
മോസ്കോ: ഉത്തേജക വിവാദത്തില്‍ പുതിയ വെളിപ്പെടുത്തലുമായി റഷ്യന്‍ ഒളിംപിക് കമ്മിറ്റി. 2008ലെ ബെയ്ജിങ് ഒളിംപിക്സില്‍ പങ്കെടുത്ത അത്ലറ്റുകളില് 14 പേര് ഉത്തേജകം ഉപയോഗിച്ചതായി കമ്മിറ്റി വെളിപ്പെടുത്തി.ഒളിംപിക്സിനിടെ നല്കിയ അത്ലറ്റുകള് നല്കിയ സാംപിളുകളുടെ പരിശോധനയിലാണ് ഉത്തേജകം ഉപയോഗിച്ചതായി കണ്ടെത്തിയത്.
നേരത്തെ അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി നടത്തിയ പരിശോധനയില്‍ 12 രാജ്യങ്ങളില്‍ നിന്നുള്ള 31 താരങ്ങള്‍ പരാജയപ്പെട്ടിരുന്നു. ഇതും ബെയ്ജിങ് ഒളിംപിക്സില്‍ പങ്കെടുത്ത താരങ്ങളായിരുന്നു. എന്നാല്‍ റഷ്യന്‍ താരങ്ങളുടെ പേരുകള്‍ അച്ചടക്ക നിയമങ്ങളുടെ ഭാഗമായി വെളിപ്പെടുത്തില്ലെന്ന് റഷ്യന്‍ അത്ലറ്റിക്ക് ഫെഡറേഷന് അറിയിച്ചു. പരിശോധനയില്‍ പരാജയപ്പെട്ടവരില്‍ മെഡല്‍ ജേതാക്കളുമുണ്ട്. റഷ്യയിലെ പ്രാദേശിക ചാനലായ മാച്ച് ടി.വിയാണ് ഇക്കാര്യം പുറത്തുവിട്ടത്. 10 മെഡല്‍ ജേതാക്കളാണ് പട്ടികയിലുള്ളത്. ഇതിലൊന്ന് പ്രമുഖ വനിത റിലേ താരം യൂലിയ ചെര്മോഷാന്സ്കായയാണ്. ഇവര്‍ 400 മീറ്ററില്‍ സ്വര്‍ണം നേടിയിരുന്നു. മറ്റു പ്രമുഖ ടൂര്‍ണമെന്റുകളില്‍ നിന്നായി നാലു വെള്ളി മെഡലും ഇവര്‍ക്ക് സ്വന്തമാക്കിയിട്ടുണ്ട്.
ബെല്‍ജിയം സ്പ്രിന്റര്‍ കിം ഗെവര്ട്ട് നേരത്തെ ചെര്മോഷാന്സ്കയ്ക്കെതിരേ ആരോപണം ഉന്നയിച്ചിരുന്നു. റിലേയില്‍ മെഡല്‍ നേടുന്ന സമയത്തേ എല്ലാ താരങ്ങള്‍ക്കും അവരെ സംശയമുണ്ടായിരുന്നു. കാരണം മെഡല്‍ നേടുന്നതിന് മുന്‍പോ അതിന് ശേഷമോ അവരെ പറ്റി ആരും കേട്ടിട്ടില്ല. ഇത് ദുരൂഹതായി തുടരുന്നു. ഹൈജമ്പ് താരം അന്ന ചിച്ചെരോവയാണ് പരിശോധനയില്‍ പരാജയപ്പെട്ട മറ്റൊരു താരം. എന്നാല്‍ റഷ്യന്‍ കായിക മന്ത്രി വിറ്റാലി മുറ്റ്കോ താരങ്ങള്‍ക്ക് അനുകൂല നിലപാടാണ് തീരുമാനിച്ചത്. സാംപിളുകളുടെ രണ്ടാം ഘട്ട പരിശോധനയില്‍ മാത്രമേ താരങ്ങള്‍ ഉത്തേജകം ഉപയോഗിച്ചതായി അറിയാന്‍ സാധിക്കുകയുള്ളൂവെന്ന് മന്ത്രി പറഞ്ഞു. ഇതൊരു ഗൗരവം നിറഞ്ഞ സംഭവമായതിനാല്‍ താരങ്ങളുടെ പേര് പുറത്തുവിടാനാവില്ലെന്നും ചോര്‍ന്നു കിട്ടിയ പേരുകളില്‍ സ്ഥിരീകരണം നടത്താന്‍ സാധിക്കില്ലെന്നും മുറ്റ്കോ പറഞ്ഞു.