2023 December 03 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ലക്ഷദ്വീപിലെ ജനാധിപത്യ വിരുദ്ധ നടപടികള്‍ക്കെതിരേ ഐക്യദാര്‍ഢ്യ സമിതി രൂപീകരിച്ചു

   

കൊച്ചി: ലക്ഷദ്വീപില്‍ അഡ്മിനിസ്‌ട്രേറ്ററുടെ നേതൃത്വത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന ജനാധിപത്യ വിരുദ്ധ നടപടികള്‍ക്കെതിരെ ശക്തമായ പ്രതിഷേധമുയര്‍ത്തുന്നതിന് കൊച്ചിയില്‍ വിവിധ രാഷ്ട്രീയ സംഘടനകളും സാംസ്‌കാരിക പ്രവര്‍ത്തകരും അടങ്ങുന്ന സംയുക്ത സമിതി രൂപവത്കരിച്ചു. ലക്ഷദ്വീപ് ഐക്യദാര്‍ഢ്യ സമിതിയെന്ന പേരില്‍ രൂപീകരിച്ച സംഘടനയുടെ പ്രഥമ യോഗം ഇന്നലെ കൊച്ചിയില്‍ ചേര്‍ന്നു.
ഐഷ സുല്‍ത്താനക്കെതിരെ ചുമത്തിയ കള്ളക്കേസും, ലക്ഷദ്വീപിനെ കോര്‍പറേറ്റുകള്‍ക്ക് അടിയറവയ്ക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നടപടികളും പിന്‍വലിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ലക്ഷദ്വീപിന്റെ ആവാസ-ജനാധിപത്യ വ്യവസ്ഥ തകര്‍ക്കാന്‍ ശ്രമിക്കുന്ന അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍. കെ .പട്ടേലിന്റെ ഹീന നടപടികളെ യോഗം അപലപിച്ചു.
ലക്ഷദ്വീപ് ജനതക്ക് ആവശ്യമായ നിയമപരമായതുള്‍പ്പെടെയുള്ള സഹായങ്ങള്‍ നല്‍കുമെന്നും യോഗത്തിന് ശേഷം നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ജനറല്‍ കണ്‍വീനര്‍ എളമരം കരീം എം.പി പറഞ്ഞു. സഹകരിക്കാന്‍ താല്‍പര്യമുള്ള മറ്റ് സന്നദ്ധ സംഘടനകളെ ഉള്‍പ്പെടുത്തി സമിതി വിപുലമാക്കും.
ലക്ഷദ്വീപില്‍ നടക്കുന്ന കാര്യങ്ങള്‍ വാര്‍ത്താ മാധ്യമങ്ങളോട് തുറന്നുപറഞ്ഞതിന്റെ പേരില്‍ കള്ളക്കേസില്‍ പെടുത്തിയ ഐഷ സുല്‍ത്താനക്ക് സര്‍വ പിന്തുണയും നല്‍കും. ദ്വീപ് നിവാസികളുടെ ജീവിക്കാനുള്ള അവകാശം സംരക്ഷിക്കാന്‍ ശബ്ദമുയര്‍ത്താനും കേരള ജനതയെ ഒന്നിച്ച് അണിനിരത്താനും പരിശ്രമിക്കുമെന്നും യോഗം അറിയിച്ചു. ഐക്യദാര്‍ഢ്യ സമിതി രൂപവത്കരണ യോഗം സി .പി .എം പൊളിറ്റ് ബ്യൂറോ അംഗം എം. എ ബേബി ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസ് നേതാവ് പ്രൊഫ. കെ. വി തോമസ് അധ്യക്ഷനായി. ഐക്യദാര്‍ഢ്യ സമിതിയുടെ ഭാരവാഹികള്‍:
ബെന്നി ബെഹ്നാന്‍ എം. പി (ചെയര്‍മാന്‍), എളമരം കരീം എം.പി (ജനറല്‍ സെക്രട്ടറി), പ്രൊഫ. കെ.വി തോമസ്, ബിനോയ് വിശ്വം എം.പി, ശ്രേയാംസ് കുമാര്‍ എം. പി, പ്രൊഫ. എം .കെ സാനു, ബി .ഉണ്ണികൃഷ്ണന്‍, പ്രൊഫ. ചന്ദ്രദാസന്‍, സി .എന്‍ മോഹനന്‍, ടി .ജെ വിനോദ് എം.എല്‍.എ, പി രാജു, കെ.എല്‍ മോഹനവര്‍മ, ഡോ. മ്യൂസ് മേരി ജോര്‍ജ്, എസ്.സതീഷ്, ഡോ. സെബാസ്റ്റ്യന്‍ പോള്‍, അഡ്വ. ടി.വി അനിത (വൈസ് പ്രസിഡന്റുമാര്‍), എം.പിമാരായ എ .എം ആരിഫ് , കെ സോമപ്രസാദ്, വി .ശിവദാസ്, ജോണ്‍ ബ്രിട്ടാസ് എന്നിവരും എം സ്വരാജ്, അഡ്വ. മേഴ്‌സി, കെ .എന്‍ ഗോപിനാഥ്, സിദ്ദീഖ് ബാബു, സി ജയചന്ദ്രന്‍, അഡ്വ. രഞ്ജിത്ത് തമ്പാന്‍, സലീം മടവൂര്‍, വിധു വിന്‍സെന്റ് (കണ്‍വീനര്‍മാര്‍).

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.