ജിദ്ദ: നാട്ടിലേക്ക് പുറപ്പെടുന്നതിനിടെ റിയാദ് വിമാനത്താവളത്തില്‍ വച്ചു കാണാതായ കണ്ണൂര്‍ സ്വദേശിയെ ജയിലില്‍ കണ്ടെത്തി.കഴിഞ്ഞ ബുധനാഴ്ച എയര്‍ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ കണ്ണൂരിലേക്ക് പോകാനായി റിയാദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ തലശ്ശേരി സ്വദേശി എ.കെ റിസ്വാനെയാണ് സാമൂഹിക പ്രവര്‍ത്തകര്‍ നടത്തിയ അന്വേഷണത്തില്‍ എയര്‍പോര്‍ട്ട് ജയിലില്‍ കണ്ടെത്തിയത്. അഞ്ചു വര്‍ഷം മുന്‍പ് ദമാമില്‍ ജോലി ചെയ്തുകൊണ്ടിരിക്കെ ചാര്‍ജ് ചെയ്യപ്പെട്ട കേസിലാണ് റിസ്വാന് എയര്‍പോര്‍ട്ടില്‍ പിടിയിലായത്.
12.30ന് പുറപ്പെടുന്ന എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ ബോര്‍ഡിങ് പാസെടുത്ത് രാത്രിയോടെ കണ്ണൂര്‍ വിമാനത്താവളത്തിലെത്തുമെന്ന് ഭാര്യയോട് വിളിച്ചുപറഞ്ഞതാണ്. പക്ഷേ പിന്നീട് ഇദ്ദേഹത്തെ കുറിച്ച് ഒരു വിവരവുമുണ്ടായിരുന്നില്ല. റിയാദില്‍ നിന്ന് പുറപ്പെട്ടിട്ടുണ്ടെങ്കിലും കണ്ണൂരിലെത്തിയിട്ടില്ലെന്നാണ് ബന്ധുക്കള്‍ക്ക് ലഭ്യമായ വിവരം. കഴിഞ്ഞ നാലു ദിവസമായി ബന്ധുക്കള്‍ ഇദ്ദേഹത്തിനായി അന്വേഷണത്തിലായിരുന്നു. തുടര്‍ന്ന് സഹോദരന് നാട്ടില്‍ നിന്ന് മലപ്പുറം ജില്ലാ കെ.എം.സി.സി വെല്‍ഫയര്‍ വിങ് ചെയര്മാന് റഫീഖ് മഞ്ചേരിയെ വിളിച്ചറിയിക്കുകയായിരുന്നു. റഫീഖ് ജവാസാത്തില്‍ രേഖകള്‍ പരിശോധിച്ചപ്പോള്‍ റിസ്വാന് സഊദിയിലുണ്ടെന്ന് വ്യക്തമായി. എയര്‍പോര്‍ട്ട് പൊലിസിലെത്തി രേഖകള്‍ പരിശോധിച്ചപ്പോഴാണ് ജയിലില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ഇദ്ദേഹം ബന്ധുക്കളുമായി സംസാരിച്ചു. കേസ് ദമാമിലായതിനാല് ദമാം കോടതിയില്‍ ഹാജരാക്കി കേസ് നടപടികള്‍ പൂര്‍ത്തിയായ ശേഷം തര്‍ഹീല്‍ വഴി ഇദ്ദേഹത്തിന് നാട്ടിലേക്ക് പോകാനാവും. അഞ്ചു വര്‍ഷം മുന്‍പ് ദമാമില്‍ ജോലി ചെയ്തപ്പോഴാണ് കേസിലകപ്പെട്ടത്. എന്നാല്‍ പിന്നീട് ഫൈനല്‍ എക്സിറ്റില്‍ പോയി ഒമാനില്‍ രണ്ടു വര്‍ഷം ജോലി ചെയ്ത് പുതിയ വിസയില്‍ രണ്ടു വര്‍ഷം മുന്‍പ് റിയാദിലെത്തിയതായിരുന്നു റിസ്വാന്.
ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.