2021 January 21 Thursday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

രാഹുല്‍ ഗാന്ധി ഡ്രൈവറുടെ സീറ്റിലിരിക്കുമ്പോള്‍ പി. സുരേന്ദ്രന്‍

 

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പോരാട്ടങ്ങളെ ഞാന്‍ വിലയിരുത്തുക രണ്ട് മീന്‍ കുഞ്ഞുങ്ങള്‍ മുതലകള്‍ക്കുനേരെ നടത്തിയ യുദ്ധം എന്ന നിലയിലാണ്. അവര്‍ രാഹുലും പ്രിയങ്കയും. മിക്കവാറും അവര്‍ ഏകാകികള്‍. ആവേശഭരിതമായ അനുയായികളും പ്രാദേശിക നേതാക്കളും മാത്രമാണ് കൂടെയുണ്ടായിരുന്നത്. വലിയ നേതാക്കളെന്നു പറയുന്ന മിക്കവരും മാളത്തില്‍ ഒളിച്ചിരുന്നു. അവരുടെ പോരാട്ടം മിക്കവാറും പ്രസ്താവനകളിലൊതുങ്ങി. നേട്ടങ്ങള്‍ ഉണ്ടായാല്‍ പുറത്തുവരാം. ഇല്ലെങ്കില്‍ മാളങ്ങളില്‍ തന്നെ ഒതുങ്ങിയിരിക്കാം. പ്രായം ചെന്ന പലരും മക്കള്‍ക്ക് സീറ്റുറപ്പിക്കാനുള്ള ആവേശത്തിലുമായിരുന്നു. താന്‍ ഒറ്റപ്പെട്ടുപോയി എന്ന വേദന രാഹുല്‍ ഗാന്ധി തന്നെ പങ്കിടുകയും ചെയ്തിട്ടുണ്ട്.

ഉത്തരേന്ത്യയെ അഭിസംബോധന ചെയ്യാന്‍ ത്രാണിയുള്ള നേതാക്കളുടെ അഭാവം കോണ്‍ഗ്രസ് പാര്‍ട്ടി നേരിടുന്ന വെല്ലുവിളിയാണ്. സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ അനേക വര്‍ഷം അധികാരത്തിന്റെയും സമ്പത്തിന്റെയും സുഖാലസ്യത്തില്‍ ജീവിച്ചപ്പോള്‍ സമരം, പോരാട്ടം എന്നീ വാക്കുകള്‍ കോണ്‍ഗ്രസ് നേതാക്കളുടെ നിഘണ്ടുവില്‍ നിന്നു മായുകയും ചെയ്തു. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിലെ മഹാ ത്യാഗങ്ങള്‍ സഹിച്ച നേതാക്കളുടെ പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. ചരിത്ര സ്രഷ്ടാക്കളായ കോണ്‍ഗ്രസ് നേതാക്കളെല്ലാം നിരന്തരമായി ജയിലില്‍ അടയ്ക്കപ്പെട്ടവരാണ്. എന്നാല്‍ സ്വാതന്ത്ര്യാനന്തരം ആ പാരമ്പര്യമൊക്കെ അസ്തമിക്കുകയായിരുന്നു. തുടര്‍ച്ചയായുള്ള അധികാരത്തില്‍ അവര്‍ അലസരായി. ഈ വിധം പുറത്തുനില്‍ക്കേണ്ടി വരുമെന്ന് അവര്‍ കരുതിയതുമില്ല. തുടര്‍ച്ചയായി രണ്ടു തവണ ബി.ജെ.പി അധികാരത്തിലെത്തിയത് അവസരവാദികളായ പല കോണ്‍ഗ്രസ് നേതാക്കളെയും ബി.ജെ.പി പാളയത്തിലെത്തിച്ച പണവും, സമഗ്രാധികാരം ഉപയോഗിച്ചുകൊണ്ടുള്ള വേട്ടയാടലുമാണ് കോണ്‍ഗ്രസ് മുക്ത ഭാരതത്തിനായി ബി.ജെ.പി ഉപയോഗിച്ചത്. പല സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് മുന്നണി സര്‍ക്കാരുകളെ താഴെയിറക്കുന്നതില്‍ ബി.ജെ.പി എങ്ങനെയാണ് വിജയിച്ചതെന്ന് നമുക്കറിയാം. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ തകര്‍ച്ച ഹതാശനാക്കിയത് രാഹുല്‍ ഗാന്ധിയെയാണ്. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം അദ്ദേഹം ഉപേക്ഷിച്ചതിന്റെ കാരണവും അതാവണം. വേണമെങ്കില്‍ പ്രിയങ്കയ്ക്കും രാഹുലിനും രാഷ്ട്രീയം ഉപേക്ഷിച്ച് പോകാമായിരുന്നു. അവര്‍ക്ക് സ്വന്തം ഇടങ്ങളുണ്ട്. ഇന്ത്യാ രാജ്യത്തെ വംശീയ ഫാസിസ്റ്റുകളില്‍ നിന്ന് രക്ഷിക്കാന്‍ രാഹുലിനും പ്രിയങ്കയ്ക്കും മാത്രമായി ഉത്തരവാദിത്വമൊന്നുമില്ലല്ലൊ. എന്നിട്ടും അവര്‍ തെരുവില്‍ തന്നെയുണ്ടെങ്കില്‍ അത്രമേല്‍ അവര്‍ രാജ്യത്തേയും ജനതയേയും സ്‌നേഹിക്കുന്നുണ്ടാവണം. അമേത്തിയില്‍ തോറ്റപ്പോഴും തനിക്ക് വോട്ട് ചെയ്ത ജനതയെ അനാഥരാക്കാന്‍ രാഹുല്‍ തയാറായതുമില്ല. അമേത്തിയിലെ പരാജയം പഠിക്കപ്പെടണം. അദ്ദേഹത്തെ തോല്‍പിച്ചത് ജനതയാണോ വോട്ടിങ് യന്ത്രമാണോ എന്ന് തിരിച്ചറിയാന്‍ കാലമെടുക്കും.

അമേത്തിയിലെ തോല്‍വി രാഹുലും മുന്‍കൂട്ടി അറിഞ്ഞുകാണണം. വയനാട്ടിലും മത്സരിക്കാന്‍ തീരുമാനിച്ച തന്ത്രം അതാവാം. ഈ കാര്യത്തില്‍ വലിയ വിമര്‍ശനങ്ങള്‍ അദ്ദേഹം ഏറ്റുവാങ്ങി. രാഹുല്‍ ഗാന്ധിയെ നെഞ്ചോടു ചേര്‍ത്തുപിടിച്ച മുസ്‌ലിം ലീഗിന്റെ ഹരിത പതാക മോര്‍ഫ് ചെയ്‌തെടുത്ത് കുപ്രചരണങ്ങള്‍ അഴിച്ചുവിട്ടത് ഉത്തരേന്ത്യയിലെ കുറേ വോട്ടര്‍മാരെയെങ്കിലും സ്വാധീനിക്കുകയും ചെയ്തു. എല്‍.ഡി.എഫിന്, പ്രത്യേകിച്ച് സി.പി.എമ്മിന് രാഹുല്‍ ഗാന്ധിയോട് പകയുണ്ടാവാന്‍ കാരണം വയനാട്ടില്‍ അദ്ദേഹം മത്സരിച്ചതാണ്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന്റെ കനത്ത പരാജയത്തിനു കാരണം രാഹുലാണെന്ന് ഇപ്പോഴും സി.പി.എം വിശ്വസിക്കുന്നുണ്ട്. അതുകൊണ്ടാണ് അവര്‍ രാഹുലിന് എല്ലായിപ്പോഴും സംഘ്പരിവാര്‍ കുപ്പായം ചാര്‍ത്തികൊടുക്കുന്നത്. ഒരുകാര്യം ഓര്‍ക്കുന്നത് കൊള്ളാം. സംഘ്പരിവാറിനും മോദിക്കുമെതിരേ പ്രതിപക്ഷ ശബ്ദങ്ങള്‍ വിരളമാണ്. അതിലൊന്നാണ് രാഹുലിന്റേത്. കാവല്‍ക്കാരന്‍ കള്ളനാണെന്ന് മോദിയുടെ മുഖത്തുനോക്കി പറയാന്‍ രാഹുല്‍ ഗാന്ധിയേ ഉണ്ടായിരുന്നുള്ളൂ. അദ്ദേഹം ജനതയ്‌ക്കൊപ്പമാണ്. എപ്പോഴും ഫാസിസത്തിനെതിരേ അദ്ദേഹം ആപല്‍സൂചനകള്‍ നല്‍കാന്‍ തുടങ്ങിയിട്ട് കാലമേറെയായി. അത് തിരിച്ചറിയാന്‍ കഴിയാതെപോയത് ഇന്ത്യയുടെ പരാജയം. സഹോദരി പ്രിയങ്കയ്ക്കും അനുയായികള്‍ക്കുമൊപ്പം ഹത്രാസിലേക്ക് അദ്ദേഹം യാത്ര തിരിക്കുമ്പോള്‍ വയനാട്ടില്‍ അദ്ദേഹം ജയിച്ചത് ചരിത്രപരമായ അനിവാര്യതയാണെന്ന് തിരിച്ചറിയണം. എം.പി എന്ന സുരക്ഷാവലയം കുറച്ചെങ്കിലും അദ്ദേഹത്തിന് തുണയാവുന്നുണ്ടല്ലോ. ഇങ്ങനെ ഒരു പോരാളിക്ക് വോട്ട് ചെയ്യാന്‍ അവസരം കിട്ടിയതില്‍ വയനാട്ടുകാര്‍ക്ക് അഭിമാനിക്കാം.

സമകാലിക ഇന്ത്യ അസാധാരണമായ രണ്ട് യാത്രകള്‍ക്ക് സാക്ഷ്യം വഹിച്ചു. രാഹുലിനെ മുന്‍സീറ്റിലിരുത്തി പ്രിയങ്ക ഹത്രാസിലേക്ക് കാറോടിക്കുന്നു. യോഗി ആദിത്യനാഥിന്റെ ഫാസിസ്റ്റ് പൊലിസ് തീര്‍ത്ത വേലി പൊളിച്ചുകളയുന്ന ധീരത അസാമാന്യംതന്നെ. യോഗി ആദിത്യനാഥ് എന്ന കാവിയണിഞ്ഞ ക്രിമിനല്‍ മുഖ്യമന്ത്രിക്ക് മുട്ടുമടക്കേണ്ടിവന്നു. രാഹുലും പ്രിയങ്കയും പൊളിച്ചുകളഞ്ഞ അതിര്‍ത്തിയിലൂടെയാണ് ഇടതുപക്ഷത്തിന്റെയും മറ്റു ജനാധിപത്യ പ്രസ്ഥാനങ്ങളുടെയും നേതാക്കള്‍ ഹത്രാസിലെത്തിയത്.

ആകെ കൂരിരുട്ട് നിറഞ്ഞ ആകാശത്ത് രണ്ടു നക്ഷത്രങ്ങള്‍ തെളിഞ്ഞു കത്തുമ്പോഴുള്ള സന്തോഷമുണ്ടല്ലൊ, അതാണ് ജനാധിപത്യ ഇന്ത്യയെ സ്‌നേഹിക്കുന്നവര്‍ അനുഭവിച്ചത്. കോണ്‍ഗ്രസ് പാര്‍ട്ടിയോടെന്നല്ല ഒരു രാഷ്ട്രീയ പാര്‍ട്ടിയോടും ആഭിമുഖ്യമുള്ള ആളല്ല ഞാന്‍. രാഹുലിന്റെയോ പ്രിയങ്കയുടെയോ ആരാധകനല്ല. ആവുകയുമില്ല. പക്ഷേ അവര്‍ ഇപ്പോള്‍ നടത്തുന്ന ഇടപെടലുകള്‍, സംഘി ഫാസിസത്തിനെതിരേ പോരാടുന്നത് ഈ എളിയവനും ഏറെ ആത്മവിശ്വാസം പകര്‍ന്നു. ഹത്രാസിലേക്കുള്ള യാത്രയില്‍ രാഹുല്‍ ഡ്രൈവിങ് സീറ്റിലായിരുന്നില്ല. എന്നാല്‍ കര്‍ഷകരുടെ സമരം നയിക്കുമ്പോള്‍ അദ്ദേഹം ട്രാക്റ്റര്‍ ഓടിക്കുക തന്നെ ചെയ്തു. ഒത്തിരി കുടുംബ പാരമ്പര്യമുള്ള ഉന്നതനായ ഒരു രാഷ്ട്രീയ നേതാവ് ഈ വിധം മണ്ണില്‍ ചവിട്ടി നില്‍ക്കുന്നത് വര്‍ത്തമാന ഇന്ത്യയിലെ അപരിചിതമായ അനുഭവമാണ്. രാഹുലും പ്രിയങ്കയും ഒരുപാട് വളര്‍ന്നുകഴിഞ്ഞു. സംഘി രാഷ്ട്രത്തില്‍നിന്ന് ഉന്നത ജനാധിപത്യത്തിലേക്ക് ഇന്ത്യയെ തിരിച്ചുകൊണ്ടുവരുന്നതില്‍ അവര്‍ വിജയിക്കുമോ എന്നറിയില്ല. അതൊക്കെ കാലം തീരുമാനിക്കട്ടെ. രാഹുലിന്റെയും പ്രിയങ്കയുടെയും കൂടെ മണ്ണിലിറങ്ങി നടക്കാന്‍ എത്ര കോണ്‍ഗ്രസ് നേതാക്കള്‍ തയാറാവുമെന്നറിയില്ല. കര്‍ഷകര്‍ക്കും സാധാരണക്കാര്‍ക്കുമൊപ്പം ഇറങ്ങി നില്‍ക്കാനും അതേസമയം ദേശാന്തരീയ സമൂഹത്തെ ധൈഷണികമായി അഭിസംബോധന ചെയ്യാനും കെല്‍പ്പുള്ള രാഷ്ട്രീയ നേതാക്കള്‍ ഉണ്ടാകണം. ആലങ്കാരികമായി ഞാന്‍ പറയുക എ.കെ.ജിയും ജവഹര്‍ലാല്‍ നെഹ്‌റുവും ഒരു നേതാവില്‍ ഒന്നിക്കണം. ഭാരതം ഉറ്റുനോക്കുന്നത് അത്തരമൊരു നേതാവിനെയാണ്. രാഹുല്‍ഗാന്ധി ഒരു സാധ്യത മാത്രമാണ്. പൂര്‍ണതയിലെത്താന്‍ ഇനിയും ഏറെ ദൂരം സഞ്ചരിക്കാനുണ്ട് അയാള്‍ക്ക്. ഇന്ത്യന്‍ ഫാസിസത്തെ എതിരിടാനുള്ള അദ്ദേഹത്തിന്റെ ചങ്കൂറ്റം അസാധാരണം തന്നെ.

പേടി മാറ്റാനുള്ള ചികിത്സയാണ് അദ്ദേഹം ഇപ്പോള്‍ നടത്തുന്നത്. മോദിയും അമിത്ഷായും ഉണ്ടാക്കിയ പേടിയുണ്ടായിരുന്നു. ജനതയെ ഭയപ്പെടുത്തലാണ് ഫാസിസത്തിന്റെ ആദ്യ ലക്ഷ്യം. അതില്‍ വിജയിച്ചാല്‍ പിന്നെ എളുപ്പമാണ്. ഇന്ത്യയെ സംബന്ധിച്ചും ഈ ആശങ്ക നമുക്കുണ്ടായിരുന്നു. പൗരത്വ നിയമ ഭേദഗതിക്കെതിരേ നടന്ന പ്രക്ഷോഭമാണ് ജനതയുടെ പേടി മാറ്റിയത്. ചന്ദ്രശേഖര്‍ ആസാദും ജിഗ്‌നേഷ് മേവാനിയും കനയ്യ കുമാറുമൊക്കെ ഭീതി അകറ്റാന്‍ സഹായിച്ചവരാണ്. ഷഹീന്‍ബാഗ് സമരവും ആസാദി മുദ്രാവാക്യവും ഭരണകൂടത്തെ ശരിക്കും വിറപ്പിച്ചുകളഞ്ഞു. മഹാമാരി ബാധിച്ചില്ലായിരുന്നുവെങ്കില്‍ ഇന്ത്യയുടെ ചരിത്രം മറ്റൊന്നാകുമായിരുന്നു. ഇപ്പോള്‍ രാഹുല്‍ ഗാന്ധിയിലൂടെ ഇന്ത്യയുടെ സമരവീര്യം വീണ്ടും ഉണരുകയാണ്. അതിന് തുടര്‍ച്ചകള്‍ ഉണ്ടാകണം. വിയോജിപ്പുകള്‍ മാറ്റിവച്ച് രാഹുലിന് പിന്നില്‍ നമ്മള്‍ അണിനിരക്കണം. ഇല്ലെങ്കില്‍ നാം ഒരു തോറ്റ ജനതയാവും.
ഷഹീന്‍ബാഗ് സമരം ഭരണകൂടത്തെ അങ്കലാപ്പിലാക്കിയിരുന്നു. അതാണിപ്പോള്‍ കോടതിയെ കൂട്ടുപിടിച്ച് തെരുവ് സമരങ്ങള്‍ നിരോധിക്കാനുള്ള നീക്കം നടക്കുന്നത്. അതിനെ ചെറുത്തേ മതിയാവൂ. തെരുവുകള്‍ ഭരണകൂടത്തിന്റേതല്ല. ജനതയുടേതാണ്. നിയമങ്ങള്‍ ജനവിരുദ്ധമാകുമ്പോള്‍ അത് ലംഘിക്കുകതന്നെ വേണം.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.