ന്യൂഡൽഹി/തിരുവനന്തപുരം • രാഷ്ട്രപതി തെരഞ്ഞെടുപ്പിൻ്റെ വോട്ടെടുപ്പ് രാവിലെ 10 മുതൽ 5 വരെ പാർലമെന്റിൽ പ്രത്യേകം സജ്ജമാക്കിയ മുറിയിൽ നടന്നു. 99.18 ശതമാനമാണ് പോളിങെന്ന് റിട്ടേണിങ് ഓഫീസർ പി.സി മോഡി അറിയിച്ചു.
പ്രധാനമന്ത്രി 10 മണിയോടെ വോട്ട് ചെയ്തു. മുൻ പ്രധാനമന്ത്രി മൻമോഹൻ സിങും ചികിത്സയിലായിരുന്ന പി.വി അബ്ദുൽ വഹാവും വീൽചെയറിലെത്തിയാണ് വോട്ട് ചെയ്തത്. യാത്ര അരുതെന്ന് കർശന നിർദേശമുണ്ടായിട്ടും ഡോക്ടറുടെ അകമ്പടിയോടെയാണ് വഹാബ് വോട്ടു ചെയ്യാനെത്തിയത്.
727 എം.പിമാർക്കും ഒമ്പത് എം.എൽ.എമാർക്കുമായിരുന്നു പാർലമെൻ്റിൽ വോട്ടുചെയ്യാൻ അനുമതിയുണ്ടായിരുന്നത്. ഇതിൽ 721 പേർ വോട്ടുചെയ്തു. ആദിർ ചൗധരി, മല്ലികാർജുൻ ഖാർഗെ എന്നിവർക്കൊപ്പം സോണിയാഗാന്ധിയും കെ.സി വേണുഗോപാൽ, ജയ്‌റാം രമേശ് എന്നിവർക്കൊപ്പം രാഹുലും വോട്ട് ചെയ്തു. പ്രായാധിക്യം കാരണം ആദ്യം നൽകിയ ബാലറ്റിൽ ശരിയായി വോട്ടു രേഖപ്പെടുത്താൻ കഴിയാതിരുന്ന മുലായം സിങ് യാദവിനും ബി.ജെ.പിയുടെ നിതീഷ് പ്രമാണിക്കിനും രണ്ടാമതും ബാലറ്റ് നൽകി.
കേരളത്തിലെ 140 എം.എൽ.എമാരും വോട്ടുചെയ്തു. നിയമസഭാ സമുച്ചയത്തിലെ മൂന്നാം നിലയിലെ ബൂത്തിലായിരുന്നു വോട്ടെടുപ്പ്. തമിഴ്നാട് തിരുനെൽവേലിയിലെ എം.പി ജി. ജ്ഞാന തിരുവിയവും യു.പിയിലെ സേവാപുരി എം.എൽ.എ നീൽ രത്തൻ സിങ്ങും വോട്ടുചെയ്തു. കൊവിഡ് ബാധിതനായ ജ്ഞാന തിരുവിയം പി.പി.ഇ കിറ്റ് അണിഞ്ഞാണ് വോട്ടുചെയ്തത്. പാലക്കാട്ട് ചികിത്സയിലുള്ള യു.പി എം.എൽ.എ വീൽചെയറിലാണ് വോട്ട് ചെയ്യാനെത്തിയത്.
Comments are closed for this post.