ഇരുപത്തിയൊമ്പത് ദിവസം നീണ്ടുനിന്ന ലോ അക്കാദമി ലോ കോളജ് വിദ്യാര്‍ഥി സമരം അവസാനിച്ചിരിക്കുകയാണ്. സമീപകാലത്തു നടന്ന വിദ്യാര്‍ഥി സമരങ്ങളെ നിഷ്പ്രഭമാക്കും വിധം സഹനത്തിന്റെ മാര്‍ഗത്തിലൂടെ എസ്.എഫ്.ഐ ഒഴികെയുള്ള വിദ്യാര്‍ഥിസംഘടനകള്‍ നേടിയെടുത്ത ഈ വിജയം വിദ്യാര്‍ഥി ലോകത്തിന് എന്നെന്നും അഭിമാനിക്കാനുള്ള വക നല്കുന്നു. സമരം ഇടതുപക്ഷ സര്‍ക്കാരിന്റെ അടിത്തറ ഇളക്കിയേക്കാവുന്ന പരുവത്തിലെത്തിച്ചത് വിദ്യാര്‍ഥി സംഘടനകളുടെ കൂട്ടായ്മ തന്നെയാണ്. അവസാനഘട്ടമെത്തിയപ്പോഴേക്കും പിടിവിട്ടുപോകുമെന്ന തിരിച്ചറിവിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ സമരം അവസാനിപ്പിക്കുവാന്‍ സന്നദ്ധമായത്.
സി.പി.ഐയും സി.പി.എമ്മും പരസ്യമായ ഏറ്റുമുട്ടലുകളിലേക്കാണ് ലോ കോളജ് സമരം വഴിവച്ചത്. ഇരു കക്ഷികളുടെയും പരസ്യമായ വാഗ്വാദങ്ങള്ക്കിടയില് ജനപിന്തുണ സി.പി.ഐക്കൊപ്പമാണെന്ന തിരിച്ചറിവും സി.പി.എമ്മിനുണ്ടായി. തുടര്‍ന്നായിരുന്നു വിദ്യാര്‍ഥികളുടെ പ്രധാന ആവശ്യമായ പ്രിന്‍സിപ്പല്‍ ലക്ഷ്മി നായരെ തല്‍സ്ഥാനത്തു നിന്ന് നീക്കുവാനും പകരം യൂനിവേഴ്സിറ്റി അനുശാസിക്കുന്ന യോഗ്യതയുള്ളവരെ പ്രിന്‍സിപ്പലായി നിയമിക്കുവാനും വിദ്യാര്‍ഥികള്‍ക്ക് രേഖാമൂലം സര്‍ക്കാര്‍ നല്കിയ കരാറിലൂടെ തീരുമാനമായത്.
സര്‍ക്കാരിന് പൂര്‍ണ ഉത്തരവാദിത്തമുള്ള ഒരു ഉടമ്പടി എന്ന നിലയ്ക്കാണ് വിദ്യാര്‍ഥികള്‍ കരാര്‍ അംഗീകരിച്ചത്. നേരത്തെ കോളജ് മാനേജ്മെന്റ് കമ്മിറ്റി ലക്ഷ്മി നായരെ അഞ്ചു വര്‍ഷത്തേക്ക് പ്രിന്‍സിപ്പല്‍ സ്ഥാനത്തു നിന്ന് ഒഴിവാക്കാമെന്ന് ഒരു വെള്ളക്കടലാസില്‍ എഴുതിക്കൊടുത്തത് എസ്.എഫ്.ഐ അംഗീകരിക്കുകയും അവര്‍ സമരത്തില്‍നിന്നു പിന്മാറുകയും ചെയ്തു. ഈ പിന്മാറ്റം വിദ്യാര്‍ഥി ലോകത്ത് തന്നെ അവരെ ഒറ്റപ്പെടുത്തി . എസ്.എഫ്.ഐയുടെ പിന്മാറ്റം സമരരംഗത്തുള്ള വിദ്യാര്‍ഥി ഐക്യത്തിന് കൂടുതല്‍ കരുത്ത് നല്‍കുന്നതാണ് പിന്നീട് കണ്ടത്. ലക്ഷ്മി നായരുടെ രാജിയില്‍ കവിഞ്ഞൊന്നും അംഗീകരിക്കാനാവില്ല എന്ന വിദ്യാര്‍ഥി സംഘടനകളുടെ ഉറച്ച തീരുമാനത്തിന് മുന്നിലാണ് സര്‍ക്കാര്‍ ഇപ്പോള്‍ മുട്ടുമടക്കിയിരിക്കുന്നത്. ബി.ജെ.പി നേതാവ് വി. മുരളീധരന്റെയും സ്ഥലം എം.എല്‍.എ കെ മുരളീധരന്റെയും നിരാഹാര സമരത്തേക്കാളുപരി ഇടതുപക്ഷത്തെ പ്രധാന ഘടകകക്ഷിയായ സി.പി.ഐ ഇതുവഴി നേടിയെടുത്ത വമ്പിച്ച ജനസ്വാധീനമാണ് ഏറ്റവും പ്രധാനം.
ജനങ്ങള്‍ക്കൊപ്പമാണ് സി.പി.ഐ എന്നും നെറികേടുകള്‍ ഭരണത്തിലായാല്‍ പോലും നോക്കിനില്‍ക്കുകയില്ലെന്നും ഇടപെടുമെന്നുമുള്ള സന്ദേശമാണ് ഇതുവഴി അവര്‍ പൊതുസമൂഹത്തിന് നല്‍കിയത്. ചുരുക്കത്തില്‍ സി.പി.എം ഒഴികെയുള്ള രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കും എസ്.എഫ്.ഐ ഒഴികെയുള്ള വിദ്യാര്‍ഥി സംഘടനകള്‍ക്കും നേട്ടമാണ് ലോ കോളജ് വിദ്യാര്‍ഥി സമരം വിജയിച്ചതിലൂടെ ഉണ്ടായത്. എന്നാല്‍, ഇതുകൊണ്ട് മാത്രം ലോ അക്കാദമി പ്രശ്നം അവസാനിക്കുമെന്ന് തോന്നുന്നില്ല. ലോ അക്കാദമിയുടെ കൈയിലുള്ള ഭൂമിയെ കുറിച്ച് അന്വേഷിക്കുവാന്‍ റവന്യൂ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്റെ ഉത്തരവിനെ തുടര്‍ന്ന് റവന്യു വകുപ്പ് സെക്രട്ടറി അന്വേഷണം നടത്തുകയും ഭൂമി അന്യായമായ നിലയില്‍ വിനിയോഗിക്കപ്പെട്ടതായി കണ്ടെത്തിയിട്ടുമുണ്ട്. അന്വേഷണമില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നുവെങ്കിലും അന്വേഷണമുണ്ടാകുമെന്നും കലക്ടര്‍ റിപ്പോര്‍ട്ട് നല്‍കുമെന്നും പറഞ്ഞ റവന്യു മന്ത്രിയുടെ വാക്കുകളാണ് ഒടുവില്‍ പുലര്‍ന്നത്.
കലാലയത്തിന് അനുവദിച്ച ഭൂമി അതിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങളില്‍നിന്നു വ്യതിചലിച്ച് ബാങ്ക് സ്ഥാപിക്കാനും പ്രിന്‍സിപ്പലിന് ഹോട്ടല്‍ വ്യവസായം നടത്തുവാനും ഉപയോഗപ്പെടുത്തി എന്നത് അന്വേഷണത്തില്‍ തെളിഞ്ഞിരിക്കെ ഇതിനെതിരേയും നടപടി ഉണ്ടാകേണ്ടിയിരിക്കുന്നു. ഇതിന്റെ വകുപ്പ് സി.പി.ഐയുടെ കൈയിലായതിനാല്‍ അവര്‍ക്ക് തീര്‍ച്ചയായും ഇതില്‍ നടപടിയെടുക്കേണ്ടി വരും. ഇത് സ്വാശ്രയ സ്ഥാപനമാണോ സര്‍ക്കാര്‍ സ്ഥാപനമാണോ അണ് എയ്ഡഡ് ആണോ എയ്ഡഡ് ആണോ എന്നെല്ലാം വ്യക്തമാക്കേണ്ടിയിരിക്കുന്നു. ഇതിന് ഉത്തരം സര്‍വകലാശാല നല്‍കേണ്ടി വരും. വിദ്യാര്‍ഥികളുടെ വിജയത്തില്‍ മാത്രം അവസാനിക്കുന്നില്ല ലോ അക്കാദമിയിലെ പ്രശ്നങ്ങള്‍. അക്കാദമി നില്ക്കുന്ന ഭൂമിയുടെ ഉടമസ്ഥാവകാശത്തിലും കോളജിന്റെ അംഗീകാരത്തിലുമാണ് ഇനി തീരുമാനമുണ്ടാകേണ്ടത്.