സ്വന്തം ലേഖകൻ
തിരുവനന്തപുരം
തിരുവനന്തപുരം സർക്കാർ ലോ കോളജിൽ ചൊവ്വാഴ്ച രാത്രി കെ.എസ്.യു നേതാക്കളെ എസ്.എഫ്.ഐ പ്രവർത്തകർ ആക്രമിച്ചതിനെതിരേ സബ്മിഷനുമായി പ്രതിപക്ഷ നേതാവ് നിയമസഭയിൽ. പൊലിസിന്റെ സാന്നിധ്യത്തിലാണ് കെ.എസ്.യു നേതാക്കളെയും അംഗങ്ങളെയും എസ്.എഫ്.ഐക്കാർ ആക്രമിച്ചതെന്ന് വി.ഡി സതീശൻ പറഞ്ഞു.
എസ്.എഫ്.ഐക്കാരുടെ ആക്രമണത്തെത്തുടർന്ന് വനിതാ വിദ്യാർഥികളെ കോളജിലേക്ക് അയക്കുന്നതിൽ രക്ഷിതാക്കൾ ആശങ്കയിലാണെന്നും സതീശൻ പറഞ്ഞു. തുടർന്ന് മറുപടി നൽകിയ മുഖ്യമന്ത്രി ഇരുവിദ്യാർഥി സംഘടനകളിലുംപെട്ട വിദ്യാർഥികൾക്ക് പരുക്കേറ്റിട്ടുള്ളതായാണ് പൊലിസ് റിപ്പോർട്ടെന്നും സംഭവുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം നടത്തുമെന്നും പറഞ്ഞു.
എന്നാൽ എസ്.എഫ്.ഐക്കാരെയും ഗുണ്ടകളെയും കണ്ടാൽ തിരിച്ചറിയാൻ പറ്റാത്ത സ്ഥിതിയാണെന്നു സതീശൻ തിരിച്ചടിച്ചു. പിന്നാലെ പ്രതിപക്ഷ നേതാവും മുഖ്യമന്ത്രിയും തമ്മിൽ വാക്കേറ്റമുണ്ടായി. തുടർന്ന് കാംപസുകളിൽ ഒരു കൂട്ടം ആളുകൾക്ക് എന്തും ചെയ്യാനുള്ള ലൈസൻസ് മുഖ്യമന്ത്രി നൽകുന്നുവെന്ന് ആരോപിച്ച് പ്രതിപക്ഷം സഭയിൽനിന്ന് ഇറങ്ങിപ്പോയി.
Comments are closed for this post.