2020 September 28 Monday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

വയോധികനെ കെട്ടിയിട്ട് മര്‍ദിച്ച കേസില്‍ മൂന്നുപേര്‍ പിടിയില്‍

പാലാ : നെച്ചിപ്പുഴൂരില്‍ വയോധികനെ കെട്ടിയിട്ട് മര്‍ദ്ദിച്ച സംഭവത്തില്‍ മൂന്ന് പേര്‍ പൊലിസ് പിടിയില്‍.
നെച്ചിപ്പുഴൂര്‍ കളപ്പുരയ്ക്കല്‍ വാസുദേവന്‍ നായരെ (മണി-70) വീട്ടിലേക്ക് ഒളിഞ്ഞുനോക്കിയെന്ന് ആരോപിച്ച് കെട്ടിയിട്ട് മര്‍ദ്ദിച്ച് കേസില്‍ നെച്ചിപ്പുഴൂര്‍ മൈലാട്ടുപാറ സുഗതന്‍ (54), മകന്‍ ഗോപീകൃഷ്ണന്‍ (19), സുഹൃത്തും മെഡിക്കല്‍ റപ്രസെന്റീവുമായി ആക്കല്‍ മനോജ് (49) എന്നവരെയാണ് പൊലിസ് ഇവരുടെ വീടുകളില്‍ നിന്ന് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ തിങ്കളാഴ്ച(29) പുലര്‍ച്ചെ 5.45 ഓടെയാണ് സംഭവം.
പുലര്‍ച്ചെ സുഗതന്റെ വീടിന് സമീപത്തുകൂടി പോവുകയായിരുന്ന മണിയെ സുഗതനും മകനും മനോജും ചേര്‍ന്ന് തെങ്ങില്‍ പിടിച്ച് കെട്ടുകയായിരുന്നു.അന്വേഷിച്ചെത്തിയ നാട്ടുകാരോട് മണിയെ വീടിന് പിന്നില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടെന്നും ഒളിഞ്ഞുനോക്കിയെന്നും ആരോപിച്ചിരുന്നു.
മര്‍ദ്ദനത്തില്‍ മണിയുടെ ദേഹമാസകലം പോറലും മുറിവുമേറ്റ് ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. മുന്‍വൈരാഗ്യമാണ് കാരണമെന്ന് ആരോപിച്ച് മണി പോലീസില്‍ നല്‍കിയ പരാതിയിലാണ് അറസ്റ്റ്. ബലാത്ക്കാരമായി തടഞ്ഞുവെച്ചതിനും മര്‍ദ്ദിച്ചതിനുമാണ് കേസെടുത്തിരിക്കുന്നത്.മൂവരെയും പിന്നീട് ജാമ്യത്തില്‍ വിട്ടു.
അതേസമയം വീട്ടില്‍ രാത്രിസമയത്ത് ഒളിഞ്ഞുനോക്കിയെന്നും സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടെന്നും കാണിച്ച് സുഗതന്‍ കൊടുത്ത പരാതിയില്‍ അടുത്തദിവസം മണിയെ ചോദ്യംചെയ്യും.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.