ലഖ്‌നൗ
ലേഖിംപൂർ ഖേരിയിൽ കർഷക കൂട്ടക്കൊല നടത്തിയ കേസിൽ സാക്ഷിയായ ഭാരതീയ കിസാൻ യൂനിയൻ നേതാവിനെ വധിക്കാൻ ശ്രമം.
ഒക്ടോബർ മൂന്നിന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രയുടെ നേതൃത്വത്തിൽ സമരം ചെയ്ത കർഷകരെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ സാക്ഷി ദിൽബാഗ് സിങ്ങിനു നേരെയാണ് അജ്ഞാതർ വെടിയുതിർത്തത്. ചൊവ്വാഴ്ച രാത്രി ഇദ്ദേഹത്തിന്റെ വീട്ടിനടുത്താണ് ആക്രമണം ഉണ്ടായതെന്ന് പൊലിസ് പറഞ്ഞു. സിങ്ങിന്റെ വാഹനത്തിനു നേരെ മൂന്നു തവണ അക്രമികൾ വെടിയുതിർക്കുകയായിരുന്നു. ലേഖിംപൂർ ഖേരി ജില്ലയിലെ രാകേഷ് ടികായത്ത് നേതൃത്വം നൽകുന്ന ഭാരതീയ കിസാൻ യൂനിയന്റെ പ്രസിഡന്റാണ് സിങ്. അദ്ദേഹത്തിന് പരുക്കേറ്റിട്ടില്ല.
സിങ്ങിന്റെ പരാതിയിൽ തിരിച്ചറിയാത്ത പ്രതികൾക്കെതിരേ ഗൊലാ പൊലിസ് കേസെടുത്തിട്ടുണ്ട്. കേസിൽ അന്വേഷണം നടക്കുന്നുണ്ടെന്നും സിങ്ങിന് പൊലിസ് സുരക്ഷ ഏർപ്പെടുത്തുകയും ഗൺമാനെ അനുവദിക്കുകയും ചെയ്തിട്ടുണ്ടെന്നും ഗൊല സർക്കിൾ ഓഫിസർ രാജേഷ് കുമാർ പറഞ്ഞു. ചൊവ്വാഴ്ച രാത്രി 8.30 ഓടെ വീട്ടിലേക്ക് മടങ്ങവെ ബൈക്കിലെത്തിയ രണ്ടു പേരാണ് വെടിയുതിർത്തതെന്ന് സിങ് മാധ്യമങ്ങളോട് പറഞ്ഞു. വെടിവയ്പ്പിൽ കാറിന്റെ ടയർ പഞ്ചറായി. തുടർന്ന് അക്രമികൾ കാറിനടുത്തേക്ക് വന്ന് ഡോർ തുറക്കാൻ ശ്രമിച്ചെന്നും തുടർന്ന് വീണ്ടും കാറിനു നേരെ വെടിവച്ചു രക്ഷപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു.
Comments are closed for this post.