
മട്ടാഞ്ചേരി: തെരഞ്ഞെടുപ്പ് പ്രക്രിയക്കുള്ള വാഹനങ്ങള്‍ മാത്രം ഫോര്‍ട്ട്കൊച്ചി വൈപ്പിന്‍ റോ റോ വെസലില്‍ കയറ്റിയത് പ്രതിഷേധത്തിനിടയാക്കി. ഇന്നലെ രാവിലെയാണ് മട്ടാഞ്ചേരി ടി.ഡി ഹൈസ്കൂളിലെ സ്ട്രോങ്ങ് റൂമില്‍ സൂക്ഷിച്ചിരുന്ന പോളിങ് ഉപകരണങ്ങള്‍ ഏറ്റുവാങ്ങി ഓഫിസര്‍മാരെയും കൊണ്ടുള്ള വാഹനങ്ങള്‍ അക്കരെ കടക്കാന്‍ റോ റോ ജെട്ടിയില്‍ എത്തിയത്.
വൈപ്പിന്‍,പറവൂര്‍ മണ്ഡലങ്ങളിലേക്കുള്ള പോളിങ് സാമഗ്രികളുമായുള്ള വാഹനങ്ങളാണ് റോ റോയില്‍ കയറ്റിയത്. പതിമൂന്ന് ബസ്, എട്ട് മിനി ബസ്, നാല്‍പ്പത്തി മൂന്ന് കാറുകള്‍ എന്നിവയാണ് പോളിങ് സാമഗ്രികളുമായി അക്കരെയെത്താനെത്തിയത്. ഇതിനിടെ മറ്റ് സ്വകാര്യ വാഹനങ്ങളും എത്തി. പോളിങ് സംബന്ധിച്ച വാഹനങ്ങള്‍ക്ക് മുന്‍ഗണന കൊടുക്കണമെന്ന ഉത്തരവുള്ളതിനാല്‍ കിന്‍കോ ജീവനക്കാര്‍ ഈ വാഹനങ്ങളാണ് കയറ്റിയത്.
മണിക്കൂറുകള്‍ കാത്ത് നിന്നിട്ടും വാഹനങ്ങള്‍ കയറ്റാന്‍ കഴിയാതായതോടെയാണ് യാത്രക്കാര്‍ പ്രതിഷേധവുമായി എത്തിയത്. രണ്ട് റോ റോ വെസലുകളാണ് ഇവിടെയുള്ളത്.സര്‍വിസ് ആരംഭിച്ച കാലം തൊട്ടേ ഒരു വെസ്സലേ മുഴുവന്‍ സമയം ഓടാറുള്ളൂ. മറ്റൊന്ന് ഉച്ചയ്ക്ക് ശേഷമേ സര്‍വിസ് നടത്താറുള്ളൂ. തെരഞ്ഞെടുപ്പ സമയമാണെന്നും ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ വാഹനങ്ങള്‍ ഉണ്ടാകുമെന്ന് അറിയാമായിരിന്നിട്ടും രണ്ട് റോറോയും മുഴുവന്‍ സമയവും സര്‍വിസ് നടത്താത്തതാണ് യാത്രക്കാരുടെ പ്രതിഷേധം ക്ഷണിച്ച് വരുത്തിയത്.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വാഹനങ്ങള്‍ മാത്രം കയറ്റുന്നത് യാത്രക്കാര്‍ തടഞ്ഞതോടെ പൊലിസ് എത്തി രംഗം ശാന്തമാക്കുകയായിരുന്നു. അവധിക്കാലമായിട്ടും രണ്ട് റോ റോയും സര്‍വിസ് നടത്താത്ത കിന്‍കോയുടെ നടപടി യാത്രക്കാരോടുള്ള വെല്ലുവിളിയായി മാറിയിരിക്കുകയാണ്.
Comments are closed for this post.