2020 November 30 Monday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

വനിതാ കൂട്ടായ്മയില്‍ ആവേശമായി തരൂര്‍

തിരുവനന്തപുരം: തലസ്ഥാനത്തെ വനിതാ കൂട്ടായ്മയില്‍ ആവേശം വിതച്ച് തിരുവനന്തപുരം ലോക്‌സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി ശശി തരൂര്‍. ആരോപണങ്ങള്‍ക്ക് മറുപടി പറഞ്ഞും അഭിപ്രായങ്ങളില്‍ വ്യക്തത വരുത്തിയും, പുതിയ നിര്‍ദേശങ്ങള്‍ക്ക് കാതോര്‍ത്തുമാണ് ശശി തരൂര്‍ വനിതകള്‍ക്കിടയിലെ താരമായത്. തിരുവനതപുരം വനിതാ കൂട്ടായ്മ വെള്ളയമ്പലം എസ്.എഫ്.എസ് ഹോം ബ്രിഡ്ജില്‍ സംഘടിപ്പിച്ച തുറന്ന സംവാദത്തില്‍ ശബരിമല വിഷയം മുതല്‍ വിഴിഞ്ഞം പദ്ധതി വരെയുള്ള ഒട്ടനവധി ചോദ്യങ്ങള്‍ക്ക് ശശി തരൂര്‍ മറുപടി നല്‍കി.
ശബരിമലയിലെ വിഷയത്തില്‍ കോണ്‍ഗ്രസ് വിശ്വാസികള്‍ക്കൊപ്പമാണെന്നും ഇക്കാര്യത്തില്‍ വിശ്വാസികളെ ചതിച്ചതു ബി.ജെ.പിയാണെന്നും ശശി തരൂര്‍ പറഞ്ഞു. കേന്ദ്രത്തില്‍ അധികാരത്തിലിരിക്കുന്ന ബി.ജെ.പി സര്‍ക്കാരിനു കോടതിയില്‍ ഹര്‍ജി നല്‍കാനും പാര്‍ലമെന്റില്‍ നിയമനിര്‍മാണം നടത്താനും ഓര്‍ഡിനന്‍സ് കൊണ്ടുവരുവാനും സാധിക്കുമായിരുന്നു. എന്നാല്‍ അതവര്‍ ചെയ്തില്ല. പകരം ശബരിമലയെ ഒരു സുവര്‍ണാവസരമായാണു ബി.ജെ.പി കണ്ടത്. ബി.ജെ.പിയുടെ ദേശീയ അധ്യക്ഷന്‍ തന്നെയാണ് ഇക്കാര്യം പറഞ്ഞതും. ചില വിശ്വാസങ്ങളുടെ കാര്യം വരുമ്പോള്‍ മാത്രം കാണിക്കുന്ന ജാഗ്രത സംസ്ഥാന സര്‍ക്കാര്‍ ശബരിമലയുടെ കാര്യത്തില്‍ പുലര്‍ത്തിയില്ലെന്നും അദ്ദേഹം പറഞ്ഞു.
തിരുവന്തപുരത്ത് ഹൈക്കോടതി ബെഞ്ച് സ്ഥാപിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റിയും, തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ വികസന സാധ്യതയെപ്പറ്റിയും, മത്സ്യബന്ധന മേഖലയുടെ വികസനത്തിനായി പ്രത്യേക ഫിഷറീസ് മന്ത്രാലയം സ്ഥാപിക്കേണ്ടതിന്റെ അനിവാര്യതയിലേക്കും ഡോ.തരൂര്‍ വിരല്‍ ചൂണ്ടി. ഇന്ത്യന്‍ ജനാധിപത്യം വിവിധങ്ങളായ വെല്ലുവിളികള്‍ നേരിട്ടുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍, സങ്കുചിത രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കായി മതത്തെ കൂട്ടുപിടിക്കുന്ന ബി.ജെ.പിയുടെ ഹിന്ദുത്വ രാഷ്ട്രീയത്തിന് വോട്ടിങ് യന്ത്രത്തിലൂടെ മറുപടി പറയണമെന്ന് തരൂര്‍ സ്ത്രീ വോട്ടര്‍മാരോട് അഭ്യര്‍ഥിച്ചു.
നായര്‍ സ്ത്രീകളുമായി ബന്ധപ്പെട്ട് തരൂരിനെതിരേ ഉന്നയിച്ച ആരോപണങ്ങളില്‍ വ്യക്തത വരുത്തണമെന്ന് ആവശ്യപ്പെട്ട ഒരു ചോദ്യകര്‍ത്താവിനോട്, താന്‍ 30 വര്‍ഷങ്ങള്‍ക്കു മുമ്പെഴുതിയ ഒരു കാര്യത്തെ ഇപ്പോള്‍ വളച്ചൊടിക്കുന്നവരുടെ രാഷ്ട്രീയമെന്താണെന്ന് അറിയാമെന്നും, അന്ന് നായര്‍ സ്ത്രീകളുടെ അവസ്ഥയതെന്തായിരുന്നുവെന്നും ചരിത്രവസ്തുതകളുടെ അടിസ്ഥാനത്തില്‍ തരൂര്‍ വിശദമാക്കി. അഞ്ചു വര്‍ഷക്കാലത്തെ മോദി സര്‍ക്കാരിന്റെ ദുര്‍ഭരണത്തിന് അറുതിവരുത്തി, കോണ്‍ഗ്രസിനെ ജനങ്ങള്‍ അധികാരത്തിലേറ്റിയാല്‍ വനിതാ സംവരണ ബില്‍ അടക്കമുള്ള കാര്യങ്ങള്‍ പാര്‍ലമെന്റില്‍ പാസാക്കാന്‍ കോണ്‍ഗ്രസ് തന്നെ മുന്‍കൈ എടുക്കുമെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
ഇന്ത്യ എന്ന ആശയത്തിന്റെ ഭാവി തന്നെ അപകടത്തിലായിരിക്കുന്ന ഈ വര്‍ത്തമാന കാലഘട്ടത്തില്‍ ജാഗ്രതയുള്ള പൗരന്മാരായിരിക്കണമെന്നും, രാഷ്ട്രീയത്തിലേക്ക് കൂടുതല്‍ സ്ത്രീകള്‍ കടന്നു വരണമെന്നും തരൂര്‍ അഭ്യര്‍ഥിച്ചു. പാര്‍ലമെന്റില്‍ തിരുവനന്തപുരത്തിന്റെ ശബ്ദം ഉയര്‍ത്തിപ്പിടിക്കാന്‍ തന്നെ വോട്ടു ചെയ്തു വിജയിപ്പിക്കണമെന്നു അഭ്യര്‍ഥിച്ച തരൂര്‍ വോട്ടെടുപ്പു ദിവസം മഴ പെയാന്‍ സാധ്യതയുള്ളതിനാല്‍ എല്ലാപേരും കുട മറക്കാതെ കൈയില്‍ കരുതണമെന്നും ഓര്‍മിപ്പിച്ചു. നൂറോളം സ്ത്രീകള്‍ പങ്കെടുത്ത വിമെന്‍സ് കോണ്‍ക്ലേവില്‍ തരൂരിനെ കൂടാതെ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, ഡോ.വിജയലക്ഷ്മി, ഡോ. കാന്തി സംസാരിച്ചു.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.