കേരളത്തിനു ലഭിച്ചുകൊണ്ടിരുന്ന റേഷന്‍വിഹിതം വെട്ടിക്കുറച്ച നടപടി പുനഃപരിശോധിക്കണമെന്നും വിഹിതം വര്‍ധിപ്പിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദര്‍ശിച്ചു മുഖ്യമന്ത്രി പിണറായി വിജയന് അഭ്യര്‍ഥിച്ചിരിക്കയാണ്. ആവശ്യം അനുഭാവപൂര്‍വം പരിഗണിക്കാമെന്നു പ്രധാനമന്ത്രി മുഖ്യമന്ത്രിക്ക് ഉറപ്പുനല്‍കിയിട്ടുണ്ട്.
ഏതൊരു പ്രധാനമന്ത്രിയും തന്നെ സമീപിക്കുന്ന സംസ്ഥാന മുഖ്യമന്ത്രിമാരോട് അറുത്തുമുറിച്ച് പറ്റില്ലെന്നു പറയാറില്ല. പരിഗണിക്കാമെന്ന ഉറപ്പുമാത്രമേ അവര്‍ക്കു നല്‍കാനാവൂ. ഭക്ഷ്യഭദ്രതാനിയമം നിലവില്വന്നതോടെയാണു കേരളത്തിന്റെ അരിവിഹിതം കുറഞ്ഞുപോയത്. കേന്ദ്രം നേരത്തേ അധിക അരി നല്‍കിയിരുന്നത് ഭക്ഷ്യഭദ്രതാനിയമം നടപ്പിലായതിനെത്തുടര്‍ന്ന് ഇല്ലാതാവുകയായിരുന്നു. ഇതു കേന്ദ്രസര്‍ക്കാരിന്റെ പിഴവല്ല. സംസ്ഥാനത്തോടുള്ള കേന്ദ്രത്തിന്റെ ചിറ്റമ്മ നയവുമല്ല.
ഭക്ഷ്യഭദ്രതാനിയമം നടപ്പിലാകുന്നതിനു മുന്‍പ് സംസ്ഥാനം ചെയ്തുതീര്‍ക്കേണ്ട കാര്യങ്ങളൊന്നും അന്നത്തെ യു.ഡി.എഫ് സര്‍ക്കാര്‍ ചെയ്തിരുന്നില്ല. രണ്ടാം യു.പി.എ സര്‍ക്കാര്‍ ആവിഷ്കരിച്ചതാണു ഭക്ഷ്യഭദ്രതാ പദ്ധതി. ദാരിദ്ര്യനിര്‍മാര്‍ജനം ലക്ഷ്യംവച്ച് അന്ന് യു.പി.എ സര്‍ക്കാര്‍ നടപ്പിലാക്കാന്‍ തുടങ്ങിയ പദ്ധതി പിന്നീടു വന്ന ബി.ജെ.പി സര്‍ക്കാരാണു പൂര്ത്തിയാക്കിക്കൊണ്ടിരുന്നത്.
പല സംസ്ഥാനങ്ങളും ഇതിനകം പദ്ധതി നടപ്പിലാക്കിക്കഴിഞ്ഞു. അവര്‍ക്കൊക്കെയും ശരിയാംവണ്ണം റേഷന്‍ വിഹിതം കിട്ടുന്നുമുണ്ട്. നിരവധി പേര്‍ക്ക് ഇതിന്റെ ആനുകൂല്യം ലഭിക്കുന്നുമുണ്ട്. ദരിദ്രവിഭാഗങ്ങളിലെ 75 ശതമാനം പേര്‍ക്ക് ഈ പദ്ധതിയുടെ ഗുണഭോക്താക്കളാവാന്‍ കഴിഞ്ഞിട്ടുണ്ട്.
ഈ നേരത്തെല്ലാം സംസ്ഥാന സര്‍ക്കാര്‍ ഭക്ഷ്യഭദ്രതാനിയമം നടപ്പിലാക്കുന്നതില്‍ അമാന്തം കാണിക്കുകയായിരുന്നു. അതിനാലാണു സംസ്ഥാനത്തിപ്പോള്‍ റേഷന്‍സാധനങ്ങളുടെ ദൗര്‍ലഭ്യം അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നത്. അല്ലാതെ കേന്ദ്രസര്‍ക്കാര്‍ കേരളത്തിന്റെ വിഹിതം പിടിച്ചുവച്ചതുകൊണ്ടല്ല. ഭക്ഷ്യഭദ്രതാ നിയമം നടപ്പാകാത്ത സംസ്ഥാനങ്ങളില്‍ റേഷന്‍വിഹിതം വെട്ടിച്ചുരുക്കുമെന്നു കഴിഞ്ഞ ഏപ്രിലില്‍ത്തന്നെ കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയതാണ്. എന്നിട്ടും, യു.ഡി.എഫ് സര്‍ക്കാരോ ഭക്ഷ്യവകുപ്പ് മന്ത്രി അനൂപ് ജേക്കബോ ജാഗ്രത കാണിച്ചില്ല.
ഏപ്രില്‍ ഒന്നുമുതല്‍ ഭക്ഷ്യസാധനങ്ങളുടെ അളവു വെട്ടിച്ചുരുക്കുമെന്നു കേന്ദ്രത്തില്‍നിന്ന് അറിയിപ്പുണ്ടായപ്പോഴെങ്കിലും സര്‍ക്കാര്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ടതായിരുന്നു. അതുണ്ടായില്ല. മന്ത്രി അനൂപ് ജേക്കബിന് ഈ വിഷയത്തില്‍ പരിചയക്കുറവുണ്ടായിരുന്നുവെങ്കില് ഭക്ഷ്യഭദ്രതാ നിയമം പാസാക്കിയ സംസ്ഥാനങ്ങളില്‍ പോയെങ്കിലും പഠിക്കണമായിരുന്നു. ഭക്ഷ്യസുരക്ഷാനിയമം നടപ്പാക്കാതിരുന്ന യു.ഡി.എഫ് സര്‍ക്കാരാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ആരോപണം അതുകൊണ്ടു തന്നെ തള്ളിക്കളയാനാവില്ല.
കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തിന്റെ റേഷന്‍ വിഹിതം വെട്ടിക്കുറച്ചപ്പോള്‍ മാത്രമാണു സംസ്ഥാന സര്‍ക്കാര്‍ കരടുപട്ടികയുമായി രംഗത്തുവന്നത്. കരടുപട്ടികയിലാവട്ടെ അനര്‍ഹര്‍ ധാരാളമായി കടന്നുകൂടുകയും ചെയ്തു. അവരെ കണ്ടെത്തി പുറംതള്ളുന്നതിലാണു ഭക്ഷ്യവകുപ്പിന്റെ പ്രധാന ശ്രദ്ധ.
ബി.പി.എല്‍ പട്ടികയില്‍ 20,80,042 കുടുംബങ്ങളില്‍ എട്ടുലക്ഷത്തോളം കുടുംബങ്ങള്‍ ഇതിന് അര്‍ഹതയില്ലാത്തവരാണ്. പത്തുവര്‍ഷം മുന്‍പാണ് സാമ്പത്തികമായി ഉയര്‍ന്നനിലയിലുള്ള പലരും ബി.പി.എല്‍ പട്ടികയില്‍ കയറിക്കൂടിയത്. ഇവരെ ഒഴിവാക്കാന്‍ മന്ത്രി അനൂപ് ജേക്കബിന്റെ വകുപ്പ് ഒരു ശ്രമവും നടത്തിയില്ല. ഇതര സംസ്ഥാനങ്ങളില്‍ ഇതുപോലെ അവിഹിതമായി സമ്പാദിച്ച 1.6 കോടി റേഷന്‍ കാര്‍ഡുകള്‍ കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കിയിട്ടുണ്ട്.
നോട്ട് നിരോധനത്തിലൂടെ കഷ്ടപ്പെടുന്ന ദരിദ്രരായ ജനവിഭാഗങ്ങള്‍ക്കു കിട്ടിയ ഇരട്ടപ്രഹരമാണ് റേഷനരി കിട്ടാതെ പോകുന്നത്. പണമില്ലാത്ത കാലത്ത് ചുരുങ്ങിയ വിലക്കു ലഭിക്കേണ്ട റേഷന്‍ അരി കൂടി ഇല്ലാതായിക്കൊണ്ടിരിക്കുമ്പോള്‍ പ്രധാനമന്ത്രിയുടെയും കേന്ദ്രത്തിന്റെയും കാരുണ്യത്തിനായി കേണപേക്ഷിക്കുകയെന്നതു തന്നെയാണ് സംസ്ഥാനത്തിന്റെ മുന്നിലുള്ള പോംവഴി.
14,217 കടകളിലായി 87 ലക്ഷം കുടുംബങ്ങള്‍ റേഷന്‍ വസ്തുക്കളെ മാത്രം ആശ്രയിച്ചു ജീവിക്കുന്നുണ്ട്. 34 ലക്ഷം അനര്‍ഹരെ ഇതില്‍നിന്ന് ഒഴിവാക്കി കുറ്റമറ്റ രീതിയില്‍ ഭക്ഷ്യഭദ്രതാ നിയമം നടപ്പിലാക്കിയിരുന്നുവെങ്കില്‍ സംസ്ഥാനത്തെ ദരിദ്രലക്ഷങ്ങള്‍ ഇന്ന് അടഞ്ഞ റേഷന്‍ കടകള്‍ക്കു മുന്പില് നെടുവീര്‍പ്പുകളുമായി കഴിയേണ്ടിവരില്ലായിരുന്നു.