2023 December 04 Monday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ലയനതീരുമാനം ഒരുവിഭാഗത്തിന്റെ എതിർപ്പ് വകവയ്ക്കാതെ

   

ഇ.പി മുഹമ്മദ്
കോഴിക്കോട്
എൽ.ജെ.ഡി സംസ്ഥാന ഘടകം എച്ച്.ഡി ദേവഗൗഡയുടെ നേതൃത്വത്തിലുള്ള ജെ.ഡി.എസിൽ ലയിക്കാനുള്ള തീരുമാനം ഒരു വിഭാഗത്തിന്റെ ശക്തമായ എതിർപ്പ് വകവയ്ക്കാതെ. പാർട്ടിയുടെ ഏക എം.എൽ.എ കെ.പി മോഹനൻ ഉൾപ്പെടെയുള്ള നേതാക്കളാണ് ജെ.ഡി.എസിൽ ലയിക്കുന്നതിനെ എതിർത്തിരുന്നത്. ഇന്നലെ ലയനം സംബന്ധിച്ച് തീരുമാനമെടുക്കാൻ ചേർന്ന സംസ്ഥാന ഭാരവാഹി യോഗത്തിലും തുടർന്ന് സംസ്ഥാന കമ്മിറ്റിയിലും എതിർപ്പുയർന്നു. മുൻ എം.എൽ.എ എം.കെ പ്രേംനാഥ്, പി. കിഷൻചന്ദ്, കെ. ശങ്കരൻ, ഹംസ ഉൾപ്പെടെയുള്ളവരാണ് ലയനത്തെ രൂക്ഷമായി വിമർശിച്ചത്.
എറണാകുളം, വയനാട് ജില്ലകളിൽ നിന്നുള്ള നേതാക്കളും ലയനത്തെ എതിർത്തു. ജെ.ഡി.എസ് കർണാടകയിൽ ബി.ജെ.പിക്കൊപ്പം ചേർന്നതടക്കം ചൂണ്ടിക്കാട്ടിയാണ് ഇവർ എതിർപ്പ് ഉന്നയിച്ചത്. മതേതര പ്രതിച്ഛായയുള്ള ആർ.ജെ.ഡിയിൽ ലയിക്കണമെന്നാണ് ഇവർ ആവശ്യപ്പെട്ടത്.

അതേസമയം ആർ.ജെ.ഡിയിൽ ലയിക്കണമെന്ന വാദം ഉന്നയിച്ചുപോന്നിരുന്ന സംസ്ഥാന ജനറൽ സെക്രട്ടറിമാരായ എം.കെ ഭാസ്‌കരൻ, സലീം മടവൂർ എന്നിവർ ഇന്നലത്തെ യോഗത്തിൽ ഇക്കാര്യം കാര്യമായി ഉന്നയിച്ചില്ല. കെ.പി മോഹനൻ യോഗത്തിൽ പങ്കെടുത്തിരുന്നില്ല. എന്നാൽ, മോഹനൻ ലയനത്തിന് പിന്തുണ നൽകിയെന്നാണ് നേതൃത്വത്തിന്റെ വിശദീകരണം.
സംസ്ഥാന സർക്കാറിന്റെ വാർഷികാഘോഷവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്തേക്ക് പോയതിനാലാണ് കെ.പി മോഹനൻ എത്താതിരുന്നതെന്നും ഫോണിൽ സംസാരിച്ച് അഭിപ്രായവ്യത്യാസങ്ങൾ പരിഹരിച്ചിട്ടുണ്ടെന്നുമാണ് എം.വി ശ്രേയാംസ്‌കുമാർ മാധ്യമങ്ങളോട് പറഞ്ഞത്. 13 വർഷത്തിന് ശേഷമാണ് വീരേന്ദ്രകുമാർ വിഭാഗം ജെ.ഡി.എസിലേക്ക് മടങ്ങിപ്പോകുന്നത്. 2009ൽ കോഴിക്കോട് സീറ്റ് നിഷേധിച്ചതിനെ തുടർന്നാണ് ഇവർ പാർട്ടിയും പിന്നീട് എൽ.ഡി.എഫും വിട്ടത്. തുടർന്ന് സോഷ്യലിസ്റ്റ് ജനത ഡെമോക്രാറ്റിക് (എസ്.ജെ.ഡി) എന്ന പേര് സ്വീകരിച്ച വീരേന്ദ്രകുമാർ വിഭാഗം 2014ൽ ജനതാദൾ യുനൈറ്റഡിന്റെ ഭാഗമായി. 2017ൽ എൽ.ജെ.ഡിയിൽ ലയിക്കുകയായിരുന്നു. ശരദ് യാദവിന്റെ നേതൃത്വത്തിൽ എൽ.ജെ.ഡി ദേശീയ കമ്മിറ്റി ആർ.ജെ.ഡിയിൽ ലയിച്ചതോടെയാണ് സംസ്ഥാന ഘടകം പ്രതിസന്ധിയിലായത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.