പ്രത്യേക ലേഖകൻ
തിരുവനന്തപുരം • വിരമിക്കാൻ മൂന്നര വർഷം ബാക്കിനിൽക്കെ രാഷ്ട്രീയ ഇടപെടലിൽ സഹികെട്ട് ആരോഗ്യവകുപ്പ് ഡയറക്ടറുടെ ചുമതലയുള്ള ഉദ്യോഗസ്ഥ സർവീസിൽ നിന്ന് സ്വയംവിരമിക്കുന്നു. ഡി.എച്ച്.എസ് ഡോ. പ്രീതയാണ് സ്വയംവിരമിക്കലിന് അപേക്ഷ നൽകിയത്. പിണറായി സർക്കാർ അധികാരത്തിൽ വന്നശേഷം രണ്ടാമത്തെ ആരോഗ്യവകുപ്പ് ഡയറക്ടറാണ് സ്വയംവിരമിക്കുന്നത്. വിരമിക്കലിനു സർക്കാർ തത്വത്തിൽ അനുമതി നൽകി.
ഈ മാസത്തോടെ ഡോ. പ്രീത സേവനം അവസാനിപ്പിക്കും. കുറച്ചു നാളുകളായി ഡി.എച്ച്.എസ് തസ്തിക ഒഴിഞ്ഞുകിടക്കുകയാണ്.
ഡോ. സരിത വിരമിച്ചപ്പോൾ ഡോ. രമേശിനെ ഡയറക്ടറായി നിയമിച്ചു. രണ്ടു മാസത്തിനുശേഷം അദ്ദേഹം ചുമതലയിൽ നിന്ന് ഒഴിഞ്ഞപ്പോൾ അഡീ. ഡയറക്ടർ ഡോ. രാജുവിനു താൽക്കാലിക ചുമതല നൽകി. ഏതാനും മാസങ്ങൾക്കുശേഷം അദ്ദേഹം വിരമിച്ചപ്പോൾ അഡീ. ഡയറക്ടറായ ഡോ. പ്രീതയ്ക്കു താൽക്കാലിക ചുമതല നൽകി. ദീർഘനാളായി ഒഴിഞ്ഞുകിടന്നിരുന്ന അഡീ. ഡയറക്ടർമാരുടെ തസ്തികകൾ ജൂലൈയിൽ വകുപ്പുതല പ്രമോഷൻ കമ്മിറ്റി ചേർന്ന് നികത്തിയിരുന്നു. ആ സമയത്തും ഡി.എച്ച്.എസിനെ നിയമിച്ചിരുന്നില്ല. 2021 ഓഗസ്റ്റ് മാസത്തിൽ അഡീ. ഡയറക്ടറായിരുന്ന രമേശ് വിരമിച്ചപ്പോഴുള്ള തസ്തിക ഇതുവരെയും നികത്തിയിട്ടില്ല.
അതിനിടെ, ധനകാര്യവിഭാഗം ഗുരുതരവീഴ്ച കണ്ടെത്തിയതിനെ തുടർന്ന് അച്ചടക്ക നടപടി നേരിട്ടയാളെ പുതിയ ഡയറക്ടറായി നിയമിക്കാനുള്ള നീക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്.
അച്ചടക്ക നടപടി നേരിടുന്നതിനാൽ ഇയാളെ ഡി.എച്ച്.എസ് തസ്തികയിലേക്കു പരിഗണിക്കാൻ കഴിഞ്ഞിരുന്നില്ല. ഗുരുതര പരാമർശങ്ങൾ നിലനിൽക്കേ തന്നെ ഈ മാസം അഞ്ചിന് അച്ചടക്ക നടപടി വകുപ്പ് അവസാനിപ്പിച്ചു. ഈ ഉദ്യോഗസ്ഥനുവേണ്ടിയാണ് ഡി.എച്ച്.എസ് നിയമനം വൈകിപ്പിക്കുന്നതെന്നാണ് ജീവനക്കാരുടെ ആക്ഷേപം.
Comments are closed for this post.