
ന്യൂഡല്‍ഹി: വരള്‍ച്ചാബാധിത സംസ്ഥാനങ്ങളായ കര്‍ണാടകയ്ക്കും പുതുച്ചേരിക്കും അരുണാചല്‍പ്രദേശിനും കേന്ദ്രസര്‍ക്കാര്‍ സാമ്പത്തികസഹായം പ്രഖ്യാപിച്ചു. മൊത്തം 844 കോടിരൂപയാണ് മൂന്നുസംസ്ഥാനങ്ങള്ക്കുമായി നല്‍കുന്നത്. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗത്തിലാണ് വരള്‍ച്ചാബാധിത സംസ്ഥാനങ്ങള്‍ക്കു സഹായം നല്കാന് തീരുമാനമായത്.
നേരത്തെ വെള്ളപ്പൊക്കവും ഇപ്പോള്‍ വരള്‍ച്ചയും രൂക്ഷമായി ബാധിച്ച മേഖലകള്‍ സന്ദര്‍ശിച്ച കേന്ദ്രസംഘം ആഭ്യന്തരമന്ത്രാലയത്തിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതു പരിഗണിച്ചാണ് കേന്ദ്രസര്‍ക്കാര്‍ സഹായം അനുവദിച്ചത്. മൊത്തം തുകയില്‍ 723 കോടി രൂപയും കര്‍ണാടകയ്ക്കാണ്. 35 കോടി പുതുച്ചേരിക്കും 85 കോടി അരുണാചല്‍പ്രദേശിനും നല്‍കും. അരുണാചലിനു ലഭിക്കുന്ന 85 കോടി രൂപയില്‍ 18 കോടി ദേശീയ ഗ്രാമീണ കുടിവെള്ള പദ്ധതി (എന്‍.ആര്.ഡി.ഡബ്ല്യു.പി)യിലേക്കാണെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
കേന്ദ ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി, കൃഷിമന്ത്രി രാധാമോഹന്‍സിങ്, കേന്ദ്ര ആഭ്യന്തരസെക്രട്ടറി രാജീവ് മെഹിര്‍ഷി, ആഭ്യന്തര- ധനകാര്യ- കൃഷിമന്ത്രാലയങ്ങളിലെ ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവരാണ് യോഗത്തില്‍ സംബന്ധിച്ചത്.
കര്‍ണാടകയും മഹാരാഷ്ട്രയും ഉള്‍പ്പെടെ 10 സംസ്ഥാനങ്ങള്‍ വരള്‍ച്ചാബാധിത സംസ്ഥാനങ്ങളായി പ്രഖ്യാപിച്ചിരുന്നു. ഈ സംസ്ഥാനങ്ങള്‍ക്കായി ഇതുവരെ 10,000 കോടിരൂപയാണ് കേന്ദ്രസര്‍ക്കാര്‍ നല്‍കിയതെന്നും അധികൃതര്‍ അറിയിച്ചു.