ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ പ്രഥമ പ്രസിഡന്റും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ദേശീയ പ്രസിഡന്റുമായിരുന്ന ഡോ. ബിധന്‍ ചന്ദ്ര റോയുടെ ജന്മദിനവും ചരമദിനവുമായ ജൂലൈ 1 ദേശീയതലത്തില്‍ ഡോക്ടര്‍മാരുടെ ദിനമായി ആചരിക്കുകയാണ്. പൊതുസമൂഹത്തിനു ഡോക്ടര്‍മാര്‍ നല്‍കുന്ന സേവനങ്ങളെയും സംഭാവനകളെയും സ്മരിക്കു ന്നതിനും അവരെ ആദരിക്കുന്നതിനുമാണ് ദിനാചരണം നടത്തുന്നത്. പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയെന്ന നിലയിലുള്ള സേവനങ്ങള്‍ മാത്രമല്ല, സ്വാതന്ത്ര്യസമരത്തിലെ പങ്കാളിത്തം, രോഗികളോടുള്ള സഹാനുഭൂതി, മികച്ച ഭിഷഗ്വരന്‍, അതിലേറെ ഉയര്‍ന്ന മനുഷ്യസ്‌നേഹി എന്നീ നിലകളില്‍ ഡോ. ബി.സി റോയ് രാജ്യത്തിന്റെ ശ്രദ്ധ നേടിയിരുന്നു.
ഡോക്ടര്‍മാര്‍ ആശുപത്രിയുടെ ചുമരുകള്‍ക്കുള്ളില്‍ ഒതുങ്ങിനിന്ന് ചികിത്സ നടത്തേണ്ടവര്‍ മാത്രമാണെന്ന ധാരണയാണ് പൊതുസമൂഹത്തില്‍ പൊതുവെയുള്ളത്. രക്ഷകന്‍ എന്ന പരിവേഷത്തില്‍നിന്നു ജോലിസ്ഥലങ്ങളില്‍ ആക്രമിക്കപ്പെടുകയും ഇപ്പോള്‍ കൊല്ലപ്പെടുകയും വരെയുള്ള സ്ഥിതിവിശേഷത്തിലേക്കുള്ള പരിണാമം ഡോക്ടര്‍രോഗീ ബന്ധത്തിലും ചികിത്സാരംഗത്തും വളരെയധികം കലുഷിതമായ അന്തരീക്ഷമാണ് സൃഷ്ടിക്കുന്നത്. രോഗനിര്‍ണയം, ചികിത്സ എന്നിവ നിമിഷം മുതല്‍ ചുരുങ്ങിയ മണിക്കൂറുകള്‍ക്കുള്ളില്‍ സാധ്യമാക്കുന്ന ഡോക്ടര്‍മാര്‍ ചെയ്യുന്നത് സങ്കീര്‍ണമായ ധൈഷണിക പ്രായോഗിക തലങ്ങളിലുള്ള പ്രക്രിയയാണെന്ന് ഇനിയെങ്കിലും പൊതുസമൂഹം തിരിച്ചറിഞ്ഞേ മതിയാകൂ. ഡോക്ടര്‍മാരും മനുഷ്യരാണെന്നും മറ്റേതു തൊഴില്‍ മേഖലകളിലുള്ളവരെപ്പോലെ അവര്‍ക്കും പരിമിതികളുണ്ടെന്നും പരിഗണന നല്‍കേണ്ടവരാണെന്നും സമൂഹം അറിയേണ്ടതുണ്ട്.
സമൂഹത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തില്‍ ഡോക്ടര്‍മാരുടെ പങ്കിനെക്കുറിച്ചും നേതൃപരമായ സംഭാവനകളെക്കുറിച്ചും പലപ്പോഴും വിസ്മരിക്കപ്പെടുന്നുവെന്നത് തികച്ചും ദുഃഖകരമാണ്. കേരളത്തിന്റെ ആരോഗ്യരംഗത്തെ പുരോഗതി ചര്‍ച്ച ചെയ്യുമ്പോള്‍ ഉയര്‍ന്ന സാമൂഹ്യബോധം, സ്ത്രീസാക്ഷരത, അടിസ്ഥാന സൗകര്യ വികസനങ്ങള്‍ എന്നിവയ്‌ക്കൊപ്പംതന്നെ മെഡിക്കല്‍ സമൂഹത്തിന്റെ നിസ്തുലമായ സേവനത്തിന്റെ പങ്ക് ഉയര്‍ത്തിക്കാണിക്കുന്നതില്‍ സാമൂഹ്യ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ കാണിക്കുന്ന വിമുഖത വിസ്മയകരമാണ്. അഞ്ചുവര്‍ഷം മുമ്പുണ്ടായ നിപ പകര്‍ച്ചപ്പനിയും മൂന്നു വര്‍ഷമായി തുടരുന്ന കൊവിഡ് 19 മഹാമാരിയും വേണ്ടിവന്നു, വൈദ്യസമൂഹത്തിന്റെ സേവനം പൊതുജന ശ്രദ്ധയില്‍പ്പെടാന്‍.
വെല്ലുവിളികള്‍, പ്രതിസന്ധികള്‍
ആരോഗ്യരംഗത്തെ അടിസ്ഥാന സൗകര്യങ്ങളില്ലായ്മ, മാനുഷിക വിഭവശേഷിയുടെ കുറവ്, രോഗനിര്‍ണയത്തിനു സഹായകരമായ നൂതന സാങ്കേതികവിദ്യയിലൂന്നിയ ഉപകരണങ്ങളുടെ അഭാവം, ഡോക്ടര്‍രോഗീ അനുപാതം എന്നിവ സര്‍ക്കാര്‍ മേഖലയിലെ ഒ.പി വിഭാഗത്തിലും കിടത്തിച്ചികിത്സാ വിഭാഗത്തിലും വലിയൊരളവു വരെ വിവിധ രൂപങ്ങളിലുള്ള ഡോക്ടര്‍രോഗീ സംഘര്‍ഷങ്ങള്‍ക്കു കാരണമാകുന്നുണ്ട്. പലപ്പോഴും വ്യവസ്ഥകളുടെ അപര്യാപ്തതകളുടെ പരിണിതഫലം ഡോക്ടര്‍മാരുടെ മേല്‍ അടിച്ചേല്‍പ്പിക്കപ്പെടുന്ന രീതി ആശങ്കാജനകമാണ്. സ്വകാര്യ ചികിത്സാ മേഖലയിലാകട്ടെ, തങ്ങള്‍ പണം മുടക്കുന്നതുമൂലം രോഗി ഉടന്‍ സുഖംപ്രാപിക്കണമെന്ന രീതിയില്‍ സമൂഹം ചിന്തിക്കുന്നത് പ്രശ്‌നങ്ങളില്‍ കലാശിക്കുന്നു.
നിശ്ചിതസമയമില്ലാത്ത ജോലി, വിശ്രമവേളകളുടെ അഭാവം, മാനുഷിക വിഭവശേഷിയുടെ കുറവ് എന്നിവ പലപ്പോഴും ഡോക്ടര്‍മാരുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തെപ്പോലും ബാധിക്കുന്നുണ്ട്. ഈയടുത്ത കാലത്തായി ഡോക്ടര്‍മാര്‍ക്കിടയില്‍ വര്‍ധിച്ചുവരുന്ന വിഷാദം, ആത്മഹത്യാ പ്രവണതകള്‍ എന്നിവ ഗൗരവമായി കാണേണ്ടതുണ്ട്. യുവഡോക്ടര്‍മാരില്‍ സ്ഥിരജോലിയുടെ അഭാവം, ജോലിക്കനുസരിച്ചുള്ള ശമ്പളം ലഭിക്കാത്ത അവസ്ഥ എന്നിവയുണ്ടാക്കുന്ന ഉത്കണ്ഠ ചെറുതല്ല. മറ്റു തൊഴില്‍ മേഖലകളിലേതുപോലെ ഡോക്ടര്‍മാരുടെയും ശമ്പളം കാലാനുസൃതമായി പരിഷ്‌കരിക്കുന്നതിനു വേണ്ട സംവിധാനങ്ങള്‍ രൂപപ്പെടുത്തേണ്ടതുണ്ട്.
അത്യാഹിത വിഭാഗങ്ങളില്‍ കണ്ടുവരുന്ന വര്‍ധിച്ച സംഘര്‍ഷങ്ങള്‍ കുറയണമെങ്കില്‍ പൊലിസ് സംവിധാനം ഉണര്‍ന്നു പ്രവര്‍ത്തിക്കണം. കേരള സര്‍ക്കാര്‍ ഈയടുത്തു പുറപ്പെടുവിച്ച ആശുപത്രി സംരക്ഷണ നിയമത്തിലെ ഭേദഗതികള്‍ ആത്മാര്‍ഥമായി നടപ്പാക്കേണ്ടത് പൊലിസ് വകുപ്പാണ്.
ഡോക്ടര്‍മാര്‍ക്കു മറ്റു മേഖലയിലെ ജീവനക്കാര്‍ക്കുള്ളതുപോലെ സാമൂഹ്യ സുരക്ഷാ പദ്ധതിയും നടപ്പാക്കേണ്ടതുണ്ട്. രോഗീസമ്പര്‍ക്കം മൂലമുള്ള രോഗങ്ങള്‍ വന്നാല്‍പോലും സ്വന്തം ചെലവില്‍ ചികിത്സിക്കേണ്ട അവസ്ഥയാണ് ഇന്നുള്ളത്. ഇതുമൂലം ഉണ്ടാകുന്ന ജീവഹാനി, വൈകല്യം എന്നിവയ്ക്കുപോലും സര്‍ക്കാര്‍ മതിയായ നഷ്ടപരിഹാരം നല്‍കുന്നില്ല. കൊവിഡ് മഹാമാരിയില്‍ മരണമടഞ്ഞ ഡോക്ടര്‍മാരുടെ കുടുംബങ്ങള്‍ക്ക് മതിയായ പിന്തുണ ഇപ്പോഴും ലഭ്യമായിയിട്ടില്ല എന്നത് അടിയന്തരപ്രാധാന്യത്തോടെ പരിഹാരം കാണേണ്ട പ്രശ്‌നമാണ്. ഡോക്ടര്‍മാര്‍ക്കു നേരെ സമൂഹമാധ്യമങ്ങളിലൂടെയുള്ള അപവാദ പ്രചാരണങ്ങള്‍, ആരോപണങ്ങള്‍ അധികൃതര്‍ വേണ്ടത്ര അവധാനതയോടെ കാണുന്നില്ല എന്നതും ദുഃഖകരമാണ്.
ഡോക്ടര്‍മാര്‍ നിലവിലുള്ള സ്ഥാപനങ്ങളുടെയും വ്യവസ്ഥകളുടെയും ഒരു ഘടകം മാത്രമാണെന്നു സമൂഹം തിരിച്ചറിയേണ്ടതുണ്ട്. ചികിത്സയുമായി ബന്ധപ്പെട്ട സുതാര്യത ഉറപ്പുവരുത്തേണ്ട ഉത്തരവാദിത്വം ഡോക്ടര്‍മാര്‍ക്കുണ്ട്. അണുകുടുംബത്തില്‍നിന്ന് പരമാണുകുടുംബത്തിലേക്ക് ശരവേഗം മാറിക്കൊണ്ടിരിക്കുന്ന സമൂഹമാണ് കേരളത്തിലേത്. പലപ്പോഴും രോഗിയുടെ കൂട്ടിരിപ്പുകാര്‍ രോഗിയുടെ അകന്ന ബന്ധുക്കളോ, അല്ലാത്തവരോ ആകുന്ന അവസ്ഥ കൂടിവരുന്നു. തന്മൂലം രോഗിയുടെ വിവരങ്ങള്‍ അതതു സമയത്ത് ഉത്തരവാദപ്പെട്ട ബന്ധുക്കളെ അറിയിക്കാന്‍ കഴിയാത്ത അവസ്ഥ ജന്യമാകുന്നു. രോഗിയുടെ അവസ്ഥ ഗുരുതരമാകുമ്പോള്‍ അടുത്ത ബന്ധുക്കള്‍ ഡോക്ടര്‍മാര്‍ക്കു നേരെയും ആശുപത്രി ജീവനക്കാര്‍ക്കു നേരെയും തിരിയുന്ന സ്ഥിതി കൂടിവരികയും ചെയ്യുന്നു.
ആരോഗ്യ സൂചികകളില്‍ വിദേശ രാജ്യങ്ങളോട് താരതമ്യം ചെയ്യുമ്പോള്‍തന്നെ ഡോക്ടര്‍മാര്‍ക്കു നല്‍കുന്ന പരിരക്ഷകളും അത്തരം രാജ്യങ്ങളിലേതിനു തുല്യമായിത്തന്നെ നടപ്പാക്കേണ്ടതുണ്ട്. ഇക്കാര്യങ്ങളെല്ലാം പരിശോധിക്കുന്നതിനും നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിനും സര്‍ക്കാര്‍ അടിയന്തരമായി കര്‍മസമിതി രൂപീകരിക്കണം. ദേശീയ, സംസ്ഥാനതലങ്ങളില്‍ സര്‍ക്കാര്‍ ഡോക്ടേഴ്‌സ് ദിനത്തില്‍ നല്‍കിവരുന്ന ‘ബെസ്റ്റ് ഡോക്ടര്‍ അവാര്‍ഡ്’ വിവിധ മേഖലകളിലെ ഡോക്ടര്‍മാര്‍ക്ക് പുനഃസ്ഥാപിക്കണം. മറ്റേതു തൊഴില്‍ മേഖലകളിലെന്നപോലെ ഡോക്ടര്‍മാരും പ്രോത്സാഹനത്തിനും അംഗീകാരങ്ങള്‍ക്കും അര്‍ഹരാണ്.
മെഡിക്കല്‍ രംഗത്തെ മറ്റൊരു തൊഴില്‍മേഖലയായി തന്നെ കാണുമ്പോള്‍ പ്രശ്‌നങ്ങള്‍ക്ക് ഒരുപരിധിവരെ പരിഹാരം കണ്ടെത്താവുന്നതാണ്. ചികിത്സാരംഗത്തു ജോലിചെയ്യുന്ന തൊഴിലാളികളായിത്തന്നെ ഡോക്ടര്‍മാരെ കാണുകയും അവര്‍ക്കു ഭയരഹിതമായും നിഷ്പക്ഷമായും നൈതികമായുമുള്ള നയപരമായ തീരുമാനങ്ങള്‍ സര്‍ക്കാര്‍ കൈക്കൊള്ളുകയും നടപ്പാക്കുകയും വേണം. അതോടൊപ്പം, ചികിത്സയുടെ സങ്കീര്‍ണത ഡോക്ടര്‍ സമൂഹവും ഉള്‍ക്കൊള്ളേണ്ടതുണ്ട്. രോഗീഡോക്ടര്‍ ആശയവിനിമയത്തിലെ ന്യൂനതകള്‍ പരിഹരിക്കുന്നതില്‍ ഡോക്ടര്‍മാരുടെ സംഘടനകള്‍ മുന്‍കൈയെടുക്കണം. പൊതുസമൂഹവും ഡോക്ടര്‍മാരും ചേര്‍ന്നുനിന്ന് സഹകരിക്കുന്ന അന്തരീക്ഷം സൃഷ്ടിച്ചുവേണം മുന്നോട്ടുപോകാന്‍.
Comments are closed for this post.