
മലപ്പുറം: ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.കെ.ടി ജലീലിന്റെ മണ്ഡലത്തില്‍ ഉള്‍പ്പെടെ സംസ്ഥാനത്ത് 42 സര്‍ക്കാര്‍ കോളജുകള്‍ക്ക് വര്‍ഷങ്ങളായി നാഥനില്ല. നിലവിലുള്ള ആധ്യാപകര്‍ക്ക് യു.ജി.സി നിഷ്ക്കര്‍ഷിച്ച യോഗ്യത കുറവുള്ളതിനാലാണ് പ്രിന്‍സിപ്പല്‍ തസ്തിക ഒഴിഞ്ഞു കിടക്കുന്നത്. പ്രിന്‍സിപ്പല്‍ ഇല്ലാത്ത കോളജുകളില്‍ മുതിര്‍ന്ന അധ്യാപകര്‍ക്ക് താല്‍ക്കാലിക ചുമതല നല്‍കിയിരിക്കുകയാണ്. എന്നാല്‍ പതിവ് ക്ലാസുകള്‍ക്ക് പുറമെ പ്രിന്‍സിപ്പല്‍ ചുമതല കൂടി വഹിക്കാന്‍ അധ്യാപകര്‍ മടിക്കുകയാണ്.
പ്രിന്‍സിപ്പല്‍ തസ്തിക ഒഴിഞ്ഞു കിടക്കുന്ന 32 കോളജുകളും മലബാറിലാണ്. കോഴിക്കോട് ജില്ലയില്‍ ഒന്‍പത് സര്‍ക്കാര്‍ കോളജുകളിലാണ് പ്രിന്സിപ്പലില്ലാത്തത്. ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.കെ.ടി ജലീലിന്റെ മണ്ഡലത്തിലെ തവനൂര്‍ കോളജ് ഉള്‍പ്പടെ മലപ്പുറത്ത് എട്ടിടങ്ങളിലും നാഥനില്ല. പാലക്കാട് ഏഴ്, കാസര്‍ക്കോട് നാല്, തൃശൂര്‍ മൂന്ന്, കണ്ണൂര്‍, വയനാട്, എറണാകുളം, ഇടുക്കി, ആലപ്പുഴ ജില്ലകളില്‍ രണ്ടു കോളജുകളിലും , കോട്ടയത്ത് ഒരു പ്രിന്‍സിപ്പല്‍ തസ്തികയുമാണ് ഒഴിഞ്ഞു കിടക്കുന്നത്.
15 വര്‍ഷം സര്‍വിസ്, പിഎച്ച്.ഡി, അസോസിയേറ്റ് പ്രൊഫസര്‍, യു.ജി.സി മാനദണ്ഡം അനുസരിച്ച് 110 റിസര്‍ച് സ്കോര്‍, യു.ജി.സി അംഗീകരിച്ച 10 റിസര്‍ച് പബ്ലിക്കേഷനുമുള്ളവരെയാണ് പ്രിന്‍സിപ്പല്‍ യോഗ്യതയായി കണക്കാക്കുന്നത്. എയ്ഡഡ് കോളജുകളിലും ഇതേ യോഗ്യതയാണ് കണക്കാക്കുന്നത്. യോഗ്യതയുള്ളവര്‍ കുറഞ്ഞതിനാല്‍ അസോയിയേറ്റ് പ്രൊഫസറും 15 വര്‍ഷം സര്‍വിസും പിഎച്ച്.ഡിയുമുള്ളവരുടെ സീനിയോരിറ്റി പ്രകാരം നിയമിക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഇതിനെതിരേ അധ്യാപകര്‍ തന്നെ രംഗത്തുവന്നതോടെ ഉപേക്ഷിക്കുകയായിരുന്നു.
Comments are closed for this post.