ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നുമായി കൂടിക്കാഴ്ചക്കു തയാറാണെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കഴിഞ്ഞ ദിവസം ബ്ലൂബര്‍ഗ് ന്യൂസിനു നല്കിയ അഭിമുഖത്തില്‍ അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ ട്രംപിന്റെ ഈ സൗമനസ്യം ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍ സ്വീകരിച്ചതായി അറിവില്ല. തന്നിഷ്ടക്കാരായ രണ്ടു ഭരണാധികാരികളുടെ നയവൈകല്യം കാരണം ലോകം വീണ്ടുമൊരു മഹായുദ്ധത്തിലേക്ക് വീണേക്കുമോ എന്നു ഭയപ്പെടേണ്ടിയിരിക്കുന്നു. ചര്ച്ചക്കനുകൂലമായ ഒരു സാഹചര്യവും ഇരുരാഷ്ട്രങ്ങള്ക്കിടയിലും ഇപ്പോഴും ഉരുത്തിരിഞ്ഞുവന്നിട്ടില്ല.
അതിനേറെ കടമ്പകള്‍ കടക്കേണ്ടതുമുണ്ട്. ചര്ച്ചക്കനുകൂലമായ സാഹചര്യങ്ങള്‍ ലഭിച്ചാല്‍ എന്ന ട്രംപിന്റെ വാക്കുകളില്‍ തന്നെ അനുകൂലമായ സാഹചര്യമില്ല എന്ന സൂചനയുമുണ്ട്. പടക്കപ്പലുകളും അന്തര്‍വാഹിനികളും ഉത്തരകൊറിയയെ ലക്ഷ്യമാക്കി നീങ്ങിക്കൊണ്ടിരിക്കുകയും മിസൈല്‍ പ്രതിരോധ കവചങ്ങള്‍ അമേരിക്ക ദക്ഷിണ കൊറിയയില്‍ സ്ഥാപിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഒരു കൂടിക്കാഴ്ചയുടെ പ്രസക്തിതന്നെ ഇല്ലാതാവുകയാണ്. അതിനാലാണ് ഉന്നുമായുള്ള കൂടിക്കാഴ്ചക്കുള്ള സന്നദ്ധതയെക്കുറിച്ച് വൈറ്റ് ഹൗസ് വൃത്തങ്ങള്‍ കാര്യമായി പ്രതികരിക്കാത്തതും.
സ്ഥലവാസികളുടെ എതിര്‍പ്പ് അവഗണിച്ചുകൊണ്ട് ദക്ഷിണ കൊറിയയില്‍ അമേരിക്ക സ്ഥാപിച്ച താഡ് (ടെര്‍മിനല്‍ ഹൈ ആറ്റിറ്റിയൂഡ് ഏരിയ ഡിഫന്‍സ്) മിസൈല്‍ പ്രതിരോധ കവചം പ്രവര്‍ത്തിച്ചു തുടങ്ങിയിരിക്കുകയാണ്. ഉത്തരകൊറിയയില്‍ നിന്നും അമേരിക്കയെ നശിപ്പിക്കാന്‍ പോന്ന മാരകപ്രഹരശേഷിയുള്ള ബാലിസ്റ്റിക് മിസൈലുകള്‍ തങ്ങളുടെ പക്കലുണ്ടെന്ന് ഉന്‍ നേരത്തേതന്നെ ഭീഷണിമുഴക്കിയതാണ്. വകതിരിവില്ലാത്ത ഭരണാധികാരിയായ ഉന്‍ ഇതു പ്രയോഗിക്കും മുന്‍പ് ആ ബാലിസ്റ്റിക് മിസൈലുകളെ പ്രതിരോധിക്കാനാണ് ദക്ഷിണകൊറിയയില്‍ താഡ് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. യു.എസിന്റെ പ്രതിരോധകവചം ചൈനയുടെ പ്രതിരോധ താല്പര്യങ്ങള്ക്കും ഹാനികരമായതിനാല്‍ ഉത്തരകൊറിയയുമായി അകന്നുകൊണ്ടിരിക്കുന്ന ചൈനയെയും ഇതു പ്രകോപിപ്പിച്ചിരിക്കുകയാണ്. ഉത്തരകൊറിയയുടെ രാഷ്ട്രീയ സഖ്യക്ഷിയായ ചൈന ആദ്യം ഉത്തരകൊറിയക്കൊപ്പം നിന്നിരുന്നുവെങ്കിലും ഉത്തര കൊറിയക്കും അമേരിക്കക്കും ഇടയില്‍ സംഘര്‍ഷം മുറുകിക്കൊണ്ടിരുന്ന വേളയില്‍ ചൈന മധ്യസ്ഥനിലപാടിലേക്ക് മാറിയിരുന്നു.
എന്നാല്‍ ഇപ്പോള്‍ പൂര്‍ണമായും ഉത്തരകൊറിയയോട് അകലം പാലിക്കുകയാണ് ചൈന. ഇതിനു കാരണം അമേരിക്കയുമായുള്ള ചൈനയുടെ വാണിജ്യബന്ധമാണ്. ചൈനയുടെ ഏറ്റവും വലിയ വിപണിയാണ് അമേരിക്ക. അത്തരമൊരു സൗകര്യത്തെ ഉത്തരകൊറിയക്കുവേണ്ടി ബലികഴിക്കുവാന്‍ ചൈന സന്നദ്ധമല്ല. ഉത്തരകൊറിയക്കൊപ്പം നില്‍ക്കുന്നത് ബുദ്ധിപരമാവില്ലെന്നു കണ്ടതിനാലാണ് ചൈന കളം മാറിയത്. എന്നാല്‍ ഇപ്പോള്‍ അമേരിക്ക ദക്ഷിണകൊറിയയില്‍ സ്ഥാപിച്ച താഡ് മിസൈല്‍ കവചം ചൈനയെയും അലോസരപ്പെടുത്തുന്നുണ്ട്. ശാക്തികരാഷ്ട്രങ്ങള്‍ വ്യത്യസ്ത ചേരികളില്‍ നിന്നുകൊണ്ട് ലോകത്താകമാനം അശാന്തിയും സംഘര്‍ഷവും സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. കൊറിയയില്‍ ഇതുവരെ അമേരിക്ക നേരിട്ട് ഇടപെട്ടിരുന്നില്ല. എന്നാല്‍ ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് സിറിയന്‍ സേനക്കെതിരേ ബോംബ് വര്‍ഷിച്ചുകൊണ്ട് അമേരിക്കയും നേരിട്ട് യുദ്ധത്തിനിറങ്ങി.
ഇത് സിറിയന്‍ ഭരണകൂടത്തിനൊപ്പം നില്ക്കുന്ന റഷ്യയെ പ്രകോപിപ്പിച്ചിരിക്കുകയാണ്. ഐ.എസിനെ തുരത്താനെന്ന പേരില്‍ അഫ്ഗാനിസ്ഥാനിലും ഇറാഖിലും അമേരിക്ക ബോംബിട്ടുകൊണ്ടിരിക്കുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ തന്നെയാണ് അമേരിക്ക ഉത്തരകൊറിയയുമായി നേര്‍ക്കുനേര്‍ യുദ്ധമുഖം തുറക്കുന്നത്. ഇരുരാഷ്ട്രങ്ങള്ക്കിടയിലും ഇപ്പോള്മൂര്ഛിച്ചുകൊണ്ടിരിക്കുന്ന സംഘര്‍ഷാവസ്ഥ മൂന്നാം ലോകമഹായുദ്ധത്തിലേക്ക് നയിക്കുമോ എന്ന് ഭയപ്പെടേണ്ടയിരിക്കുന്നു. തങ്ങള്‍ക്ക് ആണ്വായുധം ഉണ്ടെന്ന് കിം ജോണ്‍ ഉന്‍ വീമ്പ് പറയുകയാണോ എന്നറിയില്ല. എന്നാല്‍ ആണവപരീക്ഷണത്തിനുള്ള ഭൂഗര്‍ഭ അറയില്‍ വെള്ളം പമ്പുചെയ്യുന്ന ജോലി ഉത്തരകൊറിയയില്‍ ആരംഭിച്ചതായി അറിയുന്നു. അമേരിക്കയും ഉത്തരകൊറിയയും തമ്മിലുള്ള സംഘര്‍ഷാവസ്ഥ പരിഹരിക്കുന്നതില്‍ യു.എന്‍ രക്ഷാസമിതി പരാജയപ്പെടുകയും മധ്യസ്ഥശ്രമത്തില്‍ നിന്ന് ചൈന വിട്ടുനില്‍ക്കുകയും ചെയ്യുന്ന ഒരവസ്ഥയില്‍ ലോകം മറ്റൊരു യുദ്ധത്തിലേക്ക് നീങ്ങുന്നതാണ് കണ്ടുകൊണ്ടിരിക്കുന്നത്.