2024 February 25 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ലോകായുക്ത ഓർഡിനൻസിൽ നിന്ന് പിന്നോട്ടില്ല: സി.പി.എം ജലീലിന്റേത് പാർട്ടിയുടെ അഭിപ്രായമല്ലെന്ന് കോടിയേരി

സ്വന്തം ലേഖകൻ
തിരുവനന്തപുരം
ലോകായുക്ത നിയമ ഭേദഗതിയിലുറച്ച് സി.പി.എം. വിഷയത്തിൽ വിട്ടുവീഴ്ചയ്ക്കില്ലെന്നും ഗവർണർ ഒപ്പിട്ടില്ലെങ്കിൽ നിയമസഭയിൽ ബില്ലായി കൊണ്ടുവരണമെന്നും സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ്. നിയമഭേദഗതി മന്ത്രിസഭ ചർച്ചചെയ്ത് അംഗീകരിച്ചതാണ്. വി.എസ് സർക്കാരിന്റെ കാലം മുതൽ ഇതുസംബന്ധിച്ച് ചർച്ച നടക്കുന്നുണ്ട്. ഭേദഗതിയിൽ സി.പി.ഐക്ക് അഭിപ്രായ വ്യത്യാസമുണ്ടെങ്കിൽ അക്കാര്യം അവരുമായി ചർച്ച ചെയ്തു പരിഹരിക്കണം.
മുന്നണിയിൽ ചർച്ചചെയ്യാതെ ലോകായുക്ത ഓർഡിനൻസിൽ തീരുമാനമെടുത്തതിൽ സി.പി.ഐയിൽ ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് ഇന്നലെ ചേർന്ന സി.പി.എം സെക്രട്ടേറിയറ്റ് കാര്യങ്ങൾ സി.പി.ഐയെ ബോധ്യപ്പെടുത്താമെന്ന തീരുമാനത്തിലെത്തിയത്.
അതേസമയം, ലോകായുക്ത ജഡ്ജിക്കെതിരേ കെ.ടി.ജലീൽ എം.എൽ.എ നടത്തിയ വിമർശനം സി.പി.എമ്മിന്റേതല്ലെന്നു പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ സെക്രട്ടേറിയറ്റ് യോഗത്തിനുശേഷം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ജലീൽ പാർട്ടി അംഗമല്ല. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റേതു സ്വന്തം അഭിപ്രായം മാത്രമാണ്. ലോകായുക്തക്കെതിരേ സി.പി.എം ഒരുഘട്ടത്തിലും ആരോപണം ഉന്നയിച്ചിട്ടില്ല. നിയമ ഭേദഗതി ഇപ്പോൾ ഗവർണറുടെ പരിഗണനയിലാണ്.
സർക്കാരും ഗവർണറും തമ്മിൽ ഇപ്പോൾ ഒരു തർക്കവുമില്ല. കൊവിഡ് സാഹചര്യം ആയതുകൊണ്ടു മാത്രമാണു നിയമസഭാ സമ്മേളനത്തിന്റെ കാര്യത്തിൽ തീരുമാനമെടുക്കാത്തതെന്നും കോടിയേരി പറഞ്ഞു. സിൽവർലൈൻ പദ്ധതിയ്ക്കു റെയിൽവേയുടെ പ്രിൻസിപ്പൽ അപ്രൂവൽ ലഭിച്ചിരുന്നു. അതുകൊണ്ടാണു റവന്യൂ വകുപ്പ് ഭൂമി ഏറ്റെടുക്കൽ നടപടികളുമായി മുന്നോട്ടുപോയതെന്നും അദ്ദേഹം പറഞ്ഞു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.