
രുചികരം മാത്രമല്ല പോഷകങ്ങളുടെ കലവറ കൂടിയാണ് കൂണ്. ധാരാളം മാംസ്യവും ജീവകങ്ങളും കൂണില്‍ അടങ്ങിയിട്ടുണ്ട്. കൊഴുപ്പിന്റെ അംശം തീരെ ഇല്ലാത്തതിനാല്‍ ഹൃദ്രോഗം ഉള്ളവര്‍ക്കും കൂണ് കഴിക്കാവുന്നതാണ്. ഊര്‍ജത്തിന്റെ അംശം കൂണില്‍ കുറവാണ്. അതുകൊണ്ടു തന്നെ പ്രമേഹരോഗികള്‍ക്കും അമിതവണ്ണമുള്ളവര്‍ക്കും കൂണ് അനുയോജ്യമാണ്. കൂണില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട്. വന്‍കുടലിനെ ബാധിക്കുന്ന കാന്‍സര്‍, രക്തത്തിലെ പഞ്ചസാരയുടെ അളവ് തുടങ്ങിയവ കുറക്കാനും കൂണ് സഹായിക്കും. തയാമിന്‍, റിബോഫ്ളോവിന്‍, ജീവകം ബി, ജീവകം സി, ജീവകം ഡി, കാല്‍സ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, ഇരുമ്പ്, ചെമ്പ്, സോഡിയം, മഗ്നീഷ്യം എന്നിവയുടെ കലവറയാണു കൂണ്. പൊട്ടാസ്യം, സോഡിയം എന്നിവയുടെ അനുപാതം കൂടുതലായതിനാലാല് രക്തസമ്മര്‍ദക്കാര്‍ക്ക് ഉത്തമ ഔഷധം കൂടിയാണ് കൂണ്. പണ്ടൊക്കെ പറമ്പില്‍ നിന്നു കൂണുകള്‍ ശേഖരിക്കാമായിരുന്നു. പലപ്പോഴും ഇടവത്തിലെ ഇടിമിന്നലിനുശേഷം പറമ്പില്‍ കൂണുകള്‍ മുളച്ചുപൊന്തുമായിരുന്നു. ഇടിക്കുമിലുകളെന്നു നാട്ടുകാര്‍ പറയാറുള്ള ഇവ വളരെ സ്വാദിഷ്ടവുമാണ്. എന്നാല്‍ ഇപ്പോള്‍ കൂണ് കൃഷി വ്യാപകമായിരിക്കുന്നു. സ്വന്തം ഉപയോഗത്തിനു പുറമേ നല്ലൊരു വരുമാനമാര്‍ഗം കൂടിയാണ് കൂണ്‍കൃഷി.
വീട്ടമ്മമാര്‍ക്കു
ഇഷ്ടവിളയായി
കൂണ്‍കൃഷി
കുടുംബശ്രീകള്‍ക്കും വീട്ടമ്മമാര്‍ക്കും ഇഷ്ടവിളയായി കൂണ്‍കൃഷി മാറിക്കഴിഞ്ഞു. മുമ്പൊക്കെ മഴക്കാലത്ത് പ്രകൃതിയില്‍ നിന്നു ലഭിച്ചിരുന്ന കൂണ് അടുത്ത കാലത്താണു വ്യാപകമായി കൃഷിചെയ്യാന്‍ തുടങ്ങിയത്. ഇതോടെ ഏതു സമയത്തും ലഭിക്കുന്ന ഭക്ഷ്യവസ്തുവായി കൂണ് മാറുകയും ചെയ്തു. കൂണ്‍കൃഷി ചെയ്യണമെങ്കില്‍ പ്രത്യേക സ്ഥലം ആവശ്യമില്ലെന്നതും വീടിനുള്ളില്‍ തന്നെ കൃഷിചെയ്യാമെന്ന പ്രത്യേകതയുമാണു മറ്റു വിളകളില്‍ നിന്ന് ഇതിനെ വേറിട്ടുനിര്‍ത്തുന്നത്.
അതിനാല്‍ തന്നെ കൂടുതല്‍ കര്‍ഷകര്‍ ഈ മേഖലയിലേക്കു ആകര്‍ഷിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഗ്രാമപ്രദേശങ്ങളിലെ മുഖ്യ വരുമാനമാര്‍ഗമായി കൂണ്‍കൃഷി മാറുന്നുണ്ട്. ചില കാര്‍ഷിക ഗവേഷണകേന്ദ്രങ്ങളില്‍ നിന്നും മറ്റും കൂണ്‍വിത്തുകള്‍ സൗജന്യമായി കര്‍ഷകര്‍ക്കു ലഭിക്കുന്നുണ്ട്. കൂണ്‍കൃഷി ചെയ്യാന്‍ വിവിധ ഏജന്‍സികള്‍ കര്‍ഷകര്‍ക്കു പരിശീലനവും നല്‍കുന്നുണ്ട്. പ്രാദേശിക വിപണികളില്‍ തന്നെ കൂണിന് ആവശ്യക്കാരേറെയുള്ളത് കൃഷിക്കാര്‍ക്ക് അനുഗ്രഹവുമാണ്. നല്ല പണവും കിട്ടും.