കര്‍ണാടക സര്‍ക്കാര്‍ ടിപ്പു ജയന്തിയാഘോഷം കെങ്കേമമായി നടത്തി എന്നതിലുപരി അതിനെതിരേ ശബ്ദമുയര്‍ത്തിയ സംഘ്പരിവാര്‍ ശക്തികള്‍ക്കു തലകുനിച്ചില്ലെന്നതാണു ശ്രദ്ധേയമായ വസ്തുത. ഇന്ത്യയില്‍ ഭരണകൂടം ഫാസിസത്തിന്റെ രീതിശാസ്ത്രം നടപ്പിലാക്കിക്കൊണ്ടിരിക്കുമ്പോള്‍ അതിനെതിരേ മതേതരജനാധിപത്യവിശ്വാസികള് പ്രതിരോധം തീര്‍ക്കുന്നുവെന്നത് ആഹ്ലാദകരമാണ്.
മഹാനായ ഒരു ഭരണാധികാരിയുടെ ജന്മദിനത്തെ ആദരപൂര്‍വം ഓര്മിക്കേണ്ടതിനു പകരം അതിനെ തമസ്കരിക്കാന്‍ ഛിദ്രശക്തികള്‍ നടത്തിയ ശ്രമങ്ങളാണു കര്‍ണാടകയില്‍ പരാജയപ്പെട്ടത്. മുസ്ലിം ഭരണാധികാരികളെയും അവരുടെ ഭരണനേട്ടങ്ങളെയും ചരിത്രത്തില്‍നിന്നു തുടച്ചുനീക്കാന്‍ സവര്ണചരിത്രകാരന്മാര് എത്രയോ മുമ്പുതന്നെ ശ്രമം തുടങ്ങിയതാണ്.
ഇപ്പോള്‍ സംഘ്പരിവാര്‍ ബുദ്ധിജീവികള്‍ ഇതിനുവേണ്ടി വ്യാജചരിത്രനിര്മിതിയില് ഏര്‍പ്പെട്ടിട്ടുമുണ്ട്. രാഷ്ട്രപിതാവ് ഗാന്ധിജിയെയും ഇന്ത്യയുടെ പ്രഥമപ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിനെയും ഇന്ത്യയുടെ ചരിത്രപുസ്തകങ്ങളില്നിന്നു പുറംതള്ളിക്കൊണ്ടിരിക്കുന്ന ഇപ്പോഴത്തെ ഭരണകാലത്ത് കര്‍ണാടക സര്‍ക്കാര്‍ ടിപ്പു ജന്മദിനം ആഘോഷിച്ചതു ഭാവി ഇന്ത്യയെക്കുറിച്ചു ശുഭപ്രതീക്ഷയ്ക്കു വക നല്‍കുന്നതാണ്.
ബാല്താക്കറെയ്ക്കുശേഷം അദ്ദേഹത്തിന്റെ നിഴലുകള്‍ മുംബൈയില്‍ നടത്തിക്കൊണ്ടിരിക്കുന്ന പൊയ് വെടികള്‍ക്കു മുമ്പില്‍ മഹാരാഷ്ട്രാ മുഖ്യമന്ത്രി ഫട്നാവിസ് വരെ ഭയചകിതനായി നില്ക്കുന്ന കാഴ്ചയ്ക്കാണു രാജ്യം കഴിഞ്ഞമാസം സാക്ഷ്യംവഹിച്ചത്. എന്നാല്‍, ടിപ്പു ജന്മദിനാഘോഷം ഭംഗിയായും സമാധാനപരമായും നടത്തിയ കര്‍ണാടക സര്‍ക്കാര്‍ ഇതിലൂടെ മതേതരജനാധിപത്യ വിശ്വാസികള്‍ക്കു നല്കുന്ന സന്ദേശം ഒറ്റക്കെട്ടായി നില്ക്കുകയാണെങ്കില് ഇന്ത്യയില്‍ മുപ്പതു ശതമാനത്തിന്റെ മാത്രം പിന്തുണയുള്ള ബി.ജെ.പി സര്‍ക്കാര്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന ഫാസിസ്റ്റ് ഭരണ രീതികളെ ചെറുത്തു തോല്‍പ്പിക്കാനാവുമെന്നാണ്.
ബ്രിട്ടീഷ്കാരുടെ ആജ്ഞകള്‍ക്കു മുമ്പില്‍ ഓച്ഛാനിച്ചുനിന്നു റാന്മൂളിയ നാട്ടുരാജാക്കന്മാര്ക്കു തക്ക മറുപടിയും അവശതയനുഭവിക്കുന്ന ജനങ്ങള്‍ക്ക് ആത്മവിശ്വാസവും നല്കിയ ഭരണാധികാരിയായിരുന്നു ടിപ്പു സുല്‍ത്താന്‍. തികഞ്ഞ മതേതര ജനാധിപത്യവാദിയായിരുന്ന അദ്ദേഹം പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനപാദത്തില്‍ ബ്രിട്ടീഷുകാര്‍ ഇന്ത്യയില്‍ കാലൂന്നുന്നതുവരെ കൃഷിക്കാര്‍ക്കും സാധാരണക്കാര്‍ക്കും സുരക്ഷനല്‍കുന്ന ഭരണമായിരുന്നു കാഴ്ചവെച്ചിരുന്നത്.
കര്‍ണാടകയിലെയും കേരളത്തിലെയും പ്രത്യേകിച്ചു മലബാറിലെയും ജനങ്ങള്‍ ടിപ്പുവിന്റെ ഭരണത്തില്‍ ഏറെ ആശ്വാസം കൊണ്ടിരുന്നവരാണ്. ഇംഗ്ലീഷുകാരുടെ നീക്കുപോക്കില്ലാത്ത യുദ്ധത്തിനു ജീവിതംതന്നെ അര്‍പ്പിച്ച മഹാനായ പരമാധികാരി കൃഷിക്കാരുടെ ഉറ്റമിത്രമായിരുന്നു. നാട്ടില്‍ ജന്മിമാരുടെ ദ്രോഹങ്ങളില്നിന്നു സാധാരണക്കാര്‍ക്കു രക്ഷനല്‍കിയതു ടിപ്പു സുല്‍ത്താനായതിനാല്‍ ഇംഗ്ലീഷുകാര്‍ക്കെതിരേ സമരം നടത്തിയ ടിപ്പുവിനെ പരാജയപ്പെടുത്താനായിരുന്നു നാട്ടുരാജാക്കന്മാര് ശ്രമിച്ചിരുന്നത്.
ഇംഗ്ലീഷുകാര്‍ക്കെതിരേ സന്ധിയില്ലാസമരം നടത്തിയതിന്റെ പേരിലാണു ബ്രിട്ടീഷ് ചരിത്രകാരന്മാര് ആശയക്കുഴപ്പം സൃഷ്ടിക്കുന്ന ചരിത്രരചനകള്‍ അദ്ദേഹത്തിനെതിരേ നടത്തിയത്. നാട്ടിലെ സവര്‍ണ ചരിത്രകാരന്മാരാകട്ടെ അവരുടെ പൂര്‍വികരായ നാടുവാഴികളെ നിലക്കുനിര്ത്തിയതിന്റെ പേരിലും അദ്ദേഹത്തെ മതഭ്രാന്തനായി ചിത്രീകരിച്ചു. എന്നാല്‍, പി.കെ ബാലകൃഷ്ണനെപ്പോലെയുള്ളവര് ടിപ്പു സുല്‍ത്താന്റെ ശരിയായ ചരിത്രം വെളിച്ചത്തുകൊണ്ടുവന്നിട്ടുമുണ്ട്.
മലബാറിലെ കൃഷിക്കാര്‍, ജന്മിമാരില്നിന്നും മാടമ്പിമാരില്നിന്നും രക്ഷനല്കണമെന്ന് അപേക്ഷിച്ചു ഹൈദരലിക്കു നല്കിയ നിവേദനത്തെത്തുടര്ന്നായിരുന്നു മകനായ ടിപ്പു കേരളീയരായ കൃഷിക്കാര്‍ക്കു വേണ്ടി പടയോട്ടം നടത്തിയത്. ഇതിനെത്തുടര്‍ന്നാണ് നാടുവാഴികളുടെയും നാട്ടുരാജാക്കന്മാരുടെയും കണ്ണിലെ കരടായി അദ്ദേഹം മാറിയത്.
ചുരുക്കത്തില്‍, ഇംഗ്ലീഷ് ചരിത്രകാരന്മാരും സവര്‍ണരായ നാട്ടുചരിത്രകാരന്മാരും ടിപ്പുവിന്റെ മേല്‍ മതഭ്രാന്തു ചുമത്തി അദ്ദേഹത്തെ വേട്ടയാടുകയായിരുന്നു. ടിപ്പുവിന്റെ മന്ത്രിമാരും പട്ടാളമേധാവിമാരും ഉപദേശകരും ഹിന്ദുക്കളായിരുന്നുവെന്നതാണ് യാഥാര്‍ഥ്യം.
വസ്തുനിഷ്ഠമായ ചരിത്രാന്വേഷണത്തിന്റെ ഫലമായി ടിപ്പുവിന്റെ പടയോട്ടത്തെ മതഭ്രാന്തായി ചിത്രീകരിച്ചതു നിക്ഷിപ്തതാല്പര്യത്തിന്റെ ഭാഗമായിട്ടായിരുന്നുവെന്ന സത്യം ഗവേഷണങ്ങളിലൂടെ തെളിഞ്ഞുകൊണ്ടിരിക്കുകയാണിന്ന്. 1781 ല്‍ ടിപ്പു സുല്‍ത്താന്‍ തന്റെ സൈന്യത്തിന്റെ നേതൃത്വം ഏറ്റെടുത്ത് ഈസ്റ്റ് ഇന്ത്യാ കമ്പനിയോടു നേരിട്ടുള്ള യുദ്ധത്തിനു തയാറായി വീരചരമം പ്രാപിച്ചു. ഇപ്പോഴിതാ സംഘ്പരിവാര്‍ ശക്തികള്‍ മരിച്ചുപോയ മഹാനായ ആ ഭരണാധികാരിയുടെ ഓര്‍മകളോടു യുദ്ധം ചെയ്തു തോറ്റുകൊണ്ടിരിക്കുന്നു.