2023 December 04 Monday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

വര്‍ഗീയ ധ്രുവീകരണ ശ്രമം നടന്നെന്ന് വിജയരാഘവന്‍

   

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമം നടന്നെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍. ഇതിന്റെ ഗുണഫലം ബി.ജെ.പിയും യു.ഡി.എഫും പങ്കിട്ടു. മതനിരപേക്ഷത വെല്ലുവിളി നേരിട്ട തെരഞ്ഞെടുപ്പിലാണ് ഇടതുമുന്നണി വിജയം നേടിയതെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഫലം വ്യാഖ്യാനിച്ച് രക്ഷപ്പെടാനാണ് പ്രതിപക്ഷ ശ്രമം. അത് ഇതിനേക്കാള്‍ വലിയ കുഴപ്പത്തിലാണ് യു.ഡി.എഫിനെ ചാടിക്കുക. കോണ്‍ഗ്രസ് അകപ്പെട്ടിട്ടുള്ള ആപത്ത് മനസിലാക്കണം. വടക്കന്‍ ജില്ലകളില്‍ മുസ്‌ലിം മതമൗലികവാദികളുമായി ആദ്യം സന്ധി ചേര്‍ന്ന് പരുക്ക് ഇല്ലാതാക്കാന്‍ ശ്രമിച്ചു. സ്വന്തം പരുക്ക് കുറയ്ക്കാന്‍ മുസ്‌ലിം ലീഗുണ്ടാക്കിയ ഈ സഖ്യം കേവല സഖ്യമല്ല. അത് മുസ്‌ലിം ലീഗിന്റെ മതമൗലികവാദ പരിവര്‍ത്തനമാണ്. അതിനുമുന്നില്‍ കോണ്‍ഗ്രസ് കീഴ്‌പെടുകയായിരുന്നു.
കേരള സമൂഹം അതിനെ എങ്ങനെ കാണുന്നെന്നുപോലും അവര്‍ ചിന്തിച്ചില്ല. ജനത്തെ വിലകുറച്ചുകണ്ടതാണ് കോണ്‍ഗ്രസിന്റെ ഏറ്റവും വലിയ തകരാറ്. അതുകൊണ്ടാണ് ഇപ്പോഴത്തെ തോല്‍വി തിരിച്ചറിയാന്‍പോലും സാധിക്കാത്തത്. ഒരു പരിശോധന പോലും നടത്താനാവാത്ത നിലയില്‍ അവര്‍ ചുരുങ്ങിപ്പോയി. ഭൂരിപക്ഷ വര്‍ഗീയ ധ്രുവീകരണവും ന്യൂനപക്ഷ വര്‍ഗീയ ധ്രുവീകരണവും രണ്ട് ഭാഗത്തായി ഉണ്ടായിരുന്നു. വര്‍ഗീയ ധ്രുവീകരണത്തിലൂടെ വിജയം നേടാന്‍ യു.ഡി.എഫ് ശ്രമിച്ചപ്പോള്‍ വോട്ടുകച്ചവടത്തിലൂടെ വിജയം നേടാന്‍ ബി.ജെ.പി ശ്രമിച്ചു.
വിദ്യാഭ്യാസ- ആരോഗ്യമേഖലകളിലെ വിപുലീകരണത്തിലൂടെ എല്ലാ നിലയിലും ഭാവി കേരളം രൂപപ്പെടുത്താനുള്ള മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന വലിയ ശ്രമങ്ങളുടെ ഫലമാണ് വിജയം. ചില മാധ്യമങ്ങളില്‍ നഗരങ്ങളില്‍ മുന്നേറ്റമെന്ന വാര്‍ത്ത വന്നിരുന്നു. എന്നാല്‍ കണക്കുകള്‍ പുറത്തുവന്നപ്പോള്‍ മുനിസിപ്പാലിറ്റികളിലും ഇടതുമുന്നണിക്കാണ് മേല്‍ക്കോയ്മ.
തദ്ദേശ തെരഞ്ഞെടുപ്പില്‍ ലഭിച്ച വിജയത്തിന്റെ തുടര്‍ച്ചയാണ് പ്രധാനം. തുടര്‍ സര്‍ക്കാരിന് വേണ്ടിയുള്ള കാഴ്ചപ്പാടിന്റെ വിപുലീകരണമാണ് ലക്ഷ്യമിടുന്നത്. 1990 നുശേഷം ആദ്യമായാണ് അധികാരത്തിലിരിക്കുന്ന സര്‍ക്കാരിന് അനുകൂലമായി തദ്ദേശ ഫലം വരുന്ന സവിശേഷത ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.