2023 December 04 Monday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

റോയലായി ബട്ട്‌ലർ

   

മുംബൈ
ഐ.പി.എൽ സീസണിലെ ആദ്യ സെഞ്ചുറി കണ്ട മത്സരത്തിൽ മുംബൈയെ 23 റൺസിന് പരാജയപ്പെടുത്തി രാജസ്ഥാൻ. ഉദ്വേഗം അവസാന ഓവർ വരെ നീണ്ട മത്സരത്തിലായിരുന്നു രാജസ്ഥാന്റെ ജയം. ആദ്യം ബാറ്റുചെയ്ത രാജസ്ഥാൻ ഇംഗ്ലിഷ് താരം ജോസ് ബട്ട്‌ലറിന്റെ സെഞ്ചുറി ബലത്തിൽ എട്ടു വിക്കറ്റിന് 193 റൺസെടുത്തപ്പോൾ മറുപടി ബാറ്റിങ്ങിനിറങ്ങിയ മുംബൈ ഇന്ത്യൻസിന്റെ പോരാട്ടം എട്ടിന് 170 റൺസിൽ അവസാനിച്ചു. 68 പന്തിൽ അഞ്ച് സിക്‌സും 11 ഫോറും സഹിതമാണ് ബട്ട്‌ലർ സെഞ്ചുറി കുറിച്ചത്. ബട്ട്‌ലർ തന്നെയാണ് കളിയിലെ താരം.

മുംബൈ നിരയിൽ തിലക് വർമയും (33 പന്തിൽ 66) ഇഷാൻ കിഷനും (43 പന്തിൽ 54) മികച്ച ബാറ്റിങ് പുറത്തെടുത്തെങ്കിലും ജയിക്കാൻ അതു മതിയായില്ല. തുടർ ജയത്തോടെ രാജസ്ഥാൻ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തേക്ക് കുതിച്ചു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങേണ്ടി വന്ന രാജസ്ഥാന് മൂന്നാം ഓവറിൽ തന്നെ യശസ്വി ജയ്‌സ്വാളിനെ (1) നഷ്ടമായി. കഴിഞ്ഞ മത്സരത്തിൽ ബാറ്റിങ്ങിൽ തിളങ്ങിയ ദേവദത്ത് പടിക്കൽ(7) ഇത്തവണ നിറംമങ്ങി. ഇതോടെ രാജസ്ഥാൻ രണ്ടിന് 48 എന്ന നിലയിലേക്ക് പതറി. പിന്നാലെയെത്തിയ നായകൻ സഞ്ജുവുമൊത്ത് (21 പന്തിൽ 30) ബട്ട്‌ലർ നടത്തിയ രക്ഷാപ്രവർത്തനത്തിലൂടെ ടീം സ്‌കോർ കുതിച്ചു. മൂന്നാം വിക്കറ്റിൽ 50 ഓവറിൽ 82 റൺസാണ് ഇരുവരും ചേർന്ന് പടുത്തുയർത്തിയത്. മൂന്ന് സിക്‌സും ഒരു ഫോറും സഞ്ജുവിന്റെ ബാറ്റിൽ നിന്ന് പിറന്നു.

പൊള്ളാർഡിന്റെ പന്തിനെ ഉയർത്തിയടിക്കാൻ ശ്രമിച്ച സഞ്ജു തിലക് വർമയ്ക്ക് പിടിനൽകി മടങ്ങി. പിന്നാലെയെത്തിയ ഹെറ്റ്മയർ(14 പന്തിൽ 35) വീണ്ടും വെടിക്കെട്ട് പ്രകടനം കാഴ്ചവച്ചതോടെ ടീം സ്‌കോർ 200 കടക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും അവസാന ഓവറിലെ ബൗളർമാരുടെ റൺവിട്ടുകൊടുക്കുന്നതിലെ പിശുക്ക് രാജസ്ഥാൻ സ്‌കോർ 193ൽ ഒതുക്കി. മുംബൈയ്ക്ക് വേണ്ടി ബുംറയും ടൈമൽ മിൽസും മൂന്ന് വീതം വിക്കറ്റുകൾ വീഴ്ത്തി.
കൂറ്റൻ സ്‌കോറിലേക്ക് ബാറ്റേന്തിയ മുംബൈ രാജസ്ഥാന്റെ ബാറ്റിങ്പാത പിന്തുടർന്നെങ്കിലും മധ്യനിരയിൽ വിക്കറ്റുകൾ വലിച്ചെറിഞ്ഞത് ടീമിന് വിനയായി. രോഹിത് 10 റൺസുമായി പുറത്തായപ്പോൾ മൂന്നാം വിക്കറ്റിൽ തിലക് വർമയും ഇശാൻ കിഷനും ചേർന്ന് നടത്തിയ ചെറുത്തുനിൽപ്പ് മുംബൈക്ക് വിജയപ്രതീക്ഷ നൽകി. 54 പന്തിൽ 81 റൺസാണ് ഇരുവരും ചേർന്ന് അടിച്ചെടുത്തത്. പക്ഷേ, പിന്നാലെയെത്തിയവർ നിറംമങ്ങിയതോടെ ജയം രാജസ്ഥാനൊപ്പം നിന്നു. കീറൺ പൊള്ളാർഡ് (22) ആണ് മുംബൈ നിരയിൽ രണ്ടക്കം കടന്ന മറ്റൊരു ബാറ്റർ. രാജസ്ഥാനു വേണ്ടി നവ്ദീപ് സെയ്‌നിയും യുസ്വേന്ദ്ര ചഹലും രണ്ട് വിക്കറ്റ് വീതവും ബോൾട്ടും പ്രസിദ്ധ് കൃഷ്ണയും ആർ. അശ്വിനും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.