
റിയാദ്: ലോകത്തിലെ സുരക്ഷിത രാജ്യങ്ങളില്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ മിഡില്‍ ഈസ്റ്റ് രാജ്യങ്ങള്‍ കരസ്ഥമാക്കി. ആരോഗ്യ, സുരക്ഷാ, ഇന്‍ഫ്രാസ്ട്രക്ച്ചര്‍ തുടങ്ങിയ കാര്യങ്ങള്‍ വിലയിരുത്തി ഐക്യരാഷ്ട്രസഭ യൂണിവേഴ്സിറ്റിയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്‍വയര്‍മെന്റ് ആന്‍ഡ് ഹ്യുമന്‍ സെക്യൂരിറ്റി നടത്തിയ പഠനത്തിലാണ് രണ്ടും മൂന്നും സ്ഥാനങ്ങള്‍ പ്രമുഖ അറബ് രാജ്യങ്ങള്‍ കരസ്ഥമാക്കിയത്.
റിപ്പോര്‍ട്ട് പ്രകാരം ഒന്നാം സ്ഥാനം മാള്‍ട്ടയും രണ്ടാം സ്ഥാനം ഖത്തറും മൂന്നാം സ്ഥാനം സഊദി അറേബ്യക്കുമാണ്. അതേ സമയം, ഏറ്റവും ഭീതി നിറഞ്ഞ രാജ്യങ്ങളായി വനുആട്ടു, ടോംഗ, ഫിലിപ്പൈന്‍സ്, ഗ്വാട്ടിമല, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
ലോകത്തെ 171 രാജ്യങ്ങളില്‍ നടത്തിയ പഠനത്തിന് ശേഷമാണ് റിപ്പോട്ട് പ്രസിദ്ധീകരിച്ചത്. രാജ്യങ്ങളിലെ പ്രകൃതി, ഹ്യുമന്‍ വിഭവങ്ങളുടെ സംരക്ഷണം, രാജ്യത്തെ ജനങ്ങള്‍ക്കുള്ള സംരക്ഷണം, അത്യാഹിത, അപകട സമയത്തെ ഉടനടിയുള്ള ത്വരിത പ്രവര്‍ത്തനം എന്നീ ഘടകങ്ങള്‍ പരിശോധിച്ചാണ് സുരക്ഷിത രാജ്യങ്ങളെ തിരഞ്ഞെടുത്തത്. സുരക്ഷ കുറഞ്ഞ 15 രാജ്യങ്ങളില്‍ പതിമൂന്നും സ്ഥിതിചെയ്യുന്നത് ആഫ്രിക്കന്‍ മേഖലയിലാണ്.
ആസ്ട്രേലിയ, ജപ്പാന് തുടങ്ങിയ രാജ്യങ്ങള്‍ 121ാം റാങ്കിലാണ് ഇടം നേടിയിരിക്കുന്നത്. തുടര്‍ച്ചയായുള്ള വെള്ളപ്പൊക്കം, ഭൂമി കുലുക്കം തുടങ്ങിയ പ്രകൃതി ദുരന്തങ്ങള്‍ മൂലമാണിത്. ലൈബീരിയ (56), സാംബിയ (66), സെന്‍ട്രല്‍ ആഫ്രിക്ക (71) എന്നീ റാങ്കിലുള്ള രാജ്യങ്ങള്‍ ആരോഗ്യ സുരക്ഷയുടെ കാര്യത്തിലും അതിനുള്ള സംവിധാന കാര്യത്തിലും വളരെ പിന്നിലാണെന്നും പഠനത്തില്‍ വ്യക്തമാക്കാക്കുന്നുണ്ട്.