2022 July 04 Monday
നല്ല മനുഷ്യന്‍ സ്‌നേഹം മൂലം അനുസരിക്കുന്നു, അല്ലാത്തവന്‍ ഭയം മൂലവും.       അരിസ്റ്റോട്ടില്‍

Editorial

രാഷ്ട്രപതിയുടെ ആശങ്ക അസ്ഥാനത്തല്ല


കഴിഞ്ഞ നവംബര്‍ എട്ടിന് പ്രധാനമന്ത്രി നരേന്ദ്രമോദി രാത്രിയില്‍ രാഷ്ട്രത്തോടായി നടത്തിയ പ്രഖ്യാപനത്തിലാണ് അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ അസാധുവാക്കുന്ന വിവരം വെളിപ്പെടുത്തിയത്. കള്ളപ്പണവും കള്ളനോട്ടും ഇല്ലാതാക്കാനാണ് ഇത്തരമൊരു നടപടിയെന്നായിരുന്നു പ്രധാനമന്ത്രി പറഞ്ഞത്. കള്ളപ്പണക്കാരുടെ കൈയിലുള്ള ആയിരത്തിന്റെയും അഞ്ഞൂറിന്റെയും ശേഖരങ്ങള്‍ വെറും കടലാസുകഷണങ്ങളായെന്നും ഗംഗയിലൂടെ ആ നോട്ടുകെട്ടുകള്‍ ഒഴുകുമെന്നും അദ്ദേഹം പറഞ്ഞു.
രണ്ടുമുണ്ടായില്ല. നിരോധിച്ച നോട്ടുകളില്‍ 97 ശതമാനവും റിസര്‍വ് ബാങ്കില്‍ തിരിച്ചെത്തിയെന്നു പ്രമുഖ വാര്‍ത്താഏജന്‍സിയായ പി.ടി.ഐ കഴിഞ്ഞദിവസം റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ്. ഭൂരിഭാഗം നോട്ടുകളും മടങ്ങിവന്ന സ്ഥിതിക്കു  കള്ളപ്പണം എവിടെയാണെന്ന സംശയം ബാക്കിനില്‍ക്കുന്നു. വാര്‍ത്ത ആര്‍.ബി.ഐ തള്ളിയെങ്കിലും ഇതിനകം വിശ്വാസ്യത നഷ്ടപ്പെട്ട ആര്‍.ബി.ഐയുടെ ഈ നിഷേധം മുഖവിലയ്‌ക്കെടുക്കാനാകില്ല.
നവംബര്‍ എട്ടിന് നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനം പ്രധാനമന്ത്രി നടത്തുമ്പോള്‍ 15.44 ലക്ഷം കോടി രൂപയുടെ 500, 1000 രൂപാ നോട്ടുകളുണ്ടായിരുന്നു. ഇതില്‍ 97 ശതമാനം തിരിച്ചെത്തിയെന്നു പറയുമ്പോള്‍ കള്ളപ്പണക്കാര്‍ അവരുടെ പണം ഭൂരിഭാഗവും ബാങ്കിലിട്ടു വെളുപ്പിച്ചുവെന്നല്ലേ മനസിലാക്കേണ്ടത്. അഞ്ചുലക്ഷം കോടി രൂപയുടെ നോട്ടുകളെങ്കിലും തിരിച്ചെത്തുകയില്ലെന്നായിരുന്നു കേന്ദ്രസര്‍ക്കാര്‍ പറഞ്ഞിരുന്നത്. 14.97 ലക്ഷം കോടി രൂപ തിരിച്ചെത്തിയതോടെ സര്‍ക്കാരിന്റെ അവകാശവാദം  പൊളിഞ്ഞിരിക്കുകയാണ്.
ഡിസംബര്‍ പത്തുവരെയുള്ള കണക്കനുസരിച്ചു 12.44 ലക്ഷം കോടി രൂപയുടെ നോട്ടുകള്‍ തിരിച്ചെത്തിയെന്നു റിസര്‍വ് ബാങ്കുതന്നെ വെളിപ്പെടുത്തിയതാണ്. തിരികെയെത്തിയ നോട്ടുകളുടെ കണക്ക് തന്റെ കൈവശമില്ലെന്നു ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ നിസ്സഹായത സര്‍ക്കാരിന്റെ പരാജയത്തെയാണു സൂചിപ്പിക്കുന്നത്. സര്‍ക്കാരിന്റെ ഈ പരാജയത്തെ പരാമര്‍ശിച്ചായിരിക്കണം രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജി തന്റെ നേരത്തെയുള്ള പ്രസ്താവന തിരുത്തുംവിധം കഴിഞ്ഞദിവസം പുതിയപ്രഖ്യാപനം നടത്തിയത്.  
നോട്ട് അസാധുവാക്കല്‍ നടപടി രാജ്യത്തെ സമ്പദ്‌വ്യവസ്ഥയില്‍ താല്‍ക്കാലിക മാന്ദ്യമുണ്ടാക്കുമെന്നാണ് രാഷ്ട്രപതി അഭിപ്രായപ്പെട്ടത്. ജനങ്ങള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന കഷ്ടപ്പാടുകള്‍ക്കു പരിഹാരമുണ്ടാക്കണമെന്നും രാഷ്ട്രപതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്. നോട്ടു മരവിപ്പിക്കാന്‍ നരേന്ദ്രമോദി സര്‍ക്കാര്‍ എടുത്ത തീരുമാനത്തെ ധീരമായ നടപടിയെന്നായിരുന്നു നേരത്തെ രാഷ്ട്രപതി വിശേഷിപ്പിച്ചിരുന്നത്. നോട്ട് അസാധുവാക്കുന്നതോടെ കണക്കില്‍ പെടാത്ത പണവും കള്ളനോട്ടും പിടികൂടുവാന്‍ സഹായകമാകുമെന്ന അദ്ദേഹത്തിന്റെ വിശ്വാസമായിരുന്നു സര്‍ക്കാരിനെ അഭിനന്ദിക്കുവാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത്.
ആലോചനയും മുന്നൊരുക്കവുമില്ലാതെ നടത്തിയ നോട്ടു മരവിപ്പിക്കലിനെ തുടര്‍ന്നു രാജ്യത്തെ 130 കോടി ജനങ്ങളാണു ദുരിതത്തിന്റെ ആഴങ്ങളില്‍ ഇപ്പോഴുമുള്ളത്. അമ്പതുദിവസം കഴിഞ്ഞിട്ടും ആ ദുരിതത്തിന് അറുതിവന്നില്ല. കള്ളപ്പണം കറന്‍സിയായുള്ളത് ആറുശതമാനം മാത്രമാണെന്നും ബാക്കി 94 ശതമാനവും വിദേശത്തും സ്വര്‍ണത്തിലും ഭൂമിയിലുമായി നിക്ഷേപിച്ചിരിക്കുകയുമാണെന്നും വ്യക്തമായിട്ടുപോലും സര്‍ക്കാര്‍ കടുംപിടുത്തം തുടര്‍ന്നു. ഇതിനു കാരണമായി പറയുന്നത് എട്ടുലക്ഷം കോടി രൂപ സര്‍ക്കാര്‍ ഖജനാവില്‍നിന്നു വായ്പയെടുത്ത കോടീശ്വരന്മാരെ സഹായിക്കാനായിരുന്നുവെന്നാണ്. രാഹുല്‍ഗാന്ധിയുടെ ഈ ആരോപണത്തിനു പ്രധാനമന്ത്രി ഇതുവരെ മറുപടി പറഞ്ഞിട്ടില്ല.
കള്ളപ്പണമുള്ളവര്‍ അമ്പതുശതമാനം നികുതിയടച്ചാല്‍ ബാക്കി അമ്പതുശതമാനം വെളുപ്പിക്കാമെന്ന സര്‍ക്കാര്‍ ഓഫര്‍ കള്ളപ്പണക്കാര്‍ രണ്ടു കൈയും നീട്ടി സ്വീകരിച്ചു. അങ്ങനെ, കള്ളപ്പണക്കാര്‍ക്ക് അതു വെളുപ്പിക്കാനുള്ള സൗകര്യം സര്‍ക്കാര്‍ ചെയ്തുകൊടുത്തു. ആയിരം ഗംഗയില്‍ ഒഴുക്കുന്നതിനേക്കാള്‍ നല്ലത് അഞ്ഞൂറ് സര്‍ക്കാറിനു കൊടുത്തു ബാക്കി അഞ്ഞൂറ് കൈയില്‍വയ്ക്കുന്നതാണല്ലോ. ഇതിന്റെ ഫലമായിട്ടാണ് അസാധുനോട്ടുകളില്‍ 97 ശതമാനവും ബാങ്കുകളില്‍ തിരിച്ചെത്തിയത്. ആര്‍.ബി.ഐ അധികൃതര്‍ ഈ വസ്തുത നിഷേധിക്കുന്നുണ്ടെങ്കിലും ഗംഗയില്‍ നോട്ടുകെട്ടുകളൊന്നും ഒഴുകാത്ത സ്ഥിതിക്ക് ഇതു സത്യമാണെന്നു ബോധ്യമാകുന്നു. അതുകൊണ്ടുതന്നെ രാഷ്ട്രപതി പ്രകടിപ്പിച്ച ആശങ്ക അസ്ഥാനത്താകുന്നുമില്ല.  


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.