2021 April 19 Monday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

വംശീയാധിക്ഷേപം: തരുണ്‍ വിജയ്‌ക്കെതിരേ കേസെടുക്കണമെന്ന് പ്രതിപക്ഷം

ന്യൂഡല്‍ഹി: കേരളം ഉള്‍പ്പെടെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ ജനങ്ങളെ വംശീയമായി അധിക്ഷേപിച്ച ബി.ജെ.പി നേതാവിന്റെ പരാമര്‍ശത്തിനെതിരേ പ്രതിഷേധം രൂക്ഷം. ആര്‍.എസ്.എസ് നേതാവും മുന്‍ എംപിയുമായ തരുണ്‍ വിജയിനെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷം ലോക്‌സഭയില്‍ ആവശ്യപ്പെട്ടു.
ജാതിയുടെയും നിറത്തിന്റെയും പേരില്‍ രാജ്യത്ത് വിവേചനം നടക്കുന്നില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ ഉറപ്പുവരുത്തണമെന്നും തരുണിനെതിരേ കേസെടുക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.
സംഭവത്തില്‍ ബി.ജെ.പി നേതാവ് മാപ്പു പറഞ്ഞിട്ടുണ്ടെന്നും ഇന്ത്യ ഒരു മതേതര രാജ്യമാണെന്നും പറഞ്ഞ് സംഭവത്തെ ലഘൂകരിക്കാനാണ് കേന്ദ്രമന്ത്രിമാരായ രാജ് നാഥ് സിങ്ങും അനന്ത് കുമാറും ശ്രമിച്ചത്. എന്നാല്‍ ഇവരുടെ ഇത്തരമൊരു നീക്കവും പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തെ തണുപ്പിക്കാന്‍ പര്യാപ്തമായിരുന്നില്ല. തരുണ്‍ വിജയ് നടത്തിയ പരാമര്‍ശം രാജ്യത്താകമാനം പ്രത്യേകിച്ച് ദക്ഷിണേന്ത്യയില്‍ വലിയ പ്രതിഷേധത്തിനാണ് ഇടയാക്കിയിട്ടുള്ളത്. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷം ലോക്‌സഭയില്‍ പ്രതിഷേധിച്ചത്.
തരുണ്‍ വിജയിക്കെതിരേ രാജ്യദ്രോഹ കുറ്റത്തിന് കേസെടുക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ ആവശ്യപ്പെട്ടു. വംശീയ പരാമര്‍ശം നടത്തിയിട്ട് മാപ്പു പറഞ്ഞിട്ട് കാര്യമില്ലെന്നും തരുണിനെതിരേ സര്‍ക്കാര്‍ എന്തു നടപടിയാണ് എടുത്തതെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തരുണ്‍ ഒരു സാധാരണ വ്യക്തിയല്ലെന്നും സംഘപരിവാറിന്റെ തത്വശാസ്ത്രത്തെ കുറിച്ച് നിരവധി പുസ്തകങ്ങള്‍ രചിച്ചയാളും രാജ്യസഭാംഗവുമായിരുന്നുവെന്നും ഖാര്‍ഗെ പറഞ്ഞു. തരുണിന്റെ പരാമര്‍ശവും അദ്ദേഹം ലോക്‌സഭയില്‍ വായിച്ചു.
അദ്ദേഹത്തിന്റെ പരാമര്‍ശം രാജ്യത്തിന്റെ ഐക്യത്തിന് ഭീഷണിയാണ്. കേന്ദ്ര സര്‍ക്കാര്‍ ഈ രാജ്യത്തെ വിഭജിക്കുകയാണെന്ന് ഖാര്‍ഗെ ആരോപിച്ചു. ദക്ഷിണേന്ത്യന്‍ പൗരന്‍മാര്‍ ഇന്ത്യക്കാരല്ലേയെന്ന് വ്യക്തമാക്കാന്‍ ബി.ജെ.പിക്ക് ധാര്‍മികതയുണ്ടെന്ന് ഖാര്‍ഗെ വ്യക്തമാക്കി.
കേന്ദ്രം ഇങ്ങനെയാണ് മുന്നോട്ട് പോകുന്നതെങ്കില്‍ സംസ്ഥാനങ്ങള്‍ സ്വാതന്ത്ര്യം ആവശ്യപ്പെട്ടു തുടങ്ങും. ഇത്തരം കാര്യങ്ങള്‍ക്ക് സര്‍ക്കാര്‍ പിന്തുണ നല്‍കുകയാണ്. സര്‍ക്കാരിന്റെ മാനസികാവസ്ഥയാണ് തരുണ്‍ വിജയിയിലൂടെ വ്യക്തമായതെന്ന് പറഞ്ഞ ഖാര്‍ഗെ, കേന്ദ്ര സര്‍ക്കാര്‍ ഹിറ്റ്‌ലറെപ്പോലെയാണ് പെരുമാറുന്നതെന്നും ആരോപിച്ചു.
രാജ്യത്തെ തകര്‍ക്കുന്നതാണ് തരുണ്‍ വിജയിയുടെ പരാമര്‍ശം. ഇത് ദേശദ്രോഹ പ്രവര്‍ത്തനമാണ്. അതിനാല്‍ അദ്ദേഹത്തിനെതിരേ കേസെടുക്കണം.
അപമാനിക്കുകയും നാണംകെടുത്തുകയും ചെയ്തതിന് ശേഷം മാപ്പപേക്ഷിച്ചിട്ട് കാര്യമില്ല-ഖാര്‍ഗെ ചൂണ്ടിക്കാട്ടി.
അതേസമയം, തരുണ്‍ വിജയിന്റെ പേര് പരാമര്‍ശിക്കാതെ വിവാദ പരാമര്‍ശം നടത്തിയ വ്യക്തി തന്റെ പ്രസ്താവന നീതീകരിക്കാനാവാത്താണെന്ന് പറഞ്ഞിട്ടുണ്ടെന്ന് മന്ത്രി രാജ്‌നാഥ് സിങ് അറിയിച്ചു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.