പതിനഞ്ചാമത് ഉപരാഷ്ട്രപതിയായി എം. വെങ്കയ്യനായിഡു തെരഞ്ഞടുക്കപ്പെട്ടിരിക്കുകയാണ്. ഇന്ത്യന്‍ ഭരണ സിരാകേന്ദ്രത്തില്‍ സംഘ്പരിവാര്‍ നേതാക്കള്‍ എത്തുന്നത് ഇതോടെ പൂര്‍ത്തിയായി. പ്രധാനമന്ത്രി, രാഷ്ട്രപതി, ലോക്സഭാ സ്പീക്കര്‍, ഉപരാഷ്ട്രപതി തുടങ്ങിയ സ്ഥാനങ്ങളില്‍ ആര്.എസ്.എസ് പാരമ്പര്യമുള്ള ബി.ജെ.പി നേതാക്കള്‍ ആസനസ്ഥരാവുമ്പോള്‍ മതേതരത്വവും ജനാധിപത്യവും നിലനില്‍ക്കുമോ എന്നതില്‍ ഭൂരിപക്ഷം ഇന്ത്യക്കാരും സന്ദേഹികളാവുക എന്നത് സ്വാഭാവികം. ഭരണഘടനാനുസൃതമായ ഭരണസംവിധാനത്തെ അംഗീകരിക്കാത്തതാണ് ആര്.എസ്.എസ് പ്രത്യയശാസ്ത്രം. അതിന്റെ വിധാതാക്കള്‍ രാഷ്ട്രത്തിന്റെ തലപ്പത്തെത്തുമ്പോള്‍ ഇന്ത്യയുടെ മഹിത പാരമ്പര്യത്തിന് പരുക്കേല്ക്കുകയാണോ എന്ന ഭയപ്പാട് മതേതര ജനാധിപത്യ വിശ്വാസികളില്‍ ഉണ്ടാകുമെന്നത് യാഥാര്‍ഥ്യമാണ്. രാഷ്ട്രപതി തെരഞ്ഞെടുപ്പിലും ഇപ്പോള്‍ നടന്ന ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിലും പ്രതിപക്ഷത്തുനിന്ന് രാംനാഥ് കോവിന്ദിനും വെങ്കയ്യ നായിഡുവിനും വോട്ടുകള്‍ ഒഴുകി എന്നതു തന്നെ ഇന്ത്യയുടെ വര്‍ത്തമാനകാല രാഷ്ട്രീയ അപചയത്തെയാണ് അടയാളപ്പെടുത്തുന്നത്.
പ്രതിപക്ഷനിരയുടെ രാഷ്ട്രീയാവബോധത്തെ ചോദ്യം ചെയ്യുന്നതാണ് രാഷ്ട്രപതി, ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പുകളിലുണ്ടായ വോട്ടുമറിയലുകള്. ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന ഉടനെ പ്രധാനമന്ത്രി നരേന്ദ്രമോദിയില്നിന്നുണ്ടായ പ്രതികരണം തള്ളിക്കളയേണ്ടതല്ല. വരാനിരിക്കുന്ന ഒരു ദുരന്തകാലത്തിന്റെ സൂചനയാണോ ആ വാക്കുകള്‍ എന്നു തോന്നിപ്പോവുന്നു.’അടുത്ത അഞ്ചുവര്‍ഷം രാജ്യം വലിയ പരിവര്‍ത്തനങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുമെന്നും രാജ്യത്തിന്റെ രണ്ടു പരമോന്നത പദവികളും വഹിക്കുന്നത് ഒരേ കുടുംബത്തില്‍ നിന്നും ഒരേ പാരമ്പര്യത്തില്‍ നിന്നും വന്നവരാണെന്നുള്ള’ അദ്ദേഹത്തിന്റെ വാക്കുകള്‍ ഒരു സേന്ദശമാണ്. അദ്ദേഹം ഉദ്ദേശിക്കുന്ന പരിവര്‍ത്തനം എല്ലാവര്ക്കും അറിയാവുന്നതാണ്. രാഷ്ട്രപതിയായ രാംനാഥ്കോവിന്ദ് കറകളഞ്ഞ ആര്.എസ്.എസുകാരനും ഉപരാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ട വെങ്കയ്യനായിഡു പത്താം വയസ് മുതല്‍ ആര്.എസ്.എസ് ശാഖയിലൂടെ വളര്‍ന്നുവന്ന ബി.ജെ.പി നേതാവുമാണ്. നരേന്ദ്രമോദി പറയാതെ പറഞ്ഞുവച്ച ഒരേ കുടുംബ പാരമ്പര്യം സംഘ്പരിവാര്‍ പാരമ്പര്യമല്ലാതെ മറ്റൊന്നുമല്ല. ഭരണഘടനയില്‍ അധിഷ്ടിതമായ രാജ്യത്തിന്റെ മതേതര ജനാധിപത്യ സ്വഭാവം ആര്.എസ്.എസ് നിരാകരിക്കുന്നു. ഹിന്ദുത്വത്തിന്റെ സന്ദേശവാഹകരായ നാലു ഭരണകര്‍ത്താക്കളുടെ കൈപ്പിടിയിലാണ് ഇന്നത്തെ ഇന്ത്യ. ഇത്തരമൊരു പരിണാമത്തിന്റെ ഉത്തരവാദിത്വത്തില്‍നിന്നു രാജ്യത്തെ ഏറ്റവും വലിയ ജനാധിപത്യ മതേതര രാഷ്ട്രീയ പാര്‍ട്ടിയായ കോണ്‍ഗ്രസിന് ഒഴിഞ്ഞുമാറാനാവില്ല. ഈയൊരു കടുത്ത പ്രതിസന്ധി രാജ്യത്തെ ഗ്രസിച്ചുകൊണ്ടിരിക്കുമ്പോഴും പ്രതിപക്ഷ ഐക്യമെന്നത് മരീചികയായി തന്നെ തുടരുന്നു. മുന്നേറിക്കൊണ്ടിരിക്കുന്ന ബി.ജെ.പിയുടെ നയവൈകല്യത്തെ പൊതുസമൂഹത്തിനു മുന്നില്‍ തുറന്നുകാണിക്കാനും രാജ്യം നേരിട്ടുകൊണ്ടിരിക്കുന്ന ഭീതിദതമായ അവസ്ഥ അവരെ ബോധ്യപ്പെടുത്താനും പ്രതിപക്ഷത്തിനോ പ്രതിപക്ഷത്തിന് നേതൃത്വം നല്കുന്ന കോണ്‍ഗ്രസിനോ കഴിയുന്നില്ല. പ്രതിപക്ഷ നിരയില്‍ നിന്നുപോലും ബി.ജെ.പി സ്ഥാനാര്‍ഥികള്‍ക്ക് വോട്ട് പോകുന്നുവെന്ന ഒരവസ്ഥക്കാണ് മതേതര ജനാധിപത്യ ഇന്ത്യ സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്. ഈ നില തുടര്‍ന്നാല്‍ 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം എന്തായിരിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ. ഇപ്പോള്‍ തന്നെ രാജ്യസഭയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ബി.ജെ.പി മാറിക്കഴിഞ്ഞു. കഴിഞ്ഞ 65 വര്‍ഷത്തെ പാര്‍ലമെന്റ് ചരിത്രത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് നിലനിര്‍ത്തിപ്പോന്ന സ്ഥാനമാണിത്. ഇതാണിപ്പോള്‍ ബി.ജെ.പി പിടിച്ചെടുത്തിരിക്കുന്നത്.
വളരെ അടിത്തട്ടില്‍ നിന്നു വളര്‍ന്നുവന്ന രാഷ്ട്രീയ നേതാവാണ് വെങ്കയ്യ നായിഡു. സംഘ്പരിവാരിന്റെ അടിവേരില്‍നിന്ന് ഊര്‍ജം സംഭരിച്ച് ദേശീയ നേതാവായി വളര്‍ന്നുവന്ന് ഉപരാഷ്ട്രപതി സ്ഥാനത്ത് ഇന്നദ്ദേഹം എത്തിയിരിക്കുന്നു. നാളിതുവരെയുള്ള അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ വിദ്വേഷത്തിന്റെയോ വെറുപ്പിന്റെയോ ലാഞ്ചനകളൊന്നുമുണ്ടായിരുന്നില്ല. എല്ലാവരോടും സൗഹൃദവും മമതയും കാത്തുസൂക്ഷിച്ചുപോന്ന ഒരു നേതാവ് രാജ്യസഭയുടെ അധ്യക്ഷ സ്ഥാനത്തെത്തുമ്പോള്‍ ആ സ്വഭാവ ഗുണങ്ങളുടെ പാരമ്പര്യം കാത്തുസൂക്ഷിക്കുമെന്ന് തന്നെ കരുതാം. ഗ്രാമീണ പശ്ചാതലത്തില്‍ നിന്നുവരുന്ന ഒരാള്‍ക്ക് നഗരജീവിതത്തിന്റെ പാരുഷ്യ രൂപമാവാന്‍ കഴിയില്ല. എം. വെങ്കയ്യ നായിഡുവില്നിന്നു മേലിലും അതാണ് ഇന്ത്യന്‍ ജനത പ്രതീക്ഷിക്കുന്നത്. തന്റെ സ്വതസിദ്ധവും പ്രസാദമധുരവുമായ സംഭാഷണവും നര്‍മബോധവും പുതിയ സ്ഥാനലബ്ധിയിലും അദ്ദേഹം കാത്തുസൂക്ഷിക്കുമെന്ന് പ്രതീക്ഷിക്കാവുന്നതാണ്. പ്രക്ഷുബ്ധമാവുന്ന രാജ്യസഭയെ കാല്‍നൂറ്റാണ്ടു കാലത്തെ രാഷ്ട്രീയ പ്രബുദ്ധത കൊണ്ടും അനുനയ സമീപനങ്ങള്‍ കൊണ്ടും നിയന്ത്രിക്കുവാനും പിരിമുറുക്കങ്ങളെ തന്റെ നര്‍മരസപ്രധാനമായ വാക്കുകളാല്‍ ലഘൂകരിക്കുവാനും അദ്ദേഹത്തിന് കഴിയുമെന്ന് ആശിക്കാം. മക്കള്‍ രാഷ്ട്രീയത്തോടും കുടുംബ രാഷ്ട്രീയത്തോടും അകലം പാലിക്കുന്ന വെങ്കയ്യനായിഡുവില്‍ നിന്നു വര്‍ഗീയതയുടെയും അസഹിഷ്ണുതയുടെയും തിരതള്ളലില്‍ കലങ്ങിമറിയുന്ന ഇന്ത്യന്‍ അവസ്ഥയോടും അകലം പാലിക്കുമെന്നാണ് ഭൂരിപക്ഷം വരുന്ന ഇന്ത്യന്‍ മതേതര ജനാധിപത്യ വിശ്വാസികളും പ്രതീക്ഷിക്കുന്നത്.