്നുള്ള വസ്തുതയും കൂടിയുമുണ്ടേ! ഓരോ സെക്കന്റിലും ലോകമെമ്പാടും വികസനത്തിന്റെയും, ജീവിത സൗകര്യങ്ങളുടെ മെച്ചപ്പെടുത്തലിന്റെയും പേരില്‍ ഏക്കറുകണക്കിന് വനങ്ങള്‍ ഭൂമിയില്‍ നിന്നും അപ്രതീക്ഷമാകുന്നു.
എന്നാല്‍ വന സംരക്ഷണത്തിന് നമ്മുടെ സംഭാവനകള്‍ എന്താണ് എന്നതിനെക്കുറിച്ച് നാം ചിന്തിക്കുന്നുണ്ടോ?

(തുടരും)

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.