സ്വന്തം ലേഖകന്‍
തിരുവനന്തപുരം: രാജ്യത്തെ ഏറ്റവും മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവും മുന്‍മുഖ്യമന്ത്രിയുമായ വി.എസ് അച്യുതാനന്ദന്‍ ഔദ്യോഗിക പദവിയായ ഭരണ പരിഷ്‌കാര കമ്മിഷന്റെ ചെയര്‍മാന്‍ സ്ഥാനം ഒഴിയുന്നു. കമ്മിഷന്റെ മൂന്ന് റിപ്പോര്‍ട്ടുകള്‍ കൂടി സമര്‍പ്പിച്ച ശേഷം ഔദ്യോഗികമായി രാജിക്കത്ത് നല്‍കാനാണ് ആലോചിക്കുന്നതെന്ന് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ പറയുന്നു. ചെയര്‍മാന്‍ സ്ഥാനം ഒഴിയുന്നതിന്റെ മുന്നോടിയായി വി.എസ് തിരുവനന്തപുരത്തെ കവടിയാറിലുള്ള ഔദ്യോഗിക വസതി ഒഴിഞ്ഞു.
ബാര്‍ട്ടണ്‍ഹില്ലിലെ മകന്റെ വസതിയിലേക്കാണ് താമസം മാറിയത്. മലമ്പുഴയില്‍ നിന്നുള്ള എം.എല്‍.എയായ വി.എസിന് നിലവില്‍ ഭരണ പരിഷ്‌കാര കമ്മിഷന്റെ അധ്യക്ഷ സ്ഥാനം മാത്രമാണുള്ളത്. ശാരീരിക അവശതകളെ തുടര്‍ന്നു വസതിയില്‍ വിശ്രമിക്കുകയാണ് വി.എസ് ഇപ്പോള്‍.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ നേതാവെന്ന നിലയില്‍ എല്‍.ഡി.എഫിന്റെ നേതൃനിരയിലുണ്ടായിരുന്ന വി.എസിനെ2016 ഓഗസ്റ്റ് ആറിനാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ കാബിനറ്റ് റാങ്കോടെ ഭരണപരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷനായി നിയമിച്ചത്. ഈ കാലത്തിനിടെ ആറു റിപ്പോര്‍ട്ടുകള്‍ കമ്മിഷന്‍ സര്‍ക്കാരിനു സമര്‍പ്പിച്ചു.
അതിനു ശേഷം പൊതുഇടത്തില്‍ സാനിധ്യം അറിയിച്ചിരുന്നെങ്കിലും 2019 ഒക്ടോബറില്‍ തലച്ചോറില്‍ രക്തസ്രാവമുണ്ടായതിനെ തുടര്‍ന്ന് പൂര്‍ണ വിശ്രമത്തിലേക്ക് മാറേണ്ടി വന്നു. പിന്നീട് പൊതുപരിപാടികളിലൊന്നും വി.എസിനെ കണ്ടിരുന്നില്ല. ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രചാരണത്തിനിറങ്ങാത്ത വി.എസ് വോട്ടു ചെയ്യാനും പോയിരുന്നില്ല.
കഴിഞ്ഞ ഒക്ടോബറില്‍ വി.എസ് 97 ാം ജന്മദിനം ആഘോഷിച്ചിരുന്നു. ഭരണപരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷനായി ചുമതലയേറ്റ് മാസങ്ങള്‍ കഴിഞ്ഞിട്ടും വി.എസിന് വേതനം ലഭിക്കാതിരുന്നത് ആ സമയത്ത് ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. വിശ്രമ നാളുകള്‍ക്കിടയില്‍ ഫേസ്ബുക്ക് പോസ്റ്റുകളിലൂടെ സാനിധ്യം അറിയിക്കാന്‍ വി.എസ് ശ്രമം നടത്തിയെങ്കിലും പിന്നീട് അതിനും കാര്യമായ തുടര്‍ച്ചയുണ്ടായില്ല.
നേരത്തെ ആലപ്പുഴയിലെ വീട്ടിലേക്ക് വി.എസ് താമസം മാറുമെന്ന് വാര്‍ത്തകളുണ്ടായിരുന്നെങ്കിലും പിന്നീട് അതു വേണ്ടെന്നു വച്ചു. വി.എസിന് ആലപ്പുഴയിലേക്കു മടങ്ങാന്‍ താല്‍പര്യമുണ്ടെങ്കിലും ചികിത്സയുടെ സൗകര്യത്തിനായി തിരുവനന്തപുരത്ത് തുടരാന്‍ കുടുംബം തീരുമാനിക്കുകയായിരുന്നു.
Comments are closed for this post.