2020 December 04 Friday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

‘ലൗ ജിഹാദ് ‘ ബി.ജെ.പി സൃഷ്ടി; വര്‍ഗീയ ചേരിതിരിവുണ്ടാക്കാന്‍ ശ്രമം: അശോക് ഗെലോട്ട്

ജയ്പൂര്‍: മുസ്‌ലിംകള്‍ക്കെതിരേ ‘ലൗ ജിഹാദ് ‘ ആരോപണവുമായി സംഘ്പരിവാര്‍ കേന്ദ്രങ്ങള്‍ രംഗത്തെത്തുകയും ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ ‘ലൗ ജിഹാദി’നെതിരേ നിയമം കൊണ്ടുവരുമെന്നു പ്രഖ്യാപിക്കുകയും ചെയ്തതിനു പിന്നാലെ, വിഷയത്തില്‍ ബി.ജെ.പിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവും രാജസ്ഥാന്‍ മുഖ്യമന്ത്രിയുമായ അശോക് ഗെലോട്ട് രംഗത്ത്. ‘ലൗ ജിഹാദ് ‘ എന്ന വാക്ക് ബി.ജെ.പിയുടെ സൃഷ്ടിയാണെന്നും രാജ്യത്തു വര്‍ഗീയ ചേരിതിരിവുണ്ടാക്കാനുള്ള മനഃപൂര്‍വ ശ്രമമാണ് ഇതിനു പിന്നിലെന്നും അശോക് ഗെലോട്ട് ആരോപിച്ചു.
സ്‌നേഹബന്ധങ്ങള്‍ തീരുമാനിക്കാന്‍ വ്യക്തികള്‍ക്കു ഭരണഘടന നല്‍കിയ അവകാശം ഇല്ലാതാക്കാനും, ലൗ ജിഹാദെന്ന പേരില്‍ രാജ്യത്തു വര്‍ഗീയ ചേരിതിരിവുണ്ടാക്കാനുമാണ് ബി.ജെ.പിയുടെ ശ്രമമെന്ന് അശോഗ് ഗെലോട്ട് ട്വിറ്ററിലൂടെയാണ് ആരോപിച്ചത്. ഈ വാക്ക് ബി.ജെ.പി സൃഷ്ടിച്ചെടുത്തതാണ്. രാജ്യത്തെ വര്‍ഗീയമായി വിഭജിക്കാനാണ് ഈ നീക്കം. വിവാഹമെന്നത് ഓരോരുത്തരുടെയും വ്യക്തിപരമായ കാര്യമാണെന്നും ഇത്തരം കാര്യങ്ങളിലെ നിയന്ത്രണത്തിന് നിയമങ്ങള്‍ കൊണ്ടുവരുന്നത് ഭരണഘടനാവിരുദ്ധമാണെന്നും പറഞ്ഞ അദ്ദേഹം, സ്‌നേഹത്തില്‍ ജിഹാദ് എന്നതുതന്നെ വരുന്നില്ലെന്നും പറഞ്ഞു.
എന്നാല്‍, ഗെലോട്ടിന്റെ ഈ പ്രതികരണത്തിനെതിരേ ബി.ജെ.പി നേതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. നേരത്തെ, ലൗ ജിഹാദിനെതിരേ നിയമവുമായി മധ്യപ്രദേശ് സര്‍ക്കാര്‍ രംഗത്തെത്തിയിരുന്നു. ഹരിയാന, കര്‍ണാടക സംസ്ഥാന സര്‍ക്കാരുകളും ഇക്കാര്യത്തില്‍ നിയമം കൊണ്ടുവരുമെന്നു വ്യക്തമാക്കിയിരുന്നു.
കേന്ദ്രസര്‍ക്കാരും അക്കാര്യത്തെക്കുറിച്ച് ആലോചിക്കുന്നതായി വാര്‍ത്തയുണ്ടായിരുന്നു. ലൗ ജിഹാദ് വര്‍ധിക്കുന്നുവെന്ന പ്രസ്താവനയുമായി ദേശീയ വനിതാ കമ്മിഷന്‍ അധ്യക്ഷ രംഗത്തെത്തിയിരുന്നെങ്കിലും, അത്തരമൊരു സംഭവം ഇല്ലെന്നു വിവരാവകാശ ചോദ്യത്തിനു മറുപടിയായി വനിതാ കമ്മിഷന്‍ തന്നെ വ്യക്തമാക്കുകയും ചെയ്തിരുന്നു.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.