
ചേര്‍ത്തല: മോട്ടോര്‍ വാഹന വകുപ്പ് നടത്തിയ പരിശോധനയില്‍ രേഖകളില്ലാതെ അന്തര്‍ സംസ്ഥാന സര്‍വീസ് നടത്തിയ കല്ലട ബസ് ഉള്‍പ്പടെയുള്ള 12 ബസുകള്‍ പിടിച്ചെടുത്തു.
എട്ട് ടൂറിസ്റ്റ് ബസുകളും നാല് അന്തര്‍ സംസ്ഥാന സര്‍വീസ് നടത്തുന്ന ബസുകളുമാണ് പിടികൂടിയത്. ദേശീയപാതയിലൂടെ കെ.എസ്.ആര്.ടി.സിക്ക് സമാന്തരമായി ചെന്നൈ, മധുര, ഈറോഡ് എന്നിവിടങ്ങളിലേക്ക് മതിയായ രേഖകളില്ലാതെ സര്‍വീസ് നടത്തിയ ബസുകളാണ് പിടിച്ചെടുത്തത്. പരിശോധനയില്‍ നിയമ ലംഘനത്തിനൊപ്പം നിരോധിത എയര്‍ ഹോണുകള്‍ ബസിലുള്ളതായും കണ്ടെത്തി. ടൂറിസ്റ്റ് ബസുകളില്‍ നിന്ന് വീടുകളില്‍ ഉപയോഗിക്കുന്ന നിറച്ച പാചക വാതക സിലിണ്ടറുകള്‍ കണ്ടെടുത്തു. അപകട സാധ്യതയേറെയുള്ളതാണിതെന്നും ബസുകള്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തതായും പരിശോധന ഇനിയും തുടരുമെന്നും ജോയിന്റ് ആര്.ടി.ഒ കെ. ഹരികൃഷ്ണന് പറഞ്ഞു. എം.വി.ഐ മാരായ ജി. മനോജ്, എന്‍.ടി കിഷോര്‍കുമാര്‍, എ.എം.വി.ഐമാരായ പി.എ സ്റ്റാന്‍ലി, പി.വി അനില്‍കുമാര്‍, ടി.ആര് മധുസൂദനന് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.