2021 April 19 Monday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ലോകത്തിന്റെ ഇന്ധനക്ഷാമം തീര്‍ക്കാന്‍ കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് !

ഋത്വിക് എസ്. കെ

നാം ശ്വസിച്ച് പുറംതള്ളുന്ന കാര്‍ബണ്‍ ഡൈ ഓക്‌സൈഡില്‍നിന്ന് ഇന്ധനം. കേട്ടാല്‍ കൗതുകം തോന്നും. അല്ലേ? എന്നാല്‍ കേള്‍ക്കുന്നത് വിശ്വാസയോഗ്യമായ വാര്‍ത്തയാണ്.

പല ഊര്‍ജ്ജോത്പാദന പ്രക്രിയകളിലും ശിഷ്ടം വരുന്ന ഒരു വാതകമാണ് കാര്‍ബണ്‍ ഡൈ ഓക്‌സൈഡ്. ജീവജാലങ്ങള്‍ ഓക്‌സിജന്‍ ശ്വസിച്ചെടുത്ത് ഊര്‍ജ്ജം ഉല്‍പാദിപ്പിച്ച ശേഷം കാര്‍ബണ്‍ ഡൈയോക്‌സൈഡ് പുറംതള്ളുകയാണ് ചെയ്യുന്നതെന്ന് നമുക്കറിയാം.

ഇന്ധനങ്ങളും മറ്റു വസ്തുക്കളും കത്തുമ്പോള്‍ ശിഷ്ടം പുറത്തുവരുന്ന വാതകവും കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് തന്നെ. അധികം ശ്വസിച്ചാല്‍ ഇത് ഹാനികരവുമാണ്. ഇങ്ങനെ ഒരു വാതകത്തില്‍നിന്ന് അധികം ഒന്നും പ്രതീക്ഷിക്കേണ്ട കാര്യമില്ല.

എന്നാല്‍ ഈ ധാരണയില്‍നിന്ന് ഒന്നുവേറിട്ടു ചിന്തിച്ചവരാണ് ഷിക്കാഗോയിലെ ഇല്ലിനോയ് സര്‍വകലാശാലയിലെ ഗവേഷകര്‍. സൗരോര്‍ജ്ജം ഉപയോഗിച്ച് കാര്‍ബണ്‍ ഡൈ ഓക്‌സൈഡില്‍നിന്ന് ഇന്ധനം നിര്‍മിക്കാവുന്ന കൃത്രിമ ഇലയാണ് ഇവര്‍ വികസിപ്പിച്ചെടുത്തിരിക്കുന്നത്.

പ്രാണവായുവായ ഓക്‌സിജന്‍ പോലെതന്നെ ജീവന്റെ നിലനില്‍പ്പിന് വളരെ പ്രധാനപ്പെട്ട ഒരു ഘടകമാണ് കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് എന്ന വാതകം. സസ്യങ്ങളുടെ നിലനില്‍പ്പിന് കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് അത്യാവശ്യമാണ്. മറ്റു  ജീവജാലങ്ങള്‍ ഊര്‍ജ്ജോത്പാദനത്തിനായി ഓക്‌സിജന്‍ ശ്വസിച്ച് കാര്‍ബണ്‍ ഡൈയോക്‌സൈഡ് പുറംതള്ളുമ്പോള്‍ സസ്യങ്ങള്‍ കാര്‍ബണ്‍ ഡൈ ഓക്‌സൈഡ്് ഉപയോഗിച്ച്, പ്രകാശസംസ്ലേഷണം എന്ന പ്രക്രിയയിലൂടെ ഓക്‌സിജനും അവയ്ക്കു വേണ്ട ഭക്ഷണമായ കാര്‍ബോ ഹൈഡ്രേറ്റും ഉല്‍പാദിപ്പിക്കുകയാണ് ചെയ്യുന്നത്.

ഇങ്ങനെയാണ് അന്തരീക്ഷത്തിലെ ഔക്‌സിജന്‍ അളവ് നിലനിര്‍ത്തപ്പെടുന്നത്. സസ്യങ്ങളിലെ ഈ പ്രതിഭാസത്തെ അനുകരിക്കുന്ന ഒരു ഉപകരണമായ കൃത്രിമ ഇലയാണ് ആര്‍ഗോണ്‍ നാഷണല്‍ ലാബോറട്ടറിയും ഇല്ലിനോയ് സര്‍വകലാശാലയിലെ ഗവേഷകസംഘവും ചേര്‍ന്ന് വികസിപ്പിച്ചെടുത്തത്.

പ്രകാശസംസ്ലേഷണത്തില്‍ സസ്യങ്ങള്‍ക്ക് ആവശ്യമായ അസംസ്‌കൃത വസ്തുക്കള്‍ കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് സൂര്യപ്രകാശവും പിന്നെ ജലവുമാണ്. കൃത്രിമ ഇലയ്ക്കു വേണ്ടതും ഇതൊക്കെത്തന്നെ. കാര്‍ബോ ഹൈഡ്രേറ്റിന് പകരം ഈ ഉപകരണം സിന്‍ഗ്യാസ് എന്ന് അറിയപ്പെടുന്ന കാര്‍ബണ്‍ മോണോക്‌സൈഡ്- ഹൈഡ്രജന്‍ വാതകമിശ്രിതമാണ് ഉല്‍പാദിപ്പിക്കുക. ധാരാളം ഊര്‍ജ്ജം തരുന്ന ഒരു വാതകമിശ്രിതമാണ് സിന്‍ഗ്യാസ്

പ്രകാശസംസ്ലേഷണത്തെ അനുകരിക്കാന്‍ ഉള്ള ശ്രമം ഇത് ആദ്യമായിട്ടല്ല. എന്നാല്‍ രാസപ്രവര്‍ത്തനശേഷി തീരേ കുറഞ്ഞ പ്രത്യക്ഷത്തില്‍ ഊര്‍ജ്ജം ഒന്നും തരാന്‍ സാധ്യയില്ലാത്ത വാതകമായ കാര്‍ബണ്‍ ഡയോക്‌സൈഡിനെ ഊര്‍ജ്ജസ്രോതസാക്കി മാറ്റുക എളുപ്പമല്ലെന്നു ഗവേഷക സംഘത്തിലെ അംഗമായ ലാരി കര്‍ടിസ് പറഞ്ഞു.

സസ്യങ്ങളില്‍ കോശതലത്തില്‍ നടക്കുന്ന സങ്കീര്‍ണമായ ഈ പ്രവര്‍ത്തനത്തെ ലഘൂകരിക്കാന്‍ ടങ്‌സറ്റണ്‍ ഡൈ സെലിനൈഡ് എന്ന വസ്തുവാണ് ഇവര്‍ ഉപയാഗിച്ചത്. രാസപ്രവര്‍ത്തനത്തെ ത്വരിതപ്പെടുത്താന്‍ ഏറെ ശേഷിയുള്ള ഒരു വസ്തുവാണ് ടങ്‌സറ്റണ്‍ ഡൈസെലിനൈഡ്.
 

പ്രകൃതിയില്‍ സസ്യങ്ങളുടെ എണ്ണം ഗണ്യമായി കുറയുന്നതും അന്തരീക്ഷ മലിനീകരണവര്‍ധനവും പ്രാണവായുവായ ഓക്‌സിജന്റെ അളവ് കുറയ്ക്കുകയും കാര്‍ബണ്‍ ഡയോക്‌സൈഡിന്റെ അളവ് കൂട്ടുകയും ചെയ്തു. ഇപ്പോള്‍ കണ്ടുവരുന്ന കാലാവസ്ഥയിലെ സാരമായ മാറ്റത്തിനും ആഗോളതാപനം പോലുള്ള മറ്റു പ്രശ്‌നങ്ങള്‍ക്കും ഇതു മുഖ്യകാരണമാണ്.

കാര്‍ബണ്‍ ഡൈ ഓക്‌സൈഡിനെ ഇന്ധനമാക്കുന്നതുവഴി കാര്‍ബണ്‍ ബഹിര്‍ഗമനത്തെ കുറയ്ക്കുവാന്‍ കഴിയും. അന്തരീക്ഷ മലിനീകരണത്തെയും ആഗോള താപനത്തെയും കൂടാതെ ലോകം ഇന്നു നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നമായ ഊര്‍ജ്ജ പ്രതിസന്ധിയെയും നേരിടാം എന്നാണ് ഗവേഷകര്‍ പറയുന്നത്.

വികസിപ്പിച്ചെടുത്താല്‍ ഈ കൃത്രിമ ഇല ലോകത്തിന്റെ ഭാവിയെതന്നെ മാറ്റി മറയ്ക്കുന്ന ഒരു സാങ്കേതിക വിദ്യയായി മാറും.

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.