2022 August 16 Tuesday
നല്ല മനുഷ്യന്‍ സ്‌നേഹം മൂലം അനുസരിക്കുന്നു, അല്ലാത്തവന്‍ ഭയം മൂലവും.       അരിസ്റ്റോട്ടില്‍

ലീഗിനെതിരേ വെള്ളാപ്പള്ളി വര്‍ഗീയത ആരോപിക്കുന്നത് എല്‍.ഡി.എഫിന്റെ പിന്തുണയ്‌ക്കെന്ന് ശ്രീനാരായണീയ സംഘടനകള്‍

കൊച്ചി: സാമ്പത്തിക സംവരണത്തിനെതിരേ നിലപാടെടുത്ത മുസ്‌ലിം ലീഗിനെതിരേ വെള്ളാപ്പള്ളി നടേശന്‍ വര്‍ഗീയത ആരോപിക്കുന്നത് എല്‍.ഡി.എഫ് സര്‍ക്കാരിന്റെ പിന്തുണ നേടാനാണെന്ന്  ശ്രീനാരായണീയ സംഘടനകളുടെ കൂട്ടായ്മ. എല്‍.ഡി.എഫ് സര്‍ക്കാര്‍ മുന്നോക്ക സംവരണം നടപ്പാക്കിയതിനെതിരേ ശക്തമായ നിലപാട് സ്വീകരിച്ച പാര്‍ട്ടിയാണ് ലീഗ്. എന്നാല്‍ പിന്നോക്ക സമുദായ സംഘടനയുടെ നേതൃസ്ഥാനത്തിരിക്കുന്ന വെള്ളാപ്പള്ളി സര്‍ക്കാരിന്റെ നടപടിക്കെതിരേ ചെറുവിരലനക്കിയില്ല. എസ്.എന്‍.ഡി.പി യോഗം മുന്നോട്ടുവയ്ക്കുന്ന മതമൈത്രിയുടെ ആദര്‍ശങ്ങള്‍ വെള്ളാപ്പള്ളിയും മകനും സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്കു വേണ്ടി ബലികഴിക്കുകയാണെന്നും അവര്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.  വെള്ളാപ്പള്ളി നടത്തിയ കോടികളുടെ അഴിമതി, എസ്.എന്‍ കോളജ് ജൂബിലി ഫണ്ട് തട്ടിപ്പ്, കണിച്ചുകുളങ്ങര യൂനിയന്‍ സെക്രട്ടറി കെ.കെ മഹേശന്റെ  ദുരൂഹ മരണം എന്നിവയെക്കുറിച്ച്  അടിയന്തര അന്വേഷണമാവശ്യപ്പെട്ട് വിവിധ ശ്രീനാരായണീയ സംഘടനകളുടെ നേതൃത്വത്തില്‍ 15ന്  സെക്രട്ടേറിയറ്റ് ധര്‍ണ നടത്തും. ധര്‍ണ പ്രൊഫ. എം.കെ സാനു ഉദ്ഘാടനം ചെയ്യും. അഡ്വ. സി.കെ വിദ്യാസാഗര്‍ അധ്യക്ഷനാകും. 

എസ്.എന്‍.ഡി.പി യോഗം വിമോചനസമര പ്രഖ്യാപനം ഗോകുലം ഗോപാലന്‍ നിര്‍വഹിക്കും. നോണ്‍ ട്രേഡിങ്ങ് കമ്പനീസ് ആക്ട് അനുസരിച്ച് എസ്.എന്‍.ഡി .പി യോഗം സമര്‍പ്പിക്കേണ്ട വാര്‍ഷിക റിട്ടേണുകളും സ്റ്റേറ്റ്‌മെന്റും 2013 മുതല്‍ 2016 വരെ തുടര്‍ച്ചയായി സമര്‍പ്പിക്കാത്ത  സാഹചര്യത്തില്‍ ഈ കാലയളവില്‍ യോഗം ഭരണത്തിലുണ്ടായിരുന്ന ഡയരക്ടര്‍മാരെല്ലാവരും അടുത്ത അഞ്ചു വര്‍ഷത്തേക്ക് വീണ്ടും തെരഞ്ഞെടുക്കപ്പെടുന്നതിന് അയോഗ്യരാക്കിയുള്ള ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ വെള്ളാപ്പള്ളിയുടെ നേതൃത്വത്തിലുള്ളവര്‍ക്ക് യോഗം  ഭരണത്തില്‍ തുടരാന്‍ യോഗ്യതയില്ലെന്നും ഭാരവാഹികള്‍ പറഞ്ഞു. ശ്രീനാരായണ സഹോദര ധര്‍മവേദി, ശ്രീനാരായണ സേവാസംഘം, എസ്.എന്‍.ഡി.പി യോഗം സംരക്ഷണ സമിതി, ശ്രീനാരായണ ധര്‍മവേദി, എസ്.എന്‍. ഡി.പി യോഗം സമുദ്ധാരണ സമിതി, ശ്രീനാരായണ സാംസ്‌കാരിക സമിതി തുടങ്ങിയ സംഘടനകളുടെ ആഭിമുഖ്യത്തിലാണ് പ്രക്ഷോഭം. വാര്‍ത്താസമ്മേളനത്തില്‍ പ്രൊഫ. എം.കെ സാനു, അഡ്വ. എന്‍.ഡി പ്രേമചന്ദ്രന്‍, ഗോകുലം ഗോപാലന്‍, പി.പി രാജന്‍, മധു പരുമല എന്നിവര്‍ പങ്കെടുത്തു.

 

 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.