
കഴിഞ്ഞയാഴ്ച ലോകത്തെ മരണസംഖ്യയില്‍ പകുതിയും യു.എസില്‍
ലണ്ടന്‍: ലോകമാകെ പരിഭ്രാന്തി പരത്തി കൊവിഡ് പടരുന്നു. കൊവിഡ് ആദ്യമായി റിപ്പോര്‍ട്ട് ചെയ്തശേഷം ലോകമാകെ ഇതുവരെ 133 ദശലക്ഷം ആളുകള്‍ക്ക് രോഗം പിടിപെട്ടു. 29 ലക്ഷത്തോളം പേര് മരിക്കുകയും ചെയ്തു.
വിവിധ രാജ്യങ്ങള്‍ കൊവിഡ് മഹാമാരിക്കെതിരേ ശക്തമായ നടപടികള്‍ തുടരുകയാണ്. അസ്ട്ര സെനക വാക്സിനെതിരേ റിപ്പോര്‍ട്ടുകള്‍ വന്നതോടെ 30 വയസിനു താഴെയുള്ളവര്‍ക്ക് മറ്റൊരു വാക്സിന് നല്‍കുമെന്ന് യു.കെ അറിയിച്ചു. അസ്ട്ര സെനക വാക്സിന് രക്തം കട്ട പിടിക്കാന്‍ കാരണമാകുന്നതായ റിപ്പോര്‍ട്ടുകളുണ്ടെന്ന യൂറോപ്യന്‍ മെഡിസിന്‍സ് ഏജന്‍സി ചൂണ്ടിക്കാട്ടിയതോടെയാണിത്.
യു.കെയില്‍ പ്രായമായവര്‍ക്ക് അസ്ട്ര സെനക വാക്സിനാണ് എടുത്തുവരുന്നത്. സാധാരണമല്ലെങ്കില്‍ കൂടി രക്തം കട്ട പിടിക്കുന്നു എന്ന റിപ്പോര്‍ട്ട് ഉണ്ടായതോടെയാണ് അസ്ട്ര സെനകയ്ക്കു പകരം മറ്റൊരു വാക്സിന് ഉപയോഗിക്കാന്‍ രാജ്യം നിര്‍ബന്ധിതമായത്.
അതിനിടെ, കഴിഞ്ഞയാഴ്ച ലോകത്തുണ്ടായ കൊവിഡ് മരണങ്ങളില്‍ പകുതിയും അമേരിക്കയിലാണെന്ന റിപ്പോര്‍ട്ട് പുറത്തുവന്നു. 13 ലക്ഷം പുതിയ കേസുകളാണ് യു.എസില്‍ റിപ്പോര്‍ട്ട് ചെയ്തത്. 37,000 പേരാണ് മരിച്ചതെന്ന് പാന്‍ അമേരിക്കന്‍ ഹെല്‍ത്ത് ഓര്ഗനൈസേഷന് ഡയറക്ടര്‍ അറിയിച്ചു. കഴിഞ്ഞയാഴ്ച യു.എസിനു പുറമേ, ബ്രസീലിലും അര്‍ജന്റീനയിലുമാണ് കൂടുതല്‍ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം, ബ്രസീലില്‍ മറ്റൊരു ലോക്ക്ഡൗണ്‍ ആലോചനയിലില്ലെന്ന് പ്രസിഡന്റ് ബോല്‍സൊനാരോ വ്യക്തമാക്കി. 24 മണിക്കൂറിനിടെ രാജ്യത്ത് ഇതാദ്യമായി ഏറ്റവും കൂടുതല്‍ ആളുകള്‍ മരിച്ചെന്ന വാര്‍ത്തയ്ക്കു പിന്നാലെയാണ് പ്രസിഡന്റിന്റെ വിശദീകരണം.
ബ്രസീലില്‍ ഇതുവരെ 3,36,000 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. കര്‍ശന നടപടികള്‍ കൈക്കൊണ്ടില്ലെങ്കില്‍ മരണസംഖ്യ കുതിക്കുമെന്ന ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ എല്ലാവരെയും വീട്ടിലിരുത്തി എല്ലാം അടച്ചുപൂട്ടുക എന്ന നയം സ്വീകരിക്കാനാവില്ലെന്നാണ് പ്രസിഡന്റ് ബോല്‍സനാരോയുടെ പ്രതികരണം.