
തുറവൂര്‍: കടുത്തവേനലിന്റെ ചൂടില്‍ പാടശേഖരങ്ങളും വിണ്ടുകീറുന്നു. പട്ടണക്കാട് പഞ്ചായത്തിലെ ചെമ്പകശേരി പാടശേഖരമാണ് വിണ്ടുകീറിയത്.
കൃഷി നടക്കാതെ നിലച്ച പാടശേഖരമാണിത്. ഈര്‍പ്പം നിലനിന്നിരുന്ന സ്ഥലമാണിതെന്നും ഇത്തവണയാണ് പാടം വറ്റിവരണ്ടു വിണ്ടുകീറിയതെന്നും പ്രദേശവാസികള്‍ പറയുന്നു. പരമ്പരാഗത ജലസ്രോതസുകളും വറ്റി വരണ്ടിരിക്കുകയാണ്. തീരദേശ മേഖലയില്‍ ഉള്‍പ്പെടുന്ന ഗ്രാമപ്രദേശങ്ങളില്‍ വരെ കുടിവെള്ള ക്ഷാമം രൂക്ഷമായി. വസ്ത്രം കഴുകാന്‍ പോലും നല്ല വെള്ളമില്ലാത്ത അവസ്ഥയാണ്. ജപ്പാന് കുടിവെള്ളവും മറ്റു ചെറുകിട കുടിവെള്ള പദ്ധതികളും ഗുണഭോക്താക്കള്‍ക്ക് പ്രയോജനകരമാകുന്നില്ലെന്ന് ആക്ഷേപമുണ്ട്. എല്ലായിടത്തും പൈപ്പ് ലൈന്‍ എത്തിയിട്ടില്ല.
ഇവിടെയെല്ലാം കുടിവെള്ളം കിട്ടാതെ ജനങ്ങള്‍ വലയുകയാണ്. കുടിവെള്ളം ലഭ്യമായ സ്ഥലങ്ങളില്‍ പലപ്പോഴും വിതരണം തടസപ്പെടുന്നതും പൈപ്പ് പൊട്ടലുമൊക്കെ സ്ഥിരമായി നടക്കുന്നതാണ് ഇതിന് കാരണം. പാരമ്പര്യ ജലസ്രോതസുകളായ കുളം, തോട് നികത്തിയതും നിലവിലുള്ളവ സംരക്ഷിക്കാന്‍ സ്ഥല ഉടമകള്‍ക്ക് സാധിക്കാത്തതും ശുദ്ധജല ക്ഷാമത്തിന് കാരണമാകുന്നുണ്ട്. കുളം വെട്ടി വൃത്തിയാക്കുന്നതിന് ഒരു തൊഴിലാളിക്ക് 900 രൂപയോളം കൂലി നല്‍കണം. കുറഞ്ഞത് മൂന്ന് തൊഴിലാളികളെങ്കിലും കുളം വെട്ടുന്നതിന് വേണം. ഇതു മൂലമാണ് പലരും കുളവും തോടും വെട്ടി സംരക്ഷിക്കാത്തതിന് കാരണം.