2023 June 01 Thursday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

റബർ സ്റ്റാമ്പല്ല

കോട്ടയം • സർവകലാശാല നിയമ ഭേദഗതി ബില്ലിൽ ഒപ്പിടില്ലെന്ന സൂചന നൽകി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സർക്കാർ ചൂണ്ടിക്കാട്ടുന്നിടത്ത് ഒപ്പിടാൻ താൻ റബർ സ്റ്റാമ്പല്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം സർവകലാശാലകളുടെ സ്വയംഭരണാധികാരത്തിൽ വെള്ളംചേർക്കാൻ ആരെയും അനുവദിക്കില്ലെന്നും ബില്ലിൽ ഭരണഘടനാപരമായ തീരുമാനങ്ങളെ എടുക്കൂവെന്നും പറഞ്ഞു. സർവകലാശാല നിയമ ഭേദഗതി ബിൽ, ലോകായുക്ത ഭേദഗതി ബിൽ എന്നിവയിൽ ഒപ്പിടുന്നത് സംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

നിയമസഭയ്ക്ക് ഏതു ബില്ലും പാസാക്കാൻ അധികാരമുണ്ട്. എന്നാൽ, താൻ നിയമപരമായും ഭരണഘടനാപരമായും മാത്രമേ അവയെ സമീപിക്കൂ.
സർവകലാശാലകളിലെ ബന്ധുനിയമനം അനുവദിക്കില്ല. നിയമനാധികാരം കൈയടക്കാനുള്ള സർക്കാർ നീക്കം നടക്കില്ല. അത്‌ സ്വയംഭരണം എന്ന പാവനമായ ആശയത്തെ തകർക്കും.
സർവകലാശാലകളെ മുഖ്യമന്ത്രി അടക്കമുള്ളവരുടെ സ്റ്റാഫിന്റെ ബന്ധുക്കളെ നിയമിക്കാനായി ഉപയോഗിക്കുന്നത് തടയും. സർവകലാശാലകളിൽ രാഷ്ട്രീയനിറമുള്ള പോസ്റ്ററുകൾ പതിക്കുന്ന പ്രവണത അവസാനിപ്പിക്കും. സർവകലാശാലയ്ക്ക് ഫണ്ട്‌ നൽകുന്നത് രാഷ്ട്രീയപാർട്ടി ആണോയെന്നും ഗവർണർ ചോദിച്ചു.

സർവകലാശാല, ലോകായുക്ത നിയമ ഭേദഗതി ബില്ലുകൾ രാജ്ഭവനിൽ നാലുദിവസം മുമ്പുവരെ എത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, നിയമസഭ പാസാക്കിയ ഗവർണറുടെ അധികാരം കവരുന്ന സർവകലാശാല നിയമ ഭേദഗതി, ലോകായുക്ത ഉൾപ്പെടെ 12 ബില്ലുകൾ രാജ്ഭവനിലെത്തി. കഴിഞ്ഞദിവസം ചീഫ് സെക്രട്ടറി എത്തിച്ച ബില്ലുകളിൽ രാജ്ഭവൻ പരിശോധന ആരംഭിച്ചു. വിവിധ പരിപാടികളിൽ പങ്കെടുക്കാൻ മറ്റു ജില്ലകളിലുള്ള ഗവർണർ 18ന് രാവിലെ മാത്രമേ മടങ്ങിയെത്തുകയുള്ളൂ. ഇതിനുശേഷം ഗവർണർ ബില്ലുകൾ വിശദമായി പരിശോധിക്കും. ആവശ്യമെങ്കിൽ നിയമോപദേശം തേടും.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.