2020 October 01 Thursday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

റോഹിംഗ്യ: ഈ മൗനം ആര്‍ക്കു വേണ്ടി


റോഹിംഗ്യകള്‍ക്ക് പൗരത്വം നല്‍കാതിരിക്കുകയെന്ന ക്രൂരതയാണ് മ്യാന്മര്‍ സര്‍ക്കാര്‍ ചെയ്തുകൊണ്ടിരിക്കുന്നത്. 1982 മുതലാണ് ഇവര്‍ക്ക് പൗരത്വം നിഷേധിക്കുന്ന സൈനിക നിയമം പാസാക്കിയത്. ബംഗ്ലാദേശില്‍ നിന്ന് കൂടിയേറിയവരാണെന്നാണ് ആരോപണം. ഭക്ഷണം ഉള്‍പ്പെടെയുള്ളവ ഈ പ്രദേശങ്ങളില്‍ നല്‍കാതെ തടഞ്ഞുവയ്ക്കുന്നതും മ്യാന്‍മറിന്റെ ക്രൂരതകളാണ്

അര്‍ശദ് റഹ്മാനി തിരുവള്ളൂര്‍ 9526991939

റോഹിംഗ്യ ലോകത്തിനു മുന്നില്‍ നൊമ്പരത്തിന്റെയും രോദനത്തിന്റെയും അടയാളമായി ദശകങ്ങള്‍ പിന്നിടുന്നു. ഒരു ജനതയെ സര്‍ക്കാരിന്റെ സഹായത്തോടെ ഇത്ര ക്രൂരമായി ഉന്മൂലനം ചെയ്യുന്ന മറ്റൊരു രാജ്യവും ഉണ്ടാവില്ല. യുദ്ധക്കെടുതിയും പട്ടിണിയും മൂലം രാജ്യം വിടുന്ന അഭയാര്‍ഥികള്‍ ലോകത്തിന്റെ പല ഭാഗത്തുമുണ്ട്. പക്ഷേ, അവര്‍ക്ക് സ്വന്തമായി ഒരു രാജ്യമുണ്ട്. സ്വന്തമായി പൗരത്വമുള്ള നാട്. ജന്മനാടില്ലാത്ത ഏക ജനവിഭാഗമാണ് റോഹിംഗ്യന്‍ മുസ്‌ലിംകള്‍. മ്യാന്‍മറില്‍ റോഹിംഗ്യകള്‍ അനുഭവിക്കുന്ന പീഡനങ്ങള്‍ക്ക് പരിഹാരം നിര്‍ദേശിക്കാനായി സര്‍ക്കാര്‍ മുന്‍ യു.എന്‍ സെക്രട്ടറി ജനറലായ കോഫി അന്നന്റെ നേതൃത്വത്തില്‍ ഒരു അന്വേഷണ കമ്മിഷനെ നിയമിച്ചിരുന്നു. അവര്‍ കഴിഞ്ഞ മാസം സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നതും ലോകത്തിലെ സ്വന്തം രാജ്യമെന്ന് പറയാനില്ലാത്ത ഒരേയൊരു ജനതയാണ് റോഹിംഗ്യ എന്നാണ്.
ഭരണകൂട ഭീകരതയും ബുദ്ധ സന്ന്യാസികളുടെ നിഷ്ഠുരതയും ഒന്നിച്ച് അഭിമുഖീകരിക്കുന്നവരാണ് 11 ലക്ഷം വരുന്ന റോഹിംഗ്യകള്‍. മുഖ്യധാരാ മാധ്യമങ്ങളും ലോക നേതാക്കളും കണ്ടില്ലെന്ന് നടിക്കുന്ന റോഹിംഗ്യന്‍ കൂട്ടക്കുരുതികള്‍ അതിഭീകരമാം വിധം തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. റോഹിംഗ്യകളുടെ പ്രശ്‌ന പരിഹാരത്തിനായി കോഫി അന്നന്റെ നേതൃത്വത്തിലുള്ള കമ്മിഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമ്പോള്‍ സമാധാന കാംക്ഷികള്‍ക്ക് വന്‍ പ്രതീക്ഷയുണ്ടായിരുന്നു. റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ നടപ്പിലാക്കുമെന്ന മ്യാന്‍മര്‍ നേതാവ് ഓങ് സാന്‍ സൂകി നല്‍കിയ ഉറപ്പായിരുന്നു ആ പ്രതീക്ഷക്ക് കാരണമായത്.

എന്നാല്‍, റിപ്പോര്‍ട്ട് സമര്‍പ്പിച്ച് മണിക്കൂറുകള്‍ക്കുള്ളിലായിരുന്നു റോഹിംഗ്യകള്‍ തിങ്ങിത്താമസിക്കുന്ന റാഖിനില്‍ അക്രമം പൊട്ടിപ്പുറപ്പെട്ടത്. അരാക്കന്‍ റോഹിംഗ്യന്‍ സാല്‍വേഷന്‍ ആര്‍മി( അര്‍സ) എന്ന സംഘടന മ്യാന്‍മര്‍ സൈനിക താവളം അക്രമിച്ചതാണ് നിലവിലെ സംഘര്‍ഷങ്ങള്‍ക്ക് കാരണമായി പറയപ്പെടുന്നത്. ഓഗസ്റ്റ് 25 നടന്ന ആക്രമണങ്ങളില്‍ 12 സുരക്ഷാസൈനികരും 94 റോഹിംഗ്യകളും കൊല്ലുപ്പെട്ടു. കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ സൈനികരുടെ നേതൃത്വത്തില്‍ രഹസ്യമായി തുടരുന്ന വംശീയ ഉന്മൂലനത്തിനുള്ള ന്യായീകരണമായി അര്‍സയുടെ നേതൃത്വത്തിലുള്ള ആക്രമണങ്ങള്‍. തുടര്‍ന്ന് വ്യാപകമായ ആക്രമണങ്ങള്‍ സൈനികരുടെ നേതൃത്വത്തില്‍ അഴിച്ചുവിടുകയായിരുന്നു.

ബുദ്ധ സന്യാസികളും മ്യാന്‍മര്‍ സൈന്യവും റാഖിന്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങള്‍ തിരഞ്ഞുപിടിച്ച് ആക്രമണങ്ങള്‍ അഴിച്ചുവിട്ടതോടെ സമീപരാജ്യമായ ബംഗ്ലാദേശിലേക്കുള്ള അഭയാര്‍ഥി പ്രവാഹം വര്‍ധിച്ചു. 1990 മുതല്‍ ബംഗ്ലാദേശിലേക്ക് അഭയാര്‍ഥികളായി എത്തിയവരുടെ എണ്ണം 400,000 പിന്നിട്ടു. കഴിഞ്ഞ വെള്ളയാഴ്ച മുതല്‍ ഇതുവരെ 75,000 റോഹിംഗ്യകള്‍ ബംഗ്ലാദേശില്‍ എത്തിയെന്നാണ് യു.എന്‍ കണക്കുകള്‍. അനൗദ്യോഗിക കണക്ക് ഇതിലും എത്രയോ കൂടുതലാണന്ന് യു.എന്‍ മനുഷ്യാവകാശ സംഘടനയുടെ മ്യാന്‍മര്‍ വക്താവ് വിവിയന്‍ ടാന്‍ അല്‍ജസീറയോട് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സൈന്യം വെടിവയ്ക്കുമെന്ന് ഉറപ്പുള്ളതിനാല്‍ കാടുകളിലും മറ്റു പ്രദേശങ്ങളിലും ഒളിഞ്ഞിരുന്നാണ് പലരും അഭയം തേടിപ്പോവുന്നത്. നിരവധി പേര്‍ ഇത്തരം ശ്രമങ്ങള്‍ക്കിടയില്‍ പട്ടിണികിടന്ന് മരിച്ചിട്ടുണ്ട്.

ഒരാഴ്ചക്കിടെ 20 മൃതദേഹങ്ങള്‍ ഇത്തരത്തില്‍ ബംഗ്ലാദേശ് തീരദേശ സേന കണ്ടെത്തിയരിുന്നു. അഭയാര്‍ഥികളെ വഞ്ചിച്ച് മനുഷ്യക്കടത്തു നടത്തുന്ന സംഘവും ഇവിടെയുണ്ട്. ഇവരുടെ കെണിയില്‍ പെട്ടാല്‍ എത്തിച്ചേരുക ഏതെങ്കിലും മനുഷ്യക്കടത്തു സംഘത്തിലായിരിക്കും. തായ്‌ലന്‍ഡ് ഇത്തരം മനുഷ്യക്കടത്തലുകളുടെ സങ്കേതമാണ്. തായ് മുന്‍സൈനിക മേധാവിയെയും സര്‍ക്കാരിലെ പ്രമുഖ നേതാക്കളെയും റോഹിംഗ്യകളെ മനുഷ്യക്കടത്തു നടത്തിയതിനാല്‍ വര്‍ഷങ്ങളോളം ജയില്‍ ശിക്ഷയ്ക്ക് വിധിച്ചിരുന്നു. തായ്‌ലന്‍ഡിലെ കൊടും കാടുകളില്‍ മരത്തിന്റെ കൂടുണ്ടാക്കി തടവിലിടുന്ന ഇവര്‍ മോചനം ദ്രവ്യം ആവശ്യപ്പെട്ട് കുടുംബങ്ങള്‍ക്ക് സന്ദേശം നല്‍കുകയും ഇത് നല്‍കാത്തവരെ കഴുത്തറത്തും പട്ടിണിക്കിട്ടും കൊല്ലുന്ന ക്രൂര കൃത്യമാണ് ചെയ്തുകൊണ്ടിരുന്നത്.

സൈനിക ഭരണത്തില്‍ മോചിതമായി മ്യാന്മര്‍ 2015 മുതല്‍ ജനാധിപത്യരാഷ്ട്രമായിട്ടാണ് പറയപ്പെടുന്നത്. സമാധാനത്തിന് നൊബേല്‍ സമ്മാനം കിട്ടിയ സൂകിയാണ് ഭരണാധികാരി. പക്ഷേ, ജനാധിപത്യത്തിന്റെ ശബ്ദങ്ങള്‍ പോലും മ്യാന്മറില്‍ ഇന്ന് അന്യമാണ്. വര്‍ഷങ്ങളോളം വീട്ടുതടങ്കലിലായ ജനാധിപത്യവാദിയായ സൂചിയുടെ ഭരണത്തില്‍ മ്യാന്‍മര്‍ ഇന്ന് പണ്ടവര്‍ ഉയര്‍ത്തിപ്പിടിച്ച സകലമൂല്യങ്ങളുടെയും ശവപ്പറമ്പാണ്.
ലോകത്തിലെ നിരവധി മനുഷ്യാവകാശ സംഘടനകളും യു.എന്നും റോഹിംഗ്യന്‍ കൂട്ടക്കശാപ്പ് അവസാനിപ്പിക്കാന്‍ പറഞ്ഞെങ്കിലും കേട്ട ഭാവമില്ല. യു.എന്‍ നിരീക്ഷക സംഘം സംഘര്‍ഷ പ്രദേശമായ റാഖിന്‍ അടക്കമുള്ള റോഹിംഗ്യന്‍ പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ അനുമതി തേടിയപ്പോഴൊക്കെ സൂചി തടസം നിന്നു. റോഹിംഗ്യകള്‍ക്ക് പ്രശ്‌നങ്ങളൊന്നുമില്ലെന്നും ലോകത്തിലെ മാധ്യമങ്ങളുടെ സൃഷ്ടിയാണ് സംഘര്‍ഷങ്ങളെന്നാണ് സര്‍ക്കാര്‍ വാദം.

മാധ്യമപ്രവര്‍ത്തകര്‍ക്ക് പ്രവേശനമില്ലാത്ത ഇടമാണ് റോഹിംഗ്യന്‍ പ്രദേശങ്ങള്‍. കഴിഞ്ഞ ഒക്ടോബര്‍ മുതലാണ് നിയന്ത്രണങ്ങള്‍ കര്‍ക്കശമാക്കിയത്. മ്യാന്മറില്‍ നിന്ന് പുറത്തുവരുന്ന വാര്‍ത്തകള്‍ മിക്കതും കടുത്ത നിയന്ത്രണങ്ങള്‍ക്കിടയില്‍ രഹസ്യമായി ലഭിക്കുന്നവയാണ്. മ്യാന്‍മര്‍ സൈന്യം റോഹിംഗ്യന്‍ പ്രദേശങ്ങളും മനുഷ്യരടക്കമുള്ളവയെ പച്ചയ്ക്ക് കൊല്ലുന്നതുമായ ദൃശ്യങ്ങള്‍ ലഭിക്കുന്നത് സാറ്റലൈറ്റ് ദൃശ്യങ്ങളിലൂടെയാണ്. നിലവില്‍ ഒരാഴ്ചയ്ക്കിടെ തുടരുന്ന ആക്രമങ്ങള്‍ക്കിടെ 2666 റോഹിംഗ്യന്‍ വീടുകള്‍ സൈന്യം തീവച്ചതായി സാറ്റലൈറ്റ് ദൃശ്യത്തില്‍ നിന്ന് തിരിച്ചറിഞ്ഞുവെന്ന് യു.എന്‍ അഭയാര്‍ഥി സംഘടനയായ യു.എന്‍.എച്ച്.സി.ആര്‍ ശനിയാഴ്ച റിപ്പോര്‍ട്ട് ചെയ്തിരുന്നു. പത്തോളം റോഹിംഗ്യന്‍ ഗ്രാമങ്ങളാണ് തീവച്ചത്.

റോഹിംഗ്യകള്‍ക്ക് പൗരത്വം നല്‍കാതിരിക്കുകയെന്ന ക്രൂരതയാണ് മ്യാന്മര്‍ സര്‍ക്കാര്‍ ചെയ്തുകൊണ്ടിരിക്കുന്നത്. 1982 മുതലാണ് ഇവര്‍ക്ക് പൗരത്വം നിഷേധിക്കുന്ന സൈനിക നിയമം പാസാക്കിയത്. ബംഗ്ലാദേശില്‍ നിന്നുകൂടിയേറിയവരാണെന്നാണ് ആരോപണം. ഭക്ഷണം ഉള്‍പ്പെടെയുള്ള അവശ്യ സാധനങ്ങള്‍ ഈ പ്രദേശങ്ങളില്‍ നല്‍കാതെ തടഞ്ഞുവയ്ക്കുന്നതും മ്യാന്‍മറിന്റെ ക്രൂരതകളാണ്.
ഇത്രയേറെ ക്രൂരതകള്‍ നടമാടിയിട്ടും ലോക രാഷ്ട്രങ്ങള്‍ റോഹിംഗ്യകളുടെ നിലവിളി കേള്‍ക്കുന്നില്ല. തുര്‍ക്കിയല്ലാത്ത മറ്റൊരു രാജ്യവും മ്യാന്മര്‍ സര്‍ക്കാരിനെതിരേ പ്രതികരിച്ചില്ല. ബംഗ്ലാദേശ് അഭയാര്‍ഥികളെ തിരിച്ചയച്ചുകൊണ്ടിരിക്കുകയാണ്. അഭയാര്‍ഥികളായി ഇന്ത്യയിലെത്തിയ റോഹിംഗ്യകളെ തിരച്ചയക്കുന്നതിനെതിരേ കഴിഞ്ഞ ദിവസം സുപ്രിംകോടതി കേന്ദ്രത്തോട് കാരണം തേടിയിരുന്നു. ബംഗ്ലാദേശില്‍ നിന്ന് അഭയം തേടിയെത്തുന്ന ഹിന്ദുക്കള്‍ക്ക് പൗരത്വം നല്‍കുന്ന ഇന്ത്യയുടെ ഉദാരസമീപനം റോഹിംഗ്യകള്‍ക്കും ബാധകമാക്കേണ്ടതല്ലേയെന്ന ചോദ്യം പ്രസക്തമാണ്. 70 വര്‍ഷമായി തുടരുന്ന മതവും രാജ്യവും നോക്കാതെയുള്ള ഇന്ത്യയുടെ നയത്തില്‍ നിന്നുള്ള മാറ്റം ഭാരതത്തിന്റെ പാരമ്പര്യത്തിന്റെ വ്യതിചലനമാണ്. ഇത്തരം അഭയാര്‍ഥികള്‍ക്കെതിരേ ആക്രമണങ്ങളും വര്‍ധിക്കുന്നുണ്ട്. ബലിപെരുന്നാളിന് ബലികര്‍മത്തിനായി മാടുകളെ തയാറാക്കിയതിന്റെ പേരില്‍ ഹരിയാനയില്‍ റോഹിംഗ്യകളെ ഗോ രക്ഷാ ഗുണ്ടകള്‍ ആക്രമിക്കുകയുണ്ടായി.

സംരക്ഷണത്തിനായി ലോകരാഷ്ട്രങ്ങള്‍ വന്നില്ലെങ്കില്‍ ഭൂമിയില്‍ നിന്ന് തുടച്ചുമാറ്റപ്പെടുന്ന ജനതയായി റോഹിംഗ്യ മാറുമെന്നതില്‍ സംശയമില്ല.

 

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.