2023 December 04 Monday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ലങ്ക അടച്ചു

   

കൊളംബോ
ജനകീയ പ്രക്ഷോഭം അടിച്ചമർത്തുന്നതിന്റെ ഭാഗമായി ശ്രീലങ്കയിൽ കർഫ്യൂ പ്രഖ്യാപിച്ചു. 36 മണിക്കൂർ നേരത്തേക്കാണ് കർഫ്യൂ.
തലസ്ഥാനമായ കൊളംബോയിലടക്കം പ്രക്ഷോഭം ശക്തിപ്പെടുകയും സർക്കാരിനെതിരേ വൻ പ്രതിഷേധ റാലിക്ക് സമൂഹമാധ്യമങ്ങളിലൂടെ ആഹ്വാനം ഉണ്ടായതോടെയുമാണ് നടപടി. അറബ് വസന്തം മോഡൽ പ്രതിഷേധം നടത്താനാണ് സമൂഹമാധ്യമങ്ങളിൽ ആഹ്വാനമുണ്ടായത്. സമ്പൂർണ അടച്ചിടൽ പ്രഖ്യാപിച്ചതോടെ അടിയന്തര ആവശ്യങ്ങൾക്കല്ലാതെ പുറത്തിറങ്ങിയാൽ അറസ്റ്റ് ചെയ്യുമെന്ന് പൊലിസ് മുന്നറിയിപ്പ് നൽകി.
പ്രസിഡന്റ് ഗോതബായ രാജപക്‌സെയുടെ വസതിക്കു നേരേ കല്ലേറുണ്ടാവുകയും പ്രക്ഷോഭകർ പൊലിസ് വാഹനങ്ങൾ കത്തിക്കുകയും ചെയ്തതോടെ വെള്ളിയാഴ്ച അർധരാത്രി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. ഇതോടെ സംശയം തോന്നിയാൽ ആരെയും അറസ്റ്റ് ചെയ്യാനും തടവിലാക്കാനും സൈന്യത്തിന് അധികാരം ലഭിച്ചിരുന്നു. ക്രമസമാധാനം ഉറപ്പിക്കാനും സാധന സാമഗ്രികളുടെ വിതരണം ഉറപ്പുവരുത്താനുമാണ് നടപടിയെന്നാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചുകൊണ്ടുള്ള ഉത്തരവിൽ പ്രസിഡന്റ് പറഞ്ഞത്.
എന്നാൽ അടിയന്തരാവസ്ഥയ്ക്കു പിന്നാലെ ശനിയാഴ്ച വൈകിട്ട് ആറിനു കർഫ്യൂ പ്രഖ്യാപിക്കുകയായിരുന്നു. നാളെ പുലർച്ചെ വരെ കർഫ്യൂ ഉണ്ടാവുമെന്ന് പൊലിസ് അറിയിച്ചു.
ശ്രീലങ്കയുടെ ദുരിതം പരിഹരിക്കാൻ വായ്പ അനുവദിക്കുന്നതിൽ ഐ.എം.എഫിന്റെ ചർച്ച ഈയാഴ്ച ആരംഭിക്കും. കടക്കെണിയിലായ ലങ്കയ്ക്ക് വിദേശസഹായമില്ലാതെ ഒരടിപോലും മുന്നോട്ടു നീങ്ങാനാവാത്ത സാഹചര്യമാണ്.
സ്വാതന്ത്ര്യം നേടിയ ശേഷമുള്ള ഏറ്റവും ഭീകരമായ സാമ്പത്തിക മാന്ദ്യമാണ് ലങ്ക നേരിടുന്നത്. ആഴ്ചകളായി ഭക്ഷണത്തിനും അവശ്യവസ്തുക്കൾക്കും ഇന്ധനത്തിനും പാചകവാതകത്തിനും ഗുരുതര ക്ഷാമമാണ്. ഡീസൽ ലഭ്യമല്ലാതായതോടെ നിലവിൽ വന്ന 13 മണിക്കൂർ പവർക്കട്ട് ഇന്ത്യയിൽ നിന്ന് 6,000 മെട്രിക് ടൺ ഡീസൽ എത്തിയതോടെ എട്ടു മണിക്കൂർ ആയി കുറച്ചു. ഇന്ധനക്ഷാമം മൂലം രാജ്യത്തെ തെരുവുവിളക്കുകൾ കത്തുന്നില്ല. മരുന്നു ദൗർലഭ്യം മൂലം ആശുപത്രികളിൽ ശസ്ത്രക്രിയ മുടങ്ങി.
അതിനിടെ പ്രധാനമന്ത്രി മഹീന്ദ രാജപക്‌സെ രാജിവച്ച് ഇടക്കാല സർക്കാർ രൂപീകരിക്കണമെന്ന ആവശ്യവുമായി ഭരണമുന്നണിയിലെ 11 പാർട്ടികൾ രംഗത്തെത്തി. പ്രസിഡന്റ് ഗോതബായ രാജപക്‌സെയും പ്രധാനമന്ത്രിയായ സഹോദരൻ മഹീന്ദ രാജപക്‌സെയും രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം വ്യാപിക്കുന്ന സാഹചര്യത്തിലാണിത്. എല്ലാ പാർട്ടികളെയും ഉൾപ്പെടുത്തി സർക്കാർ രൂപീകരിക്കാൻ മുൻ പ്രസിഡന്റ് മൈത്രിപാല സിരിസേനയുടെ ഫ്രീഡം പാർട്ടി പ്രസിഡന്റിനോട് ആവശ്യപ്പെട്ടു. അതേസമയം ‘ഗോത ഗോ ഹോം’ എന്ന ഹാഷ് ടാഗ് ട്വിറ്ററിലും ഫേസ്ബുക്കിലും ട്രെൻഡിങ് ആണ്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.