
ന്യൂഡല്‍ഹി: വടക്കുകിഴക്കന്‍ സൈനിക യൂനിറ്റില്‍ ജവാന് മരിച്ചു. ഹൃദയസ്തംഭനത്തെ തുടര്‍ന്നാണ് മരണമെങ്കിലും മുഴുവന്‍ യൂനിറ്റിനെയും പത്തുകിലോമീറ്റര്‍ നടത്തിയതാണ് മരണകാരണമെന്നാരോപണമുയര്ന്നു. ഇതിനെ തുടര്‍ന്ന് സൈനിക യൂനിറ്റില്‍ ലഹള ഉണ്ടായെന്നും മുതിര്‍ന്ന ഓഫിസര്‍മാരെ ജവാന്മാര് ഉപരോധിച്ചെന്നും മറ്റുമുള്ള റിപ്പോര്‍ട്ടുകള്‍ സൈനിക വക്താവ് നിഷേധിച്ചു.
ജവാന് മരിച്ചതോടെ ശക്തമായി പ്രതികരിച്ച നാലോ അഞ്ചോ ജവാന്മാര് ഓഫിസര്‍മാരുടെ നടപടിയെ ചോദ്യം ചെയ്യുകയും അവരെ കയ്യേറ്റം ചെയ്തതായും പലര്‍ക്കും പരുക്കുപറ്റിയതായും സൈനിക വക്താവ് സ്ഥിരീകരിച്ചിട്ടുണ്ട്.
എന്നാല്‍ ഇത് ലഹളയല്ലെന്നും ജവാന്മാരെ റൂട്ട് മാര്‍ച്ച് നടത്തുന്നതിനു മുമ്പുതന്നെ തനിക്ക് നെഞ്ചുവേദനയുണ്ടെന്ന് മരിച്ച ജവാന് പറഞ്ഞിരുന്നതായും വക്താവ് അറിയിച്ചു. യൂനിറ്റ് മെഡിക്കല്‍ ഓഫിസര്‍ പരിശോധന നടത്തുകയും ചെയ്തു. പിന്നീട് റൂട്ട്മാര്‍ച്ചിനിടെ ജവാന് കുഴഞ്ഞുവീണു മരിക്കുകയായിരുന്നു.
ലഹളയുണ്ടായെന്ന രീതിയില്‍ സാമൂഹ്യമാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വന്നതോടെയാണ് വിശദീകരണം.