സ്വന്തം ലേഖകൻ
കോഴിക്കോട്
ലാലുപ്രസാദ് യാദവിന്റെ നേതൃത്വത്തിലുള്ള ആർ.ജെ.ഡിയിൽ എൽ.ജെ.ഡി ദേശീയതലത്തിൽ ലയിച്ച സാഹചര്യത്തിൽ ആർക്കൊപ്പം പോകണമെന്ന് തീരുമാനിക്കാൻ സംസ്ഥാന ഘടകം ഏഴംഗ സമിതിയെ നിയോഗിച്ചു. ബിഹാറിലെ ആർ.ജെ.ഡിക്ക് പുറമെ കർണാടകയിലെ ജനതാദൾ സെകുലർ (ജെ.ഡി.എസ്), യു.പിയിലെ സമാജ്‌വാദി പാർട്ടി എന്നിവയിൽ ലയിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ചചെയ്യാനാണ് സമിതിയെ നിയോഗിച്ചത്. എൽ.ജെ.ഡി സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് തീരുമാനം.
സംസ്ഥാന പ്രസിഡന്റ് എം.വി ശ്രേയാംസ്‌കുമാർ, നിയമസഭാ പർട്ടി ലീഡർ കെ.പി മോഹനൻ എം.എൽ.എ, അഖിലേന്ത്യാ ജനറൽ സെക്രട്ടറി വർഗീസ് ജോർജ്, പാർലമെന്ററി ബോർഡ് ചെയർമാൻ ചാരുപാറ രവി, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ വി. കുഞ്ഞാലി, എം.കെ ഭാസ്‌കരൻ, സണ്ണി തോമസ് തുടങ്ങിയവർ സമിതിയിൽ ഉൾപ്പെടും.
എം.പി വീരേന്ദ്രകുമാറിന്റെ രണ്ടാം ചരമവാർഷികദിനമായ മെയ് 28ന് മുൻപ് ഭാവി സംഘടനാ തീരുമാനം പ്രഖ്യാപിക്കും.
ആർ.ജെ.ഡിയിൽ ലയിക്കാനുള്ള ദേശീയ നേതൃത്വത്തിന്റെ തീരുമാനത്തിനെതിരേയായിരുന്നു കേരള ഘടകം ഇതുവരെ നിലപാടെടുത്തത്.
എന്നാൽ, ഇന്നലത്തെ യോഗത്തിൽ ചില ഭാരവാഹികൾ ആർ.ജെ.ഡിയിൽ ലയിക്കുന്നതാണ് ഗുണകരമെന്ന് അഭിപ്രായപ്പെട്ടു.
എന്നാൽ, സമാജ്‌വാദി പാർട്ടിയിൽ ലയിക്കണമെന്ന അഭിപ്രായക്കാരാണ് മറ്റൊരു വിഭാഗം. ദേവഗൗഡയുടെ നേതൃത്വത്തിലുള്ള ജനതാദൾ സെകുലറിൽ ലയിക്കണമെന്ന സി.പി.എമ്മിന്റെ ആവശ്യം പരിഗണിക്കണമെന്ന അഭിപ്രായവും യോഗത്തിൽ ഉയർന്നു.
Comments are closed for this post.