2023 December 07 Thursday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ലക്ഷണങ്ങളില്ലാത്തവരില്‍ കൊവിഡ് പരിശോധന വേണ്ടെന്ന് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍

തിരുവനന്തപുരം: ലക്ഷണമില്ലാത്തവരില്‍ കൊവിഡ് പരിശോധന വേണ്ടെന്ന് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍. എന്നാല്‍ ശാരീരിക അകലം, വ്യക്തിശുചിത്വം, മാസ്‌ക് ഉള്‍പ്പെടെ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കണമെന്നും സി.ഡി.സി നിര്‍ദേശിക്കുന്നു. ലക്ഷണങ്ങളുള്ളവരെ മാത്രം ആന്റിജന്‍ പരിശോധനക്ക് വിധേയമാക്കുക. രോഗത്തിന്റെ തീവ്രത അനുസരിച്ച് ചികിത്സ തീരുമാനിക്കുക. രോഗികളുടെ എണ്ണം വര്‍ധിക്കുന്നത് ലക്ഷണമില്ലാത്തവരെ ആന്റിജന്‍ പരിശോധനക്ക് വിധേയമാക്കുന്നതിനലാണ്.
ഇനിയുള്ള ഘട്ടത്തില്‍ ലക്ഷണങ്ങളില്ലാത്തവരെ പരിശോധിക്കേണ്ട ആവശ്യമില്ല. എന്നാല്‍, അടുത്തിടപെഴകാതിരിക്കുക, രോഗം പിടിപെടാന്‍ സാധ്യതയുള്ള വിഭാഗങ്ങളുമായുള്ള സമ്പര്‍ക്കം, ആള്‍ക്കൂട്ടങ്ങള്‍ എന്നിവ പൂര്‍ണമായും ഒഴിവാക്കണം. മാസ്‌കും സാനിറ്റൈസറും നിര്‍ബന്ധമാക്കണം. എന്നാല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോളിന്റെ നിര്‍ദേശം അംഗീകരിക്കണോ വേണ്ടയോ എന്ന് വിദഗ്ധ സമിതിയോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
സംസ്ഥാനത്ത് സമൂഹ വ്യാപന സാധ്യത അടക്കം കണ്ടെത്താന്‍ കൂടുതലിടങ്ങളില്‍ ആന്റിജന്‍ പരിശോധന നടത്തുകയാണ്. പരിശോധനയില്‍ കൊവിഡ് പോസിറ്റീവ് ആകുന്ന രോഗകളില്‍ 80 ശതമാനം പേര്‍ക്കും രോഗ ലക്ഷണങ്ങളുമില്ല.
ഇവരെയൊക്കെ കണ്ടെത്താതിരുന്നാല്‍ വ്യക്തിപരമായുണ്ടാകുന്ന അശ്രദ്ധ കൊണ്ട് രോഗ വ്യാപനമുണ്ടാകുമോ എന്നാണ് സര്‍ക്കാരിന്റെ ആശങ്ക.
രോഗലക്ഷണങ്ങളുള്ളവരെ കണ്ടെത്തി വിദഗ്ധ ചികിത്സ ഉറപ്പാക്കി മരണ നിരക്ക് കുറയ്ക്കാനുള്ള നടപടികളാണ് ഇനി വേണ്ടതെന്നും ആരോഗ്യ വിദഗ്ധര്‍ പറയുന്നു.
അതേ സമയം, കൊവിഡ് രോഗ മുക്തി നേടിയവരില്‍ ചിലര്‍ക്ക് വീണ്ടും രോഗ ലക്ഷണം കണ്ടെത്തിയതിനെ തുടര്‍ന്ന് ഇതിനെ കുറിച്ച് പഠിക്കാന്‍ ആരോഗ്യ വകുപ്പ് തീരുമാനിച്ചു.
ഏഴു ദിവസം മുതല്‍ പതിനാലു ദിവസം വരെ ചികിത്സിച്ചതിനു ശേഷം കൊവിഡ് നെഗറ്റീവ് ആയവര്‍ വീട്ടു നിരീക്ഷണം കഴിഞ്ഞവരില്‍ വീണ്ടും രോഗ ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്നാണ് ഇത് പഠിക്കാന്‍ ആരോഗ്യ വകുപ്പ് തീരുമാനിച്ചത്.
അതേ സമയം, കൊവിഡ് രോഗ മുക്തി നേടിയവരില്‍ ചിലര്‍ക്ക് വീണ്ടും പരിശോധനയില്‍ കൊവിഡ് പോസിറ്റീവ് ആയ നിരവധി കേസുകള്‍ സംസ്ഥാനത്ത് ഉണ്ടായിട്ടുണ്ടെങ്കിലും അത് എത്രയെന്നോ ഏതെല്ലാം ജില്ലയിലെന്നോ ആരോഗ്യ വകുപ്പ് പുറത്തു വിട്ടിട്ടില്ല.
വീണ്ടും അണുബാധയ്ക്ക് സമാനമായ കേസുകള്‍ കൂടുതലും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് വിദേശത്തുനിന്നെത്തുന്നവരിലാണെന്നാണ് ആരോഗ്യ വകുപ്പിന്റെ വിശദീകരണം. വിദേശത്ത് വച്ച് കൊവിഡ് ബാധിച്ചവര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായാണ് ഇവിടെയെത്തുന്നത്. ഇവരിലാണ് പിന്നീട് ചില ലക്ഷണങ്ങള്‍ കാണുന്നതും പരിശോധനയില്‍ പോസിറ്റീവ് ആകുന്നതും. കൊവിഡിന് ശേഷം സുഖം പ്രാപിച്ചവരില്‍ ശ്വാസകോശത്തിലെ പാടുകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് അന്താരാഷ്ട്ര പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. ഇത് ശ്വാസകോശത്തിന് വായു സ്വീകരിച്ച് രക്തത്തിനുള്ള ഓക്‌സിജനായി സംസ്‌ക്കരിക്കാനുള്ള കഴിവ് തടയുന്നു.
എന്നാല്‍ സംസ്ഥാനത്ത് ഇത്തരം പ്രശ്‌നങ്ങള്‍ ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നാണ് ആരോഗ്യ വകുപ്പ് പറയുന്നത്.
അതേസമയം, സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലെ അക്കാദമി ഓഫ് പള്‍മണറി ആന്‍ഡ് ക്രിട്ടിക്കല്‍ കെയര്‍ മെഡിസിനിലെ ഡോക്ടര്‍മാര്‍ ചൂണ്ടിക്കാണിക്കുന്നത് കൊവിഡ് രോഗ മുക്തി നേടിയവരില്‍ ചിലര്‍ക്ക് ശ്വാസതടസം, തളര്‍ച്ച, ക്ഷീണം, ഉറക്കമില്ലായ്മ, ഉത്കണ്ഠ തുടങ്ങിയവ സാധാരണ കണ്ടുവരുന്നു എന്നാണ്. എന്നാല്‍ ഇത് കൊവിഡ് രോഗ ലക്ഷണം തന്നെയാണെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
സംസ്ഥാനത്ത് കൊവിഡ് രോഗം ബാധിച്ചവരുടെ എണ്ണം 70,000 കവിഞ്ഞതിനാല്‍ അടിയന്തിര പ്രാധന്യത്തോടെ പഠനം നടത്തി രോഗ മുക്തി നേടിയവരില്‍ വീണ്ടും രോഗം പിടി പെടുന്നുണ്ടോ എന്ന് കണ്ടെത്താന്‍ പഠനം നടത്തണമെന്ന് വിദഗ്ധ സമിതിയും ആരോഗ്യ വകുപ്പിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.