2021 October 16 Saturday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

വടക്കന്‍ കേരളത്തില്‍നിന്നുള്ള ആദ്യ എ.ഡി.പി.ഐ സര്‍വിസില്‍നിന്ന് ഇന്ന് പടിയിറങ്ങും

തൃക്കരിപ്പൂര്‍: വടക്കന്‍ കേരളത്തില്‍നിന്നുള്ള ആദ്യ എ.ഡി.പി.ഐ സി. രാഘവന്‍ ഇന്ന് വിരമിക്കും. വിദ്യാഭ്യാസ വകുപ്പ് നിര്‍ധന വിദ്യാര്‍ഥികള്‍ക്കായി നടപ്പാക്കിയ ഒരു ജോഡി യൂനിഫോറം പയ്യന്നൂര്‍ രാമന്തളി കുന്നരു സ്‌കൂളില്‍ പഠിക്കുമ്പോള്‍ ലഭ്യമായത് രാഘവന്‍ ഇപ്പോഴും കണ്ണീരോടെ ഓര്‍ത്തെടുക്കും. ബാല്യകാലത്ത് അച്ഛന്റെ സ്‌നേഹം ലഭിക്കാതെയാണ് വളര്‍ന്നത്. കൂലിപ്പണിക്കാരിയായ അമ്മ ചെമ്പന്‍ ലക്ഷ്മിയായിരുന്നു താങ്ങും തണലുമായി ഉണ്ടായിരുന്നത്. അവിടെ നിന്ന് കഷ്ടപ്പാടുകള്‍ താണ്ടിയാണ് രാഘവന്‍ എ.ഡി.പി.ഐയുടെ പദവിയിലെത്തിയത്.
കാസര്‍കോട് ഉപ ഡയരക്ടറായിരിക്കെ ജില്ലയില്‍ നടപ്പാക്കിയ സാക്ഷരം പരിപാടി ശ്രദ്ധേയമായിരുന്നു. സംസ്ഥാനത്ത് ആദ്യമായി പ്രൈമറി മേഖലയില്‍ മലയാള ഭാഷ കൈകാര്യം ചെയ്യാന്‍ മുഴുവന്‍ കുട്ടികളെയും പ്രാപ്തമാക്കിയ ഈ പരിപാടി സംസ്ഥാനത്ത് കാസര്‍കോട് ജില്ലയുടെ മികവുകാട്ടി. മുഴുവന്‍ വിദ്യാലയങ്ങളിലും 2014ല്‍ സ്‌കൂള്‍ ബ്ലോഗുകള്‍ നിര്‍മിച്ച്പഠന പ്രവര്‍ത്തനത്തിന് മിഴിവേകാന്‍ കഴിഞ്ഞു. 2015 ല്‍ ദുര്‍ഗാ ഹൈസ്‌കൂളില്‍നടന്ന സംസ്ഥാന അധ്യാപക ദിനാഘോഷവുമായി ബന്ധപ്പെട്ട് രാഷ്ട്രീയപ്രേരിതമായി വയനാട്ടിലേക്ക് സ്ഥലംമാറ്റപ്പെട്ടു. വയനാട്ടില്‍നിന്ന് ആര്‍.എം.എസ്.എ.എ അഡീഷണല്‍ സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടറായി തിരുവനന്തപുരത്ത് നിയമിതനായി. 2016 പരീക്ഷാഭവന്‍ ജോയിന്‍ കമ്മിഷണറായി നിയമനം ലഭിച്ചപ്പോള്‍ നടപ്പാക്കിയ പരിഷ്‌കാരങ്ങള്‍ ബഹുജന ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. സന്ദര്‍ശന സമയം രാവിലെ ഒരു മണിക്കൂര്‍ കൂടുതല്‍ നല്‍കിയത് വടക്കന്‍ ജില്ലകളില്‍ നിന്ന് എത്തുന്ന അപേക്ഷകരെ സംബന്ധിച്ചിടത്തോളം ഏറെ ആശ്വാസകരമായിരുന്നു. അപേക്ഷ നല്‍കിയ ദിവസം തന്നെ തിരുത്തല്‍ വരുത്തിയ സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കിയത് പൊതുജനങ്ങളുടെ ഇടയില്‍ പരീക്ഷാഭവന്റെ മതിപ്പുയര്‍ത്തി.
2017ലെ എസ്.എസ്.എല്‍.സി പരീക്ഷയില്‍ കണക്ക് പരീക്ഷയിലെ ചോദ്യക്കടലാസുമായി ബന്ധപ്പെട്ട ക്രമക്കേട് അന്വേഷിച്ചതും അഞ്ചുദിവസം കൊണ്ട് പരീക്ഷ വീണ്ടും നടത്തിയതും ഔദ്യോഗിക കാലഘട്ടത്തിലെ മറക്കാനാവാത്ത സന്ദര്‍ഭം.
ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഗുഡ് സര്‍വിസ് എന്‍ട്രി നല്‍കി ആദരിക്കുകയുണ്ടായി. 2019ല്‍ പൊതു വിദ്യാഭ്യാസ അഡിഷണല്‍ ഡയറക്ടറായി നിയമനം ലഭിക്കുമ്പോള്‍ അത് വടക്കന്‍ ജില്ലകളില്‍ നിന്ന് ഇന്ന് ഈ പദവിയിലെത്തുന്ന ആദ്യത്തെ ആള്‍ എന്ന പ്രത്യേകതയുമായി.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.