
ചണ്ഡിഗഡ്: കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ മരുമകന് റോബര്‍ട്ട് വദ്ര ഉള്‍പ്പെട്ട ഭൂമിയിടപാട് കേസില്‍ ക്രമക്കേടുണ്ടെന്ന് ജുഡീഷ്യല്‍ അന്വേഷണ റിപ്പോര്‍ട്ട്. ഭൂമിയിടപാടു കേസുമായി ബന്ധപ്പെട്ട് ഹരിയാന സര്‍ക്കാറിന് സമര്‍പ്പിച്ച ജുഡീഷ്യല്‍ അന്വേഷണ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.ഒരു വര്‍ഷം മുന്‍പ് ജുഡീഷ്യല്‍ അന്വേഷണത്തിന് നിയോഗിക്കപ്പെട്ട ഡല്‍ഹി ഹൈകോടതി മുന്‍ ജഡ്ജി ജസ്റ്റിസ് എസ്.എന്‍ ധിന്‍ഗ്ര യാണ് കഴിഞ്ഞ ദിവസം 182 പേജുള്ള റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
‘ക്രമക്കേടൊന്നും ഇല്ലായിരുന്നെങ്കില്‍ ഞാന്‍ ഒരുവരി റിപ്പോര്‍ട്ട് മാത്രമായിരിക്കും സമര്‍പ്പിക്കുക. എന്നാല്‍ ഞാന്‍ 182 പേജുള്ള റിപ്പോര്‍ട്ടാണ് നല്‍കിയത്. ഇത്ര വലിയ റിപ്പോര്‍ട്ട് എഴുതണമെങ്കില്‍ അതിനെന്തെങ്കിലും കാരണം ഉണ്ടാകണമല്ലോ’ എന്ന് ജസ്റ്റിസ് ധിന്‍ഗ്ര വ്യക്തമാക്കി.
2008 ല്‍ ഹരിയാനയിലെ ഗുഡ്ഗാവില്‍ 3.53 ഏക്കര്‍ ഭൂമിയിടപാടില്‍ കൃത്രിമരേഖകള്‍ ഉപയോഗിച്ചു വന്‍തുക സമ്പാദിച്ചെന്നും ഇടപാടുകള്‍ക്കു ഹരിയാന നഗരാസൂത്രണ വകുപ്പു കൂട്ടുനിന്നുവെന്നുമാണ് റോബര്‍ട്ട് വദ്രക്കെതിരായ ആരോപണം.